ബഫര്‍ സോണ്‍; സര്‍ക്കാരുകള്‍ നിസംഗത വെടിയണം: മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍

കോതമംഗലം: ബഫര്‍സോണ്‍ സംബന്ധിച്ചസുപ്രീം കോടതി വിധിയുടെ ഫലമായുണ്ടായിരിക്കുന്ന ആശങ്കകള്‍ അകറ്റാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്ന് കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍.

പ്രശ്‌നപരിഹാരത്തിന് സര്‍ക്കാരുകളുടെ ഇ്ച്ഛാശക്തിയോടെയുള്ള നിലപാടും സമയബന്ധിതമായ തുടര്‍നടപടികളും അത്യാവശ്യമാണ്.സംസ്ഥാന മന്ത്രിസഭ യോഗം അടിയന്തിരമായിചേര്‍ന്ന് ജനവാസമേഖലകള്‍ ഉള്‍പ്പടെ ഒരു കിലോമീറ്റര്‍ ബഫര്‍സോണായിനിശ്ചയിക്കാന്‍ തീരുമാനിച്ച 2019 ഒക്ടോബര്‍ 23 ലെ മന്ത്രിസഭായോഗ തീരുമാനം പിന്‍വലിക്കണം. മലയോര ജനതയെയും കര്‍ഷകരെയും ഗുരുതരമായി ബാധിക്കുന്ന ഈ സാമൂഹ്യപ്രശ്‌നത്തെ കേന്ദ്രസംസ്ഥാനസര്‍ക്കാരുകള്‍ കണ്ടില്ലെന്ന് നടിക്കുകയോ അവഗണിക്കുകയോ ചെയ്യരുത്.

അശാസ്ത്രീയവും യാഥാര്‍ത്ഥ്യബോധമില്ലാത്തതുമായ ഈതീരുമാനത്തെ മറികടക്കാനും ജനാധിപത്യപരവും നിയമപരവുമായ മാര്‍ഗ്ഗങ്ങള്‍ കണ്ടുപിടിക്കാനുംപ്രാബല്യത്തില്‍കൊണ്ടുവരാനും ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള ഭരണസംവിധാനങ്ങള്‍ മുന്‍കൈഎടുക്കണം. കൃത്രിമമായ ആശ്വാസവാക്കുകളോ പൊള്ളയായ വാഗ്ദാനങ്ങളോ അല്ല ഈ വിഷയത്തില്‍ ഉണ്ടാവേണ്ടത്.

സ്വന്തം നാട്ടില്‍ സമാധാനത്തോടെയും ആത്മവിശ്വാസത്തോടെയും തുടര്‍ന്നു ജീവിക്കാനുള്ള കര്‍ഷകരുടെ അടിസ്ഥാനപരമായ മനുഷ്യാവകാശത്തെ മാനിക്കുവാനും സംരക്ഷിക്കുവാനും ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാരിനും കടമയും ബാധ്യതയും ഉണ്ടെന്ന കാര്യംമറന്നുപോകരുത്.ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ഓര്‍മ്മിപ്പിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.