സന്യാസ ജീവിതത്തിനായി പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ രാജിവയ്ക്കുന്നു?

പാലാ: ബിഷപ് പദവിയില്‍ നിന്ന് വിരമിക്കാനുള്ള അനുവാദം ലഭിക്കുന്നതിനായി മാര്‍ ജേക്കബ് മുരിക്കന്‍ വത്തിക്കാനിലേക്ക് അപേക്ഷ അയച്ചു. താപസ ജീവിതം നയിക്കുന്നതിന് വേണ്ടിയാണ് ഇത്. എന്നാല്‍ വത്തിക്കാന്‍ ഇതു സംബന്ധിച്ച് തീരുമാനം അറിയിച്ചിട്ടില്ല.

2016 ല്‍ കിഡ്‌നി ദാനത്തിലൂടെയാണ് മാര്‍ ജേക്കബ് മുരിക്കന്‍ ചരിത്രംരചിച്ചത്. ആദ്യമായിട്ടായിരുന്നു ഒരു മെത്രാന്‍ തന്റെ അവയവം ദാനം ചെയ്യുന്നത്.

2017 മുതല്‍ സന്യാസജീവിതം മാര്‍ മുരിക്കന്റെ ആഗ്രഹമായിരുന്നുവെന്നും 2018 ല്‍ ഇക്കാര്യം കര്‍ദിനാള്‍ മാര്‍ ജോര്ജ് ആലഞ്ചേരിയെ അറിയിച്ചിരുന്നുവെന്നുമാണ് വാര്‍ത്ത. 2017 ല്‍ തന്നെ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെയും വിവരം അറിയിച്ചിരുന്നു. ദൈവത്തില്‍ നിന്ന് പ്രചോദനം സ്വീകരിച്ച് ഏകാന്തതാപസജീവിതമാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് മാര്‍ മുരിക്കന്‍ പറയുന്നത്.

താപസജീവിതം ഔദ്യോഗികമായി തിരഞ്ഞെടുത്തിട്ടില്ലെങ്കിലും അദ്ദേഹം ഇപ്പോള്‍ നയിച്ചുകൊണ്ടിരിക്കുന്നത് സന്യാസതുല്യമായ ജീവിതം തന്നെയാണ്. വളരെ കുറച്ച് ഭക്ഷണം കഴിച്ചും ലൗകികസൗകര്യങ്ങള്‍ പരമാവധി കുറച്ചുമാണ് അദ്ദേഹം ജീവിക്കുന്നത്.

1963 ജൂണ്‍ 16 ന് മുട്ടുചിറയിലായിരുന്നു ജനനം.1993 ഡിസംബര്‍ 27 ന് വൈദികനായ അദ്ദേഹം 2012 ഓഗസ്റ്റ് 24 നാണ് പാലാ രൂപതയുടെ സഹായമെത്രാനായി ചുമതലയേറ്റത്.

മാര്‍ ജേക്കബ് മുരിക്കന്റെ താപസജീവിതത്തിന് സഭാധികാരികളില്‍ നിന്ന് അനുവാദം ലഭിച്ചാല്‍ ഇന്ത്യയിലെ സഭയ്ക്ക് അത് പുതിയ കാര്യമായിരിക്കും. ഇന്നേവരെ അധികാരത്തിലുള്ള ഒരു മെത്രാനും സന്യാസജീവിതം തിരഞ്ഞെടുത്തിട്ടില്ല.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.