സുപ്രീംകോടതിയോട് നന്ദി,സ്‌നേഹം, വിധി സ്വാഗതാര്‍ഹം: ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി

ന്യൂനപക്ഷങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് 80:20 ശതമാനത്തില്‍ വിതരണം ചെയ്യുന്നത് ഭരണഘടനയ്ക്കും ജനാധിപത്യനടപടിക്രമങ്ങള്‍ക്കും വിരുദ്ധമാണെന്നും വിധിച്ചുകൊണ്ട് കേരളഹൈക്കോടതി നല്കിയ വിധിന്യായത്തെ എതിര്ത്തുകൊണ്ട് കേരളസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജി സ്‌റ്റേ അനുവദിക്കാതെ സുപ്രീം കോടതി പ്രതികരിച്ചത് ഏറ്റവും സ്വാഗതാര്‍ഹമാണെന്ന് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി.

കാരണം കേരള ഹൈക്കോടതിയുടെ വിധി ഭരണഘടന ഉറപ്പുനല്കുന്ന പൗരസമത്വത്തിന്റെ അടിസ്ഥാനത്തിലുള്ള വിധിയായിരുന്നു. ഈ വിധിയെ സര്‍ക്കാര്‍ ചോദ്യം ചെയ്തത് അങ്ങേയറ്റം ദു:ഖകരമായ വസ്തുതയാണ്. സുപ്രീം കോടതി കേരളഹൈക്കോടതിയുടെ വിധി സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ചതിലൂടെ വലിയൊരു സന്ദേശമാണ് നല്കിയിരിക്കുന്നത്. ന്യൂനപക്ഷ അവകാശങ്ങളും സംവരാണാവകാശങ്ങളും വ്യത്യസ്തമാണെന്നും ന്യൂനപക്ഷമാണ് എന്നതിന്റെപേരില്‍ ലഭിക്കുന്ന അവകാശങ്ങള്‍ക്ക് എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും ജനസംഖ്യാനുപാതികമായ അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചിരിക്കുകയാണ്.

ഈ നിരീക്ഷണത്തെ താമസംവിനാ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാനും നടപ്പിലാക്കാനും സര്‍ക്കാര്‍ സന്നദ്ധമാകണമെന്നാണ് ഞങ്ങള്‍ക്ക് ആവശ്യപ്പെടാനുളളത്. ഒരുപക്ഷേ ഈ ഹൈക്കോടതി വിധിയെ പൊതുസമൂഹത്തിന് മുമ്പില്‍അവതരിപ്പിക്കുമ്പോള്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും തെറ്റിദ്ധാരണകള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ കൂടി സുപ്രീംകോടതിയുടെ നിരീക്ഷണം സഹായകമാകുമെന്ന് പ്രത്യാശിക്കുന്നു. ന്യൂനപക്ഷങ്ങള്‍ സഹോദര ഭാവനേ വളരുന്ന കേരളസമൂഹത്തില്‍ ന്യൂനപക്ഷാനുകൂല്യങ്ങളുടെ വിതരണത്തില്‍ അസമത്വങ്ങള്‍ അവസാനിപ്പിക്കണമെന്ന് പറയുന്നത് തികച്ചും സാമൂഹ്യനീതിയുടെ ഭാഗമായി മാത്രം മനസ്സിലാക്കുകയും അതിനെ യാതൊരുവിധത്തിലുള്ള ജാതിചിന്തയ്‌ക്കോ വര്‍ഗ്ഗീയ പരിപോഷണത്തിനോ ആരും ഉപയോഗിക്കരുത് എന്നും അദ്ദേഹം സ്‌നേഹപൂര്‍വ്വം ഓര്‍മ്മിപ്പിക്കുന്നു. സുപ്രീം കോടതിയോടുള്ള നന്ദിയും സ്‌നേഹവും അദ്ദേഹം അറിയിക്കുകയും ചെയ്തു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.