ഇത് ദൈവം നല്കിയ അനുഗ്രഹങ്ങളെ ഓര്‍മ്മിക്കാനുള്ള അവസരം: ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍

പ്രസ്റ്റണ്‍: മംഗളവാര്‍ത്തക്കാലം ദൈവം നല്കിയ അനുഗ്രഹങ്ങളെ ഓര്‍മ്മിക്കാനുള്ള അവസരമാണെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍.
ദൈവം ഓര്‍ത്തു എന്നതാണ് സക്കറിയായുടെ അര്‍ത്ഥം. സക്കറിയാ എന്ന് കേള്‍ക്കുമ്പോള്‍ നാം ദൈവത്തെ ഓര്‍ക്കണം. ദൈവം നമ്മുക്ക്് നല്കിയ അനുഗ്രഹങ്ങളെ ഓര്‍ക്കണം.

ഗബ്രിയേല്‍ എന്ന വാക്കിന്റെ അര്‍ത്ഥം ദൈവത്തിന്റെ ശക്തി എന്നാണ്. ദൈവത്തിന്റെ ജ്ഞാനം, ശക്തി എന്നൊക്കെയാണ് ആ വാക്കിന്റെ അര്‍ത്ഥം.
ദൈവത്തിന്റെ സാന്നിധ്യത്തില്‍ മനുഷ്യന് ഭയം ഉണ്ടാകുന്നു. അതോടൊപ്പം അസ്വസ്ഥതയും. ദൈവം പ്രത്യക്ഷപ്പെടുമ്പോഴെല്ലാം മനുഷ്യര്‍ അസ്വസ്ഥപ്പെടുന്നതായി നാം വിശുദ്ധ ഗ്രന്ഥത്തില്‍ കാണുന്നുണ്ട്.

ദൈവം പ്രവര്‍ത്തിച്ച അത്ഭുതങ്ങളെക്കുറിച്ച് നാം മറന്നുപോകരുത്. സക്കറിയ ദൈവം ചെയ്ത കാര്യങ്ങളെക്കുറിച്ച് ഓര്‍മ്മിക്കുന്നില്ല. ചെങ്കടല്‍ വിഭജിക്കപ്പെട്ടതും ജെറീക്കോ മതില്‍ തകര്‍ന്നുവീണതും വാഗ്ദത്ത ഭൂമിയിലേക്ക് പ്രവേശിച്ചതൊന്നും ഇസ്രായേലിന്റെ കൈക്കരുത്തായിരുന്നില്ല ദൈവത്തിന്റെ പ്രവൃത്തിയായിരുന്നു. നമ്മുടെയിടയില്‍ നിറവേറിയ കാര്യങ്ങള്‍, ദൈവം ചെയ്ത കാര്യങ്ങള്‍ രേഖപ്പെടുത്താന്‍ ഒരു ഗ്രന്ഥവും മതിയാവുകയില്ല.

അവിശ്വാസിയായതുകൊണ്ട് സക്കറിയായ്ക്ക് സംസാരിക്കാന്‍ പറ്റാതെ വരുന്നു. പരിശുദ്ധ അമ്മയ്ക്ക് കുരിശിന്‍ ചുവട്ടില്‍ കീഴില്‍ നില്ക്കാന്‍ കഴിഞ്ഞത് അവള്‍ക്ക് ഓര്‍മ്മയുണ്ടായിരുന്നതുകൊണ്ടായിരുന്നു എന്നാണ് ദൈവശാസ്ത്രജ്ഞര്‍ പറയുന്നത്.

തന്റെ ജീവിതത്തില്‍ ദൈവം ചെയ്ത വന്‍കാര്യങ്ങളെക്കുറിച്ച് മറിയത്തിന് ഓര്‍മ്മയുണ്ടായിരുന്നു.പക്ഷേ ദൈവം ചെയ്ത കാര്യങ്ങളെക്കുറിച്ച് സക്കറിയായ്ക്ക് ഓര്‍മ്മയുണ്ടായിരുന്നില്ല.
ധൂപം എന്നത് ദൈവത്തെ പ്രസാദിപ്പിക്കാനുള്ള മാര്‍ഗ്ഗമാണ് ദൈവം ആഗ്രഹിക്കുന്ന രീതിയില്‍ ചെയ്തുകൊടുക്കാന്‍ പുരോഹിതര്‍ക്ക് കഴിയണം. പുരോഹിതന്‍ തന്റെ നാവ് ഈശോയ്ക്ക് സ്വയം സമര്‍പ്പിച്ചുകൊടുക്കുകയാണ്. ഒരു പുരോഹിതന്‍ മാത്രമേയുള്ളൂ. നസ്രായനായ ഈശോ. അവിശ്വാസിയാകാതെ, വിശ്വാസിയായി ജീവിക്കാനുള്ള കടമ നമുക്കോരോരുത്തര്‍ക്കുമുണ്ട്.

ദൈവം കടാക്ഷിക്കുമ്പോഴാണ് മനുഷ്യന്റെ അപമാനം നീക്കിക്കളയുന്നത്. യോഹന്നാന്‍ എന്ന് കേള്‍ക്കുമ്പോള്‍ ദൈവത്തിന്റെ കരുണയാണ് നാം ഓര്‍മ്മിക്കുന്നത്. ദൈവം കരുണ കാണിക്കുന്നവനാണ്. ദൈവം നമ്മുടെ പാപങ്ങളുടെ പേരില്‍ രക്ഷിക്കുന്നവനാണ്, ശിക്ഷിക്കുന്നവനല്ല. എല്ലാവരുടെയും പാപം അവിടുന്ന് ക്ഷമിക്കുന്നു. മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.