അള്‍ത്താരയില്‍ ബലിയര്‍പ്പിച്ചില്ല, പക്ഷേ ജീവിതബലി പൂര്‍ത്തിയാക്കി ബ്ര. ജോസ് യാത്രയായി


കോതമംഗലം: ബ്രെയ്ന്‍ ട്യൂമര്‍ ബാധിതനായി ചികിത്സയില്‍ കഴിഞ്ഞിരുന്ന ബ്ര. ജോസ് കാവുംപുറം നിര്യാതനായി. കോതമംഗലം രൂപതയ്ക്കുവേണ്ടിയുള്ള വൈദികാര്‍ത്ഥിയായിരുന്നു. രാജഗിരി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ഇന്ന് വെളുപ്പിനാണ് ജോസിന്റെ നില ഗുരുതരമായത്. ഈ വര്‍ഷം നവാഭിഷിക്തനാകുള്ള തയ്യാറെടുപ്പിലായിരുന്നു ബ്ര. ജോസ്.

ചെറുപ്പകാലം മുതല്‍ക്കേ ജോസ് ഒന്നേ ആഗ്രഹിച്ചിരുന്നുള്ളൂ. വൈദികനാകുക. ആ ആഗ്രഹത്തോടെയാണ് സെമിനാരിയില്‍ ചേര്‍ന്നതും. അള്‍ത്താരയില്‍ ബലിയര്‍പ്പിച്ചില്ലെങ്കിലും തന്റെ ജീവിതബലി പൂര്‍ത്തിയാക്കി ബ്ര.ജോസ് മടങ്ങിയിരിക്കുന്നു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയായില്‍ ബ്ര. ജോസിന്റെ രോഗാവസ്ഥയും അദ്ദേഹത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനാപേക്ഷകളും പ്രചരിച്ചിരുന്നു. അനേകര്‍ ഈ ബ്രദറിന് വേണ്ടിയുള്ള ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയിലുമായിരുന്നു.

അദ്ദേഹത്തിന്റെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചിരുന്നവര്‍ക്കെല്ലാം നടുക്കവും വേദനയും ഉളവാക്കിക്കൊണ്ടാണ് ബ്ര. ജോസ് നിത്യതയിലേക്ക് മടങ്ങിയിരിക്കുന്നത്.

ബ്ര. ജോസിനെ സന്ദര്‍ശിച്ച ദേവി മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചവരികള്‍ ഇങ്ങനെയാണ്.

ഇന്നലെ കണ്ടതേയുളളൂ ഈ മോനേ.. ഈവര്‍ഷം തിരുപ്പട്ടം സ്വീകരിക്കേണ്ടതായിരുന്നു. തമ്പുരാന്റെ ഹിതം നമുക്കറിയില്ലല്ലോ. തീരെ അവശതയില്‍ ആയിരുന്നുവെങ്കിലും ആ മുഖത്തെ ചൈതന്യം അത്ഭുതപ്പെടുത്തും വിധം ആിരുന്നു. ഈശോയുടെ ആ ആത്മാവ് ഈശോയോടൊപ്പമായി.

അതെ നമുക്കും ബ്ര. ജോസിന്റെ ആത്മാവിന്‍റെ നിത്യശാന്തിക്കു വേണ്ടി പ്രാര്‍ത്ഥിക്കാം. ബ്ര. ജോസ് കാവുംപുറത്തിന് മരിയന്‍ പത്രത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.