Tuesday, July 1, 2025
spot_img
More

    നിങ്ങളുടേത് കത്തോലിക്കാ കുടുംബമാണോ?

    കാര്യമൊക്കെ ശരിയാണ് നാം പറയും നാം കത്തോലിക്കരാണ്. നമ്മുടെ കുടുംബങ്ങള്‍ കത്തോലിക്കാ കുടുംബങ്ങളാണ് എന്നെല്ലാം.

    പക്ഷേ ആഴത്തില്‍ ചിന്തിച്ചുനോക്കുകയും വ്‌സ്തുനിഷ്ഠമായി വിലയിരുത്തുകയും ചെയ്യുമ്പോള്‍ അത്രയ്ക്കങ്ങട്ട് എല്ലാകാര്യങ്ങളിലും നമ്മുടെ ഭൂരിപക്ഷം കുടുംബങ്ങളും കത്തോലിക്കാ കുടുംബങ്ങളാണെന്ന് പറയാന്‍ കഴിയില്ല.
    എന്തെല്ലാമാണ് കത്തോലിക്കാ കുടുംബങ്ങളുടെ മുഖമുദ്രകളെന്ന് നമുക്ക് നോക്കാം.

    ഒരുമിച്ചുള്ള പ്രാര്‍ത്ഥന

    എല്ലാ ദിവസവും കുടുംബാംഗങ്ങള്‍ ഒരുമിച്ചുള്ള പ്രാര്‍ത്ഥന കത്തോലിക്കാ കുടുംബങ്ങളുടെ മുഖമുദ്രകളിലൊന്നാണ്. സന്ധ്യാപ്രാര്‍ത്ഥനയാണ് ഇക്കാര്യത്തിലേക്ക് ഉദാഹരിക്കാവുന്നത്. എന്നാല്‍ പല കുടുംബങ്ങളിലും സാഹചര്യത്തിന്റെ പ്രത്യേകത അനുസരിച്ച് സന്ധ്യാപ്രാര്‍ത്ഥനയില്‍ എല്ലാവരും ഒത്തുകൂടാറില്ല.കുടുംബനാഥന്റെയോ മക്കളുടെയോ കുറവ് പലപ്പോഴും പല കുടുംബങ്ങളിലെയും സന്ധ്യാപ്രാര്‍ത്ഥനകളില്‍ വലിയ കുറവ് തന്നെയാണ്.

    ഞായറാഴ്ചകളിലെ കുര്‍ബാനകളിലുള്ള പങ്കാളിത്തം

    എല്ലാ ഞായറാഴ്ചയും കടമുള്ള ദിവസങ്ങളിലുമുള്ള വിശുദ്ധ കുര്‍ബാനയിലുള്ള സജീവമായ പങ്കാളിത്തമാണ് മറ്റൊന്ന്. കുടുംബാംഗങ്ങള്‍ എല്ലാവരും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കണം. ഒരുമിച്ച് പോകാന്‍ കഴിയുന്നുണ്ടെങ്കില്‍ അത്രയും നല്ലത്. എന്നാല്‍ ചില കുടുംബങ്ങളിലെങ്കിലും ഞായറാഴ്ച കുര്‍ബാനകളിലുള്ള പങ്കാളിത്തം വളരെ കുറവാണ്. നമുക്ക് വളരെ എളുപ്പത്തില്‍ ഒഴിവാക്കാന്‍ പറ്റുന്ന കാര്യമാണ് വിശുദ്ധ കുര്‍ബാനകള്‍. ഇങ്ങനെയൊരു മനോഭാവം പലര്‍ക്കുമുണ്ട്. ഇത് ശരിയായ സമീപനമല്ല.

    കാരുണ്യപ്രവര്‍ത്തനങ്ങളിലുള്ള സഹകരണം

    മറ്റുള്ളവരെ സാമ്പത്തികമായോ അല്ലാതെയോ സഹായിക്കാന്‍ കഴിയുന്നവയായിരിക്കണം കത്തോലിക്കാ കുടുംബങ്ങള്‍. കുടുംബാംഗങ്ങള്‍ക്കെല്ലാം ഇത്തരത്തിലുള്ള സഹായമനസ്ഥിതി ഉണ്ടായിരിക്കണം. അഗതികളോടും ദരിദ്രരോടുമുള്ള സഹാനുഭൂതിയും അനുകമ്പയും കത്തോലിക്കാ കുടുംബങ്ങളെ സവിശേഷമായി അടയാളപ്പെടുത്തുന്നവയാണ്.

    വിശുദ്ധ രൂപങ്ങള്‍

    കത്തോലിക്കാവിശ്വാസത്തിന്റെ ദൃശ്യമായ പ്രകടനങ്ങളായി വിശുദ്ധരുടെ രൂപങ്ങള്‍,ചിത്രങ്ങള്‍ എന്നിവയെല്ലാം ഒരു കത്തോലിക്കാ കുടുംബത്തിലുണ്ടായിരിക്കണം. വളര്‍ന്നുവരുന്ന തലമുറയെ ഭക്തിയില്‍ വളര്‍ത്താന്‍ സഹായിക്കുന്നവയാണ് ഇവയെല്ലാം.

    മുടക്കം വരാത്ത കുമ്പസാരം

    വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം കുമ്പസാരിക്കുന്നവരല്ല യഥാര്‍ത്ഥ കത്തോലിക്കാകുടുംബാംഗങ്ങള്‍. ഇടവിട്ടുള്ള കുദാശസ്വീകരണത്തിലൂടെ അനുദിനജീവിതത്തില്‍ വിശ്വാസജീവിതത്തില്‍ വളരുകയും മറ്റുള്ളവരെ വളര്‍ത്തുകയും ചെയ്യുന്നവരാണ് ഇവര്‍.

    കത്തോലിക്കാ മാധ്യമങ്ങളുടെ ഉപയോക്താക്കള്‍

    ദൈവത്തെ സ്‌നേഹിക്കാനും സഭയെ അറിയാനും സഹായിക്കുന്ന വിധത്തിലുള്ള കത്തോലിക്കാ മാധ്യമങ്ങളുടെ പ്രചാരകരോ ഉപയോക്താക്കളോ ആയിരിക്കണം കത്തോലിക്കാ കുടുംബങ്ങള്‍. ചാനല്‍, പത്രപ്രസിദ്ധീകരണങ്ങള്‍, ഓണ്‍ലൈന്‍ ഇങ്ങനെ എത്രയോ വ്യത്യസ്തമായ രീതിയിലുള്ള മാര്‍ഗ്ഗങ്ങളുണ്ട് നമുക്കായി.. എന്നാല്‍ ഇതൊന്നും പ്രയോജനപ്പെടുത്താതെയും ഉപയോഗിക്കാതെയും മാമ്മോദീസ മുങ്ങി എന്നതിന്റ പേരില്‍ മാത്രമായി നമുക്ക് കത്തോലിക്കരാണെന്ന് അവകാശപ്പെടാനാവില്ല.

    വിശുദ്ധരുടെ തിരുനാളുകള്‍ ആഘോഷിക്കുക

    പേരിന് കാരണഭൂതരായ വിശുദ്ധരുടെയോ ഇടവകമധ്യസ്്ഥന്റെയോ ഒക്കെ തിരുനാളുകള്‍ കുടുംബത്തോടെ ആഘോഷിക്കുന്നതും കത്തോലിക്കാ കുടുംബത്തിന്റെ പ്രത്യേകതയാണ്.
    ഈ പറഞ്ഞ കാര്യങ്ങളില്‍ എത്രയെണ്ണം സ്വന്തം കുടുംബത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്? ഇനി പറയൂ നിങ്ങളുടെ കുടുംബം കത്തോലിക്കാ കുടുംബമാണോ?

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!