പ്രസ്റ്റണ്‍: ദേവാലയത്തെക്കാള്‍ വലുത് ബലി വസ്തുവാണെന്നും ആ ബലി വസ്തു ക്രിസ്തുവാണെന്നും ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍.
ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നാണ് ക്രിസ്തുപറയുന്നത്. ദേവാലയത്തെക്കാള്‍ വലിയവന്‍ ദൈവമാണ്. ജെറുസലം ദേവാലയം സോളമനാണ്പണികഴിപ്പിച്ചത്. രണ്ടാമത്തെ ദേവായം പണി കഴിപ്പിച്ചത് ഹേറോദോസ് രാജാവാണ്. മനുഷ്യകരങ്ങളാല്‍ പണിയപ്പെട്ടവയാണ് ഈ ദേവാലയങ്ങള്‍. മോശയുടെ കാലത്തെ സമാഗമകൂടാരത്തെക്കുറിച്ചും നാം വായിച്ചുകേള്‍ക്കുന്നുണ്ട്.
എന്നാല്‍ ദൈവാലയത്തെക്കാള്‍ വലുതാണ് ദൈവമെന്നാണ് ക്രിസ്തു വ്യക്തമാക്കുന്നത്. യഥാര്‍ത്ഥ ആരാധന ആത്മാവിലും സത്യത്തിലുമുള്ള ആരാധനയാണ്. ദേവാലയത്തില്‍ സഞ്ചരിച്ച പാദങ്ങള്‍ പ്രകാശത്തില്‍ സഞ്ചരിക്കട്ടെയെന്നാണ് വിശുദ്ധ കുര്‍ബാനയില്‍ നാം പ്രാര്‍ത്ഥിക്കുന്നത്.
വിശുദ്ധ കുര്‍ബാനയില്‍ നടക്കുന്നത് സത്യത്തിലും ആത്മാവിലുമുള്ള ആരാധനയാണ്. നസ്രായനായ ഈശോ തന്നെയാണ് യഥാര്‍ത്ഥ ആരാധന ഇവിടെ നടത്തുന്നത്.നിന്നോട് സംസാരിക്കുന്ന ഞാന്‍ തന്നെയാണ് അത് എന്നാണ് സമറിയാക്കാരിയോട് ക്രിസ്തു പറയുന്നത്. അവിടുത്തെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങിക്കളഞ്ഞിരിക്കുന്നുവെന്ന് സങ്കീര്‍ത്തനത്തില്‍ എഴുതിയിരിക്കുന്നു. ദേവാലയത്തെക്കാള്‍ വലുതായ ദൈവമുണ്ട് എന്നതാണ് ദേവാലയത്തിലെത്താന്‍ നമുക്ക് പ്രേരണ നല്കുന്നത്.
തിരുസഭ ഉണ്ടാകാന്‍ വേണ്ടിയാണ് ഈ തീക്ഷ്ണത. മണവാട്ടിയുണ്ടാകാന്‍ വേണ്ടിയാണ്. ഈ തീക്ഷ്ണത ഈശോയെ വിഴുങ്ങുന്നു. ഈ തീക്ഷ്ണത ഉള്ളതുകൊണ്ടാണ് മരിക്കാനും സഹിക്കാനും ക്രിസ്തു ഭയക്കാതിരുന്നത്.
പൗലോസ് ശ്ലീഹായ്ക്ക് സഹനം ഏറ്റെടുക്കാന്‍ കഴിഞ്ഞത് സഭയോടുള്ള തീക്ഷ്ണതയും സ്‌നേഹവും കാരണമാണ്. മണവാളനായ കര്‍ത്താവിന്റെ. മണവാട്ടിയായ സഭയോടുള്ള തീക്ഷ്ണത നമുക്ക് എത്രത്തോളമുണ്ടെന്ന് നാം ആത്മശോധന നടത്തണം. ഈ തീക്ഷ്ണത നമുക്കില്ലെങ്കില്‍ കര്‍ത്താവിനോട് നമുക്ക് മാപ്പ് ചോദിക്കാം. തീക്ഷ്ണത നമ്മെ വിഴുങ്ങാത്തതുകൊണ്ടാണ് നമുക്ക് സഹി്ക്കാന്‍ കഴിയാതെ വരുന്നത്. വിശുദ്ധ ബലി അര്‍പ്പിക്കാന്‍ നമുക്ക് കഴിയാത്തത്.
ഈശോയുടെ അതേ മനോഭാവത്തോടെ എല്ലാ സഹനങ്ങളെയും സ്വീകരിക്കാന്‍ കഴിയാത്തതും ഈ തീക്ഷ്ണത ഇല്ലാത്തതുകൊണ്ടാണ്. ഈ തീക്ഷ്ണതയുണ്ടാകാന്‍ സഭയുടെ അമ്മയായ പരിശുദ്ധ മറിയത്തോട് നമുക്ക് മാധ്യസ്ഥം യാചിക്കാം.