എവിടെയും ചിതറിത്തെറിച്ച ശരീരങ്ങള്‍, കൊളംബോയിലെ ഈസ്റ്റര്‍ ഞായറിന്റെ ഭീകരമുഖം വൈദികര്‍ പങ്കുവയ്ക്കുന്നു…


കൊളംബോ: അന്ന് ഈസ്റ്റര്‍ ഞായറാഴ്ചയായിരുന്നു. വിശുദ്ധ കുര്‍ബാനയുടെ അവസാന ആശീര്‍വാദം കൊടുക്കും നേരമാണ് ഫാ. ഇരങ്ങാ ഡിസില്‍വ ആ കാഴ്ച കണ്ടത് പോലീസുകാര്‍ പള്ളിയുടെ പ്രവേശനകവാടത്തില്‍ നില്ക്കുന്നു. പതിവില്ലാത്ത കാഴ്ച.

ഔര്‍ ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തിലായിരുന്നു അച്ചന്റെ ബലിയര്‍പ്പണം. സമയം രാവിലെ എട്ടുമണിയും. അപ്പോഴാണ് അതേ ദേവാലയത്തിലെ ഒരു വൈദികന്‍ ഫാ. ഡിസില്‍വയുടെ ചെവിയില്‍ മന്ത്രിച്ചത് ഒരു സങ്കടവര്‍ത്തമാനമുണ്ട്. കൊളംബോയിലെ വിവിധ ദേവാലയങ്ങളിലും ഹോട്ടലിലും നടന്ന ബോംബ്‌സ്‌ഫോടനത്തെക്കുറിച്ചാണ് പിന്നീട് അദ്ദേഹം പറഞ്ഞത്.

വിശ്വാസികളോടും ഇക്കാര്യം അദ്ദേഹം പറഞ്ഞു. അതോടെ അവര്‍ക്കിടയില്‍ പരിഭ്രാന്തി കലര്‍ന്നു. പള്ളി സുര്കഷിതമല്ലെന്ന് അവര്‍ മനസ്സിലാക്കി. ഇവിടെ നിന്ന് എങ്ങനെ രക്ഷപ്പെടും, എങ്ങനെ വീട്ടിലെത്തും.

അപ്പോഴേക്കും പോലീസ് ഗെയ്റ്റ് അടച്ചുപൂട്ടിയിരുന്നു. ഉച്ചയായപ്പോഴേക്കും സംഭവങ്ങളുടെ സ്ഥിതിഗതികള്‍ കുറെക്കൂടി വ്യക്തമായി. ഒരു വൈദികന്‍ എന്ന നിലയില്‍ തന്റെ സേവനം ഏറ്റവും അത്യാവശ്യമായ സന്ദര്‍ഭമാണിതെന്ന് അച്ചന് മനസ്സിലായി. അടുത്ത ദിവസം അദ്ദേഹം നെഗോബോയിലേക്ക് യാത്രയായി. തന്റെ സുരക്ഷിതത്വം പരിഗണിക്കാതെ.

കാരണം കൊല്ലപ്പെട്ടതിലേറെയും ക്രൈസ്തവര്‍. അവരെ സംസ്‌കരിക്കണം, ബന്ധുക്കളെ ആശ്വസിപ്പിക്കണം. അവിടെ ഒരുപാട് വൈദികര്‍ കൂടിയിട്ടുണ്ടായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരുടെ ദുഖത്തില്‍ പങ്കുചേരാനും ആശ്വസിപ്പിക്കാനും. അത് വല്ലാത്തൊരു ധൈര്യമായിരുന്നു. അദ്ദേഹം സിഎന്‍എ യോട് പറഞ്ഞു.

ദുരന്തം കണ്ട മറ്റൊരുവൈദികന്‍ ഫാ. പെരേര പറഞ്ഞത് മറ്റൊരു അനുഭവമായിരുന്നു. ഈസ്റ്റര്‍ ദിനത്തില്‍ മാതാപിതാക്കളെ കാണാനായി വീട്ടിലെത്തിയതായിരുന്നു. അപ്പോഴാണ് മറ്റൊരു വൈദികന്‍ ഫോണ്‍ വിളിച്ച് ദുരന്തവാര്‍ത്ത അറിയിച്ചത്.

അവിടെ ചെന്നപ്പോള്‍ കണ്ട കാഴ്ച ഭീകരമായിരുന്നു. ചിതറിത്തെറിച്ച ശരീരഭാഗങ്ങള്‍.. കരയാന്‍ പോലും മറന്നുനില്ക്കുന്ന ആള്‍ക്കൂട്ടം. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഒരുവാക്കും എനിക്കും വന്നില്ല. ഒരു കുടുംബത്തില്‍ അപ്പനും അമ്മയും ഇളയ മകനുമാണ് കൊല്ലപ്പെട്ടത് എന്ന് ഫാ. പെരേര പറഞ്ഞു.

സ്‌ഫോടനത്തില്‍ പള്ളിയില്‍ വച്ച് കൊല്ലപ്പെട്ടവരില്‍ ഒരു മുസ്ലീം പെണ്‍കുട്ടിയും പെടുന്നു. ഫാത്തിമാ അസ്ല. അവള്‍ മാമ്മോദീസാ സ്വീകരിച്ചിട്ടുണ്ടായിരുന്നില്ല. പ്കഷേ ക്രിസ്തീയ വിശ്വാസിയായിരുന്നു. എല്ലാ ഞായറാഴ്ചകളിലും ദിവ്യബലിയില്‍ സംബന്ധിക്കാറുണ്ടായിരുന്നു. അവളാണ് ചിതറിത്തെറിച്ചവരില്‍ ഒരാള്‍. അച്ചന്‍ പറഞ്ഞു.

ദേവാലയത്തെ ഒരു അഭയകേന്ദ്രമായിട്ടാണ് എല്ലാവരും കാണുന്നത്. 2004 ല്‍ സുനാമി ഉണ്ടായപ്പോള്‍ രക്ഷക്കായി എല്ലാവരും ഓടിക്കയറിയത് പള്ളിയിലേക്കായിരുന്നു. പക്ഷേ ഇപ്പോള്‍..

ഫാ. പെരേര പൂര്‍ത്തിയാക്കാതെ അവസാനിപ്പിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.