വിമലഹൃദയ പ്രതിഷ്ഠ നടത്തുമ്പോള്‍ നമ്മുടെ ജീവിതത്തിന് സംഭവിക്കുന്ന മാറ്റങ്ങള്‍… ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ വിശദീകരിക്കുന്നു

ഈശോ ഈ ഭൂമിയിലേക്ക് വരാന്‍ തിരുമനസ്സായപ്പോള്‍, ഈശോയ്ക്ക് കടന്നുവരാനായി ദൈവം ഒരു സ്ത്രീയെ തിരഞ്ഞെടുത്തു. പരിശുദ്ധ മറിയത്തെയാണ് ദൈവം അതിനായി തിരഞ്ഞെടുത്തത്. പരിശുദ്ധ അമ്മയിലൂടെയാണ് ഈശോ ഈ ഭൂമിയിലേക്ക് വന്നത്.

ഈശോ നമ്മോട് പറയുന്നതും അതുതന്നെയാണ്. ഞാന്‍ ഈ ഭൂമിയിലേക്ക് വന്നത് എന്‍റെ അമ്മയിലൂടെയാണ്. അതുകൊണ്ട് നിങ്ങള്‍ എന്റെ അടുക്കല്‍ വരേണ്ടത് എന്റെ അമ്മയിലൂടെയാണ്.

അതെ, ഈശോ മാതാവിലൂടെയാണ് ഈ ഭൂമിയിലേക്ക് വന്നത്. അതുകൊണ്ട് നാം ഈശോയിലേക്ക് എത്തേണ്ടത് അമ്മയിലൂടെയാണ്. വിമലഹൃദയസമര്‍പ്പണം നടത്തുമ്പോള്‍ നമ്മില്‍ ഈശോയുടെ സ്‌നേഹം ശക്തമായി നിറയും.

വിശുദ്ധ ലൂക്കായുടെ സുവിശേഷം രണ്ടാമത്തെ അധ്യായത്തില്‍ മാതാവിന്റെ പ്രത്യേകത പറയുന്നുണ്ട്. അവന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു എന്നതാണ് അത്. അമ്മയുടെ ഹൃദയത്തിന്റെ ഒരു പ്രത്യേകത അവിടെ ദൈവികരഹസ്യങ്ങള്‍ അടങ്ങിയിരിക്കുന്നു എന്നതാണ്.

ദൈവികരഹസ്യങ്ങളെല്ലാം സംഗ്രഹിച്ചുവച്ചിരിക്കുന്ന സ്ഥലമാണ് മാതാവിന്റെ ഹൃദയം. മാതാവിന്റെ വിമലഹൃദയത്തിന് നാം സ്വയം സമര്‍പ്പിച്ചുകഴിയുമ്പോള്‍ ദൈവികരഹസ്യങ്ങള്‍ നമുക്ക് ലഭിക്കും. അതായത് ജ്ഞാനം.

എല്ലാ കടബാധ്യതകളുടെയും പിന്നിലുള്ളത് ജ്ഞാനമില്ലായ്മയാണ്. എല്ലാ കടബാധ്യതകളുടെയും പിന്നില്‍ ഉചിതമായ തീരുമാനം എടുക്കാനുള്ള ജ്ഞാനമില്ലായ്മയുണ്ട്. ബിസിനസ് ചെയ്യുമ്പോള്‍ നഷ്ടം വരുന്നതും ലോണ്‍ എടുത്തു പണിത വീടു വില്ക്കേണ്ടിവരുന്നതിനും പിന്നില്‍ എല്ലാം ജ്ഞാനമില്ലാത്ത തീരുമാനമുണ്ട്.

ദൈവം ആഗ്രഹിക്കുന്നത് എന്താണ് എന്ന് അന്വേഷിക്കാനുള്ള ശ്രമം നമ്മുടെ ഭാഗത്തുനിന്നുണ്ടാവണം. ദൈവം ആഗ്രഹിക്കുന്ന കാര്യം മാത്രമേ നടപ്പിലാക്കാവൂ. കര്‍ത്താവിന്റെ മുമ്പില്‍ പ്രാര്‍ത്ഥിച്ച് ആലോചന ചോദിക്കണം. ദൈവം ഒരുക്കിയ എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കും. ദൈവം ക്രമീകരിക്കുന്ന, അനുവാദം നല്കുന്ന എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കും.

ദൈവം ഇപ്പോള്‍ ഇത് ആഗ്രഹിക്കുന്നുണ്ടോ, ഇപ്പോള്‍ ഈ സ്ഥലം വാങ്ങേണ്ടതുണ്ടോ..ഇവിടെയാണോ ഞാന്‍ വീടു പണിയേണ്ടത്..മകളെ ഇവിടെയാണോ പഠിപ്പിക്കാന്‍ അയ്‌ക്കേണ്ടത്.. ഇതിനെല്ലാം കൗണ്‍സിലേഴ്‌സിന്റെ പുറകെ മറുപടി തേടി പോകാന്‍ പറ്റുമോ.. ധ്യാനകേന്ദ്രങ്ങള്‍ കയറിയിറങ്ങാന്‍ പറ്റുമോ.. ഇല്ല ഇതിന് ദൈവികരഹസ്യം അടങ്ങിയിരിക്കുന്ന ഒരു ഹൃദയത്തിന്റെ ആവശ്യമുണ്ട്. അതാണ് പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയം. ഇവയ്ക്കുള്ള ജ്ഞാനം പറഞ്ഞുതരുന്നത് അമ്മയാണ്, പരിശുദ്ധ അമ്മയാണ്.

അമ്മയുടെ വിമലഹൃദയത്തിന് നാം സ്വയം സമര്‍പ്പിച്ചുകഴിഞ്ഞാല്‍ മുന്നോട്ടുപോകാനുള്ള വഴി മാതാവ് പറഞ്ഞുതരും.നമ്മുക്ക് ജ്ഞാനം കിട്ടും. ജ്ഞാനം പകര്‍ന്നുകിട്ടുന്നത് പിഎച്ച്ഡി ബിരുദത്തിലൂടെയല്ല, അല്ലെങ്കില്‍ പിഎച്ച് ഡി ഉള്ളവര്‍ക്ക് ഈ ജ്ഞാനം കിട്ടണമെന്നില്ല. ജ്ഞാനം നല്കുന്നത് പരിശുദ്ധാത്മാവാണ്.

വിമലഹൃദയപ്രതി്ഷ്ഠ നടത്തിക്കഴിയുമ്പോള്‍ നമുക്ക് ദൈവത്തോടുള്ള സ്‌നേഹം വര്‍ദ്ധിക്കും. ദൈവവചനത്തിന്റെ ആഴവും പരപ്പും മനസ്സിലായികിട്ടും. എന്തിന് പ്രായോഗികമായ ജ്ഞാനം പകര്‍ന്നുനല്കും. നാം എന്താണ് ചെയ്യേണ്ടതെന്നും ഓരോ അവസരത്തിലും എന്തു തീരുമാനമാണ് കൈക്കൊള്ളേണ്ടതെന്നും മാതാവ് പറഞ്ഞുതരും. ഇങ്ങനെയൊരു ദൈവികമായ ജ്ഞാനം കിട്ടാന്‍ കൂടിയാണ് മാതാവിന്റെ വിമലഹൃദയത്തിന നാം സ്വയം സമര്‍പ്പിക്കുന്നതും വിമലഹൃദയപ്രതിഷ്ഠ നടത്തുന്നതും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.