കുര്‍ബാന വിഷയത്തില്‍ ജസ്റ്റീസ്‌കുര്യന്‍ ജോസഫിന് വൈദികന്‍ നല്കിയ മറുപടി

കുര്‍ബാന വിഷയത്തില്‍ ജസ്റ്റീസ് കുര്യന്‍ ജോസഫിന്റെ പ്രതികരണം വൈറലായതിന് പിന്നാലെ അദ്ദേഹത്തിന് മറുപടി നല്കിക്കൊണ്ട് രംഗത്തെത്തിയ ഫാ.സെബാസ്റ്റ്യന്‍ മുതുപ്ലാക്കലിന്റെ കുറിപ്പും വൈറലായിരിക്കുകയാണ്. പ്രസ്തുതു കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

സുപ്രീംകോടതി മുൻ ജസ്റ്റീസ്  ബഹുമാനപ്പെട്ട കുര്യൻ ജോസഫ് സാറിന്,
അങ്ങയുടെ ഒരു വോയ്സ് നോട്ട് കേൾക്കാനിടയായതിന്റെ അടിസ്ഥാനത്തിലാണ് ഈ കുറിപ്പു ഞാനെഴുതുന്നത്. അങ്ങു പറഞ്ഞതുപോലെ തന്നെ സീറോ മലബാർ സഭയിലെ പ്രതിസന്ധികളെക്കുറിച്ചു ഞാനും വളരെക്കുറച്ചുമാത്രമേ പരസ്യമായി പ്രതികരിച്ചിട്ടുള്ളു. കാരണം ഇത് പരസ്യവിചാരണയ്ക്കു വിധേയമാക്കേണ്ട വിഷയമല്ല എന്ന ബോദ്ധ്യം എനിക്കുണ്ട്. എന്നാൽ താങ്കളുടെ വോയ്സ് നോട്ട് നിർബന്ധമായും ഒരു പ്രതികരണം ആവശ്യപ്പെടുന്നുവെന്ന് എനിക്കു തോന്നുന്നതുകൊണ്ടുമാത്രമാണ് ഈ പ്രതികരണം ഞാനെഴുതുന്നത്. കാരണം സുപ്രീംകോടതി ജഡ്ജിയായിരുന്ന താങ്കളുടെ വാക്കുകളെ പൊതുസമൂഹം വളരെ ആധികാരികമായി സ്വീകരിക്കുന്നതിനാൽ അതു വലിയ തെറ്റിധാരണകൾ ഉളവാക്കാൻ കാരണമായിത്തീരുമെന്ന ബോദ്ധ്യമാണെനിക്കുള്ളത്. അതിനാൽ ചിലകാര്യങ്ങൾ സൂചിപ്പിക്കുകയാണ്.
ആദ്യംതന്നെ അങ്ങു പറഞ്ഞ ആശയം നൂറുശതമാനം ശരിയാണെന്ന് അംഗീകരിക്കുന്നു. അതായത് ഒരു സഭയുടെയും ആരാധനക്രമം നിയമപാലകരുടെ സംരക്ഷണത്തിൽ ആഘോഷിക്കപ്പെടേണ്ടതല്ല. എന്നാൽ ഒരു ന്യായാധിപനായിരുന്ന അങ്ങ് ഈ ആശയം പറയാൻ തിരഞ്ഞെടുത്ത സമയം തികച്ചും ന്യായരഹിതമായതായിപ്പോയി എന്നു പറയാതിരിക്കാനാവില്ല. എന്തുകൊണ്ടാണ് അങ്ങയുടെ അഭിപ്രായപ്രകടനങ്ങളെ ന്യായരഹിതമെന്ന് ഞാൻ വിശേഷിപ്പിക്കുന്നതെന്നു വിവരിക്കാം. 
ആരാധനക്രമവിഷയത്തിൽ സ്നേഹത്തോടെ ഒരുമിച്ചിരുന്ന് ഒരു സമവായത്തിലെത്തണമെന്നതാണല്ലോ അങ്ങ് ആവർത്തിച്ച് ആവശ്യപ്പെടുന്ന പ്രധാനപ്പെട്ട കാര്യം. സഭയോടും പള്ളിയോടും ഇത്രയുംചേർന്നു നില്ക്കുന്ന അങ്ങ് സീറോ മലബാർ സഭയുടെ ആരാധനക്രമ പ്രതിസന്ധികളുടെ ചരിത്രം പഠിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് അങ്ങയുടെ അഭിപ്രായപ്രകടനത്തിൽനിന്നു വ്യക്തമാണ്. ഒരു കാര്യത്തെക്കുറിച്ച് വ്യക്തമായി പഠിക്കാതെ വിധി പറയുന്നത് അന്യായമല്ലേ…? അങ്ങു പറഞ്ഞ ഈ സമവായം 22 വർഷങ്ങൾക്കു മുമ്പുതന്നെ ഉണ്ടായതാണ്.  അതായത് 1999 ലെ സിനഡിൽ സീറോ മലബാർ സഭയിലെ മെത്രാന്മാരെല്ലാവരും ഒരുമിച്ചിരുന്ന് ചർച്ചചെയ്ത് സ്നേഹത്തോടെയും വിട്ടുവീഴ്ചയോടെയും സമവായത്തിലെത്തിയതിന്റെ ഫലമാണ് വി.കുർബാനയർപ്പണത്തിന്റെ സിനഡൽ ഫോർമുല. ആദ്യഭാഗവും സമാപന ശുശ്രൂഷയും ജനാഭിമുഖവും കൂദാശാഭാഗം അൾത്താരാഭിമുഖവുമായി വി.കുർബാനയർപ്പിക്കണമെന്ന അന്നത്തെ ആ സമവായതീരുമാനത്തെ അംഗീകരിച്ചുകൊണ്ടാണ് സ്വന്തം ബോദ്ധ്യത്തെ മാറ്റിവച്ച് അന്നുമുതൽ ഞാനുൾപ്പെടെയുള്ളവർ സിനഡൽരീതിയിൽ വി.കുർബാനയർപ്പിക്കുന്നത്. എന്നാൽ അന്ന് ആ സമവായ തീരുമാനത്തെ അട്ടിമറിച്ച് ജനാഭിമുഖ കുർബാന മാത്രമേ അർപ്പിക്കുകയുള്ളുവെന്ന് നിർബന്ധബുദ്ധി പുലർത്തിയവർക്ക് അതു തുടരാൻ സഭ ഉദാരമായി അനുവാദം കൊടുത്തു. പക്ഷെ എത്രയുംപെട്ടെന്ന് വിശ്വാസികളെ ബോധവത്ക്കരിച്ച് സഭയുടെ പൊതുതീരുമാനത്തിലേയ്ക്ക് ചേരണമെന്ന നിർദേശത്തോടെയാണ് ആ അനുവാദം നല്കപ്പെട്ടത്. എന്നാൽ ഈ കഴിഞ്ഞ 22 വർഷങ്ങൾക്കിടയ്ക്ക് ഒരു പ്രാവശ്യമെങ്കിലും ഇതേക്കുറിച്ച് അങ്ങയുടെ പള്ളിയിലോ മറ്റെവിടെയെങ്കിലുമോ ബോധവത്ക്കരണം നടന്നിട്ടുണ്ടോ?

വീണ്ടും 22 വർഷങ്ങൾക്കുശേഷമാണ് കഴിഞ്ഞ വർഷം ഈ തീരുമാനം ഇനിയും താമസംകൂടാതെ നടപ്പിൽ വരുത്തണമെന്ന്, ഇരിങ്ങാലക്കുടയിൽ കൂടിയ മേജർ ആർക്കി എപ്പിസ്ക്കോപൽ അസംബ്ലിയുടെ അഭിപ്രായവുംകൂടി മാനിച്ച്  സിനഡ് തീരുമാനിച്ചതും അങ്ങയുടേതൊഴികെയുള്ള എല്ലാ രൂപതകളും ആ തീരുമാനം നടപ്പിൽ വരുത്തിയതും. കുറേയേറെ രൂപതകൾ 2000 ജൂലൈ 3 മുതൽതന്നെ സിനഡിന്റെ തീരുമാനം അംഗീകരിച്ച് വി. കുർബാനയർപ്പണരീതിയിൽ മാറ്റം വരുത്തിയിരുന്നു. മറ്റുള്ളവർ കഴിഞ്ഞ വർഷവും. അതുകൊണ്ട് ഇതു ആരുമായും ചർച്ചചെയ്യാതെ മെത്രാന്മാരോ മാർപ്പാപ്പായോ എടുത്ത തീരുമാനമാണെന്നു അങ്ങ് ഇനിയും പറയരുത്.   
ഇനി താങ്കൾ തീരുമാനിക്കുക, താങ്കൾ ഉപദേശം നല്കേണ്ടത് ആർക്കാണെന്ന്. സഭാതലവനെ കേട്ടാലറയ്ക്കുന്ന ഭാഷയിൽ അധിക്ഷേപിച്ചും കോലംകത്തിച്ചും വിശ്വാസികളെന്നു വിളിക്കപ്പെടുന്ന സഹോദരന്മാർ അർമാദിച്ചപ്പോൾ താങ്കൾ നിശബ്ദനായിരുന്നു.സിനഡുകുർബാന അംഗീകരിച്ചാൽ സംഭവിക്കാൻപോകുന്ന കാര്യങ്ങളെന്നു വിശദീകരിച്ച് പള്ളികളിൽ വി.കുർബാനമദ്ധ്യേപോലും ചില വൈദികർ  കള്ളങ്ങൾ വിളിച്ചുപറഞ്ഞപ്പോഴും അങ്ങയുടെ നീതിബോധവും അങ്ങിലെ ദൈവസ്നേഹവും ഉണർന്നില്ല! മാർപ്പാപ്പ നിയമിച്ച അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെ കഴിഞ്ഞ ആഴ്ചയിൽ പള്ളി മതിലിനകത്തുനിന്നു അസഭ്യം പറഞ്ഞപ്പോഴും ന്യായാധിപനായ അങ്ങേയ്ക്കു ഒരു ധാർമ്മികരോഷവും ഉണ്ടായില്ല. 

കഴിഞ്ഞ ഒരു വർഷമായി വിശ്വാസികൾക്കു യോജിക്കാത്തതും ഉതപ്പിനു കാരണമാകുന്നതും പൊതുസമൂഹത്തിൽ സഭയെ അവഹേളനാപാത്രമാക്കുന്നതുമായ എന്തെല്ലാം കാര്യങ്ങളാണ് അങ്ങയുടെ രൂപതയിലെ കുറേ വൈദികരും അല്മായരും ചെയ്തുകൊണ്ടിരിക്കുന്നത്… ഏറ്റവും ഒടുവിൽ സിനഡിനു കോൺഫിഡൻഷ്യൽ ലെറ്റർ എഴുതി മാധ്യമങ്ങൾക്കു വിതരണംചെയ്ത എറണാകുളംകാരായ മെത്രാന്മാരുടെ സഭാസ്നേഹവും അങ്ങു കണ്ടു കാണുമല്ലോ. ഇതെല്ലാം കഴിഞ്ഞ് ഇപ്പോൾ സമാധാനത്തോടെ ജീവിക്കാനും പ്രവർത്തിക്കാനും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ പോലീസിന്റെ സഹായം ചോദിച്ചതാണോ ഏറ്റവും ക്രൈസ്തവവിരുദ്ധമായ പ്രവർത്തിയായി അങ്ങു കാണുന്നത്? ആരെയായിരുന്നു യഥാർത്ഥത്തിൽ താങ്കൾ ഉപദേശിക്കേണ്ടിയിരുന്നത്?

സുപ്രീംകോടതി ജഡ്ജിയായിരുന്ന അങ്ങ് യാക്കോബായ-ഓർത്തഡോക്സ് തർക്കത്തിൽ ഉന്നയിച്ച ചോദ്യം മാധ്യമങ്ങളിലൂടെ ഒട്ടേരെപേരുടെ കണ്ണുതുറപ്പിച്ചെങ്കിൽ ഇപ്പോഴിട്ടിരിക്കുന്ന ഈ വോയ്സ്നോട്ട് കാര്യകാരണസഹിതം വിധിപറയുന്ന ഒരു ജഡ്ജിയുടെ സ്വഭാവത്തിന് ഒട്ടും യോജിക്കുന്നതല്ലെന്ന് ഖേദപൂർവം പറയട്ടെ. 

എറണാകുളത്തെ വ്യാജരേഖാക്കേസ് ഒതുക്കിത്തീർക്കാൻ താങ്കൾ ഇടപെട്ടെന്നുള്ള സംസാരമൊക്കെ വെറും കിംവദന്തിയായേ ഞാൻ കണക്കാക്കുന്നുള്ളു. കാരണം നീതിബോധവും സഭാസ്നേഹവുമുള്ള ഒരു ന്യായാധിപനായാണ് അങ്ങയെ എന്റെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. പക്ഷെ അങ്ങയുടെ ഈ വോയ്സ്നോട്ട് എന്റെ ഹൃദയത്തിലുള്ള വിഗ്രഹമുടയാൻ കാരണമാകുമോയെന്നു ഞാൻ ഭയപ്പെടുന്നു…
ഫാ. സെബാസ്റ്റ്യൻ മുതുപ്ലാക്കൽ



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.