‘കോടതിവിധി ഭരണഘടനയുടെ അന്തസ്സുയര്‍ത്തുന്നു’


കൊച്ചി: ലോകമെമ്പാടും ക്രൈസ്തവസമൂഹം പുണ്യദിനമായി ആചരിക്കുന്ന ദുഃഖവെള്ളി പ്രവൃത്തിദിനമായി ഉത്തരവിറക്കിയ കേന്ദ്രഭരണപ്രദേശ അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവ് റദ്ദ് ചെയ്തുകൊണ്ടുള്ള ബോംബെ ഹൈക്കോടതി വിധി ഇന്ത്യന്‍ ഭരണഘടനയുടെയും നീതിന്യായ സംവിധാനങ്ങളുടെയും അന്തസ്സുയര്‍ത്തുന്നുവെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

രാജ്യത്തെ 17 പൊതുഅവധികളില്‍പ്പെടുന്ന ദുഃഖവെള്ളി കേന്ദ്രഭരണപ്രദേശങ്ങളായ ദാദ്രാ നഗര്‍ഹവേലിയിലും, ദാമന്‍ ദിയൂവിലും റദ്ദാക്കിയ അഡ്മിനിസ്‌ട്രേറ്റര്‍ നടപടിയെയാണ് ബോംബെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്. അഡ്മിനിസ്‌ട്രേറ്റര്‍ നടപടിക്കെതിരെ സിബിസിഐ ലെയ്റ്റി കൗണ്‍സിലും രംഗത്തുവന്നിരുന്നു.
ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദരായോഗ്, ജസ്റ്റിസ് എന്‍.എം.ജംദാര്‍ എന്നിവരുള്‍പ്പെടുന്ന ബഞ്ച് കേസ് ഏപ്രില്‍ 11ന് പരിഗണനയ്‌ക്കെടുത്തു. അവധി റദ്ദ്‌ചെയ്യാനുണ്ടായ കാരണത്തെക്കുറിച്ച് കോടതി ആരാഞ്ഞപ്പോള്‍ ക്രൈസ്തവര്‍ ന്യൂനപക്ഷമായതുകൊണ്ട് അവധി റദ്ദ്‌ചെയ്തതിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടാവില്ലെന്നുള്ള അഡ്മിനിസ്‌ട്രേറ്ററുടെ വാദത്തിനെതിരെ ദുഃഖവെള്ളിയാഴ്ച പൊതുഅവധിയില്‍ നിന്ന് ഒഴിവാക്കുന്നത് നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവിനും രാജ്യത്തിന്റെ ഭരണഘടന പ്രഘോഷിക്കുന്ന മതേതരത്വനിലപാടിനും വിരുദ്ധമാണെന്ന് കത്തോലിക്കാസഭ കോടതിയെ ബോധിപ്പിച്ചു.

ഏപ്രില്‍ 15ന് നടന്ന തുടര്‍വാദത്തില്‍ അവധി റദ്ദാക്കുന്നതിന്റെ കാരണങ്ങള്‍ രേഖാമൂലം വ്യക്തമാക്കി കോടതിയെ ബോധിപ്പിക്കുന്നതില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പരാജയപ്പെട്ടു. തുടര്‍ന്ന് ദുഃഖവെള്ളി അവധിദിനമായി പ്രഖ്യാപിക്കുവാന്‍ കോടതി ഉത്തരവിട്ടു.

അഡ്മിനിസ്‌ട്രേറ്റര്‍ നടപടിക്കെതിരെ സിബിസിഐയോടൊപ്പം കോടതിയെ സമീപിച്ച അന്തോണി ഫ്രാന്‍സീസ്‌കോയെയും ഗോവ അതിരൂപത അലയന്‍സ് ഡിഫന്റിംഗ് ഫ്രീഡം തുടങ്ങി ക്രൈസ്തവ അവകാശസംരക്ഷണത്തിനും നിയമപോരാട്ടത്തിനും നേതൃത്വം കൊടുത്തവരെയും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ അഭിനന്ദിച്ചു.

വിവാദങ്ങളും വിരുദ്ധനിലപാടുകളും സൃഷ്ടിച്ച് ക്രൈസ്തവസമൂഹത്തെ കോടതി വ്യവഹാരങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കുന്ന ഭരണനേതൃത്വങ്ങളുടെ നടപടികള്‍ക്ക് അറുതിയുണ്ടാകണമെന്നും ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ വിശ്വാസ ആചാരാനുഷ്ഠാനങ്ങള്‍ക്കുനേരെ രാജ്യത്തുടനീളം നിരന്തരം വെല്ലുവിളിയുയരുന്നത് ഗൗരവമായി കണ്ട് സംഘടിതപ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ ക്രൈസ്തവവിഭാഗങ്ങള്‍ വിഘടിച്ചുനില്‍ക്കാതെ ഐക്യപ്പെട്ട് മുന്നോട്ടുവരണമെന്നും വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.