മഹാമാരിക്ക് എതിരെ മാതാവിന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കാം, വണക്കമാസ പ്രാര്‍ത്ഥനകള്‍ക്ക് നാളെ തുടക്കം

പരിശുദ്ധ കന്യാമറിയത്തോടുള്ള വണക്കവും ഭക്തിയും കത്തോലിക്കാ വിശ്വാസത്തിന്റെ കേന്ദ്രബിന്ദുവാണ്. അമ്മയോട് പ്രാര്‍ത്ഥിക്കാത്ത കത്തോലിക്കര്‍ വളരെ കുറവാണെന്ന് പറയാം. അമ്മയോടുള്ള വണക്കത്തിന് വേണ്ടി പ്രത്യേകമായി നീക്കിവച്ചിരിക്കുന്ന മാസമാണ് മെയ്.

മാതാവിന്റെ ചിത്രത്തിന് മുമ്പില്‍ പൂക്കള്‍ പറിച്ചുവച്ചം മെഴുകുതിരികള്‍ കത്തിച്ചുവച്ചും വണക്കമാസ പ്രാര്‍ത്ഥനകള്‍ ചൊല്ലിയിരുന്ന ഒരു തലമുറ നമുക്കുണ്ടായിരുന്നു. ആ പാരമ്പര്യത്തിലേക്ക് തിരികെ പോകേണ്ടത് നമ്മുക്ക് ഇന്ന് ആവശ്യമാണ്. പ്രത്യേകി്ച്ച് ലോകം മുഴുവന്‍ ഒരു മഹാമാരിയുടെ ഭീതിയില്‍ അമര്‍ന്നിരിക്കുമ്പോള്‍. രാജ്യങ്ങളെ മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചുകൊണ്ടുള്ള നിരവധി പ്രതിഷ്ഠകള്‍ മെയ് മാസത്തില്‍ നടക്കുന്നുണ്ട്.

അമ്മയുടെ മാധ്യസ്ഥശക്തിയിലൂടെ ഈ ലോകത്തിന് രക്ഷപ്പെടാനാവുംഎന്ന ഉറച്ചവിശ്വാസമാണ് അതിന് പിന്നിലുള്ളത്. മാത്രവുമല്ല മഹാമാരിക്കെതിരെ മെയ് മാസത്തില്‍ ജപമാല പ്രാര്‍ത്ഥനയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്കി പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ചുരുക്കത്തില്‍ ലോകം മുഴുവന്‍ അമ്മയുടെ ഹൃദയത്തിലേക്ക് കൂടുതലായി നടന്നടുക്കുന്ന ദിവസങ്ങളാണ് ഇനി വരാന്‍ പോകുന്നത്. ഈ സാഹചര്യത്തില്‍ മാതാവിനോടുള്ള വണക്കം പ്രഖ്യാപിച്ചുകൊണ്ട് നാളെമുതല്‍ മരിയന്‍ പത്രത്തില്‍ വണക്കമാസ പ്രാര്‍ത്ഥനകള്‍ പ്രസിദ്ധീകരിച്ചുുതുടങ്ങുകയാണ്.

മാതാവിനോടുള്ള ഭക്തിയും വണക്കവും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന മരിയന്‍ മിനിസ്ട്രി, മാതാവിലേക്ക് എല്ലാവരും കൂടുതലായി അടുക്കണമെന്നും അമ്മയുടെ മാധ്യസ്ഥശക്തിയും മാതൃവാത്സല്യവും അനുഭവിച്ചറിയണമെന്നും ആഗ്രഹിക്കുന്നു.

നമുക്കെല്ലാവര്‍ക്കും മാതാവിനോട് കൂടുതല്‍ ചേര്‍ന്നുനില്ക്കാം. അമ്മ നമ്മള്‍ ഓരോരുത്തര്‍ക്കും വേണ്ടി, ഈ ലോകം മുഴുവനും വേണ്ടി മാധ്യസ്ഥം പ്രാര്‍ത്ഥിക്കട്ടെ. നരകസര്‍പ്പത്തിന്റെ തല തകര്‍ത്തവളായ അമ്മ കോവിഡിന്റെ തലയും തകര്‍ക്കട്ടെ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.