Saturday, July 12, 2025
spot_img
More

    അനുതാപം ഉണ്ടാകാത്തത് ഉപവസിക്കാത്തതു കൊണ്ട്: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

    പ്രസ്റ്റണ്‍: അനുതാപം ഉണ്ടാകാത്തത് ഉപവസിക്കാത്തതുകൊണ്ടാണെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍. നോമ്പുകാലത്ത് വളരെ പ്രത്യേകമായി ഉപവസിക്കാനും അനുതപിക്കാനും പ്രാര്‍ത്ഥിക്കാനും കഴിയണം. അദ്ദേഹം പറഞ്ഞു.

    ഉപവസിക്കുക എന്നാല്‍ വചനത്തോടൊത്തായിരിക്കുക എന്നതാണ്. ഉപവാസത്താലും പ്രാര്‍ത്ഥനയാലും മിശിഹായെയും അവിടുത്തെ പിതാവിനെയും പരിശുദ്ധാത്മാവിനെയും നമുക്ക്പ്രസാദിപ്പിക്കാം എന്നാണ് സീറോ മലബാര്‍ കുര്‍ബാനയില്‍ നാം പ്രാര്‍ത്ഥിക്കുന്നത്. അതുകൊണ്ട് നാം ഉപവസിക്കണം, പ്രാര്‍ത്ഥിക്കണം,അനുതപിക്കണം. ഇങ്ങനെയൊരു കൃപ കിട്ടാനായി നാം ദിവസവും അര്‍പ്പിക്കുന്ന ബലിയില്‍ പ്രത്യേകമായി പ്രാര്‍ത്ഥിക്കണം. കര്‍ത്താവേ കര്‍ത്താവേ എന്ന് വിളിക്കുന്നവരല്ല സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവരാണ് സ്വര്‍ഗ്ഗത്തിന് അര്‍ഹരായിത്തീരുന്നത് എന്നാണ് ക്രിസ്തു പറയുന്നത്.

    പിതാവ് അയച്ചവനില്‍ വിശ്വസിക്കുക എന്നതാണ് പിതാവിന്റെ ഇഷ്ടം.പിതാവ് അയച്ചവനാണ് ക്രിസ്തു. ഈശോയില്‍ വിശ്വസിക്കുക, നസ്രായനായ ഈശോയ്ക്ക് വേണ്ടി ഹൃദയം തുറക്കുക മനസ്സ് കൊടുക്കുക, ആത്മാവ് കൊടുക്കുക, ന നമ്മുടെ കഴിവുകള്‍ കൊടുക്കുക. നമ്മുടെ വ്യക്തിത്വത്തെ കൊടുക്കുക. ഇങ്ങനെ കൊടുക്കാതെ നമുക്ക് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാന്‍ കഴിയുകയില്ല.

    സ്വര്‍ഗ്ഗരാജ്യത്തിന്റെ അവകാശികളാകാന്‍ നമ്മുടെ ഹൃദയങ്ങള്‍ പവിത്രീകരിച്ച് ശിശുക്കളെ പോലെയാകണം. ശിശുക്കളെ പോലെയാകാത്ത ആരും സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല. പഴയ നിയമത്തില്‍ നിന്ന് ഉയരുന്നില്ലെങ്കില്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല.

    ഈശോയ്ക്ക് ഒരു പ്രസംഗവിഷയമേ ഉണ്ടായിരുന്നുള്ളൂ. സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു, മാനസാന്തരപ്പെടുവിന്‍. പക്ഷേ ഈ പ്രഘോഷണം നാം സ്വീകരിക്കുന്നില്ല. ഞാന്‍ ചെയ്ത കാര്യങ്ങള്‍ അവസാനിക്കുന്നിടത്താണ് മാനസാന്തരം. സംഭവിക്കുന്നത്. സമറിയാക്കാരി സ്ത്രീക്ക് സംഭവിക്കുന്നത് അതാണ്.

    പുതിയ വീഞ്ഞ് നല്കുന്നതു മാത്രമല്ല പുതിയ തോല്‍ക്കുടം നല്കുന്നതുകൂടിയാണ് മാനസാന്തരം. നമ്മള്‍ അവസാനം വിലപിക്കുകയും പല്ലുകടിക്കുകയും ചെയ്യുന്നവരുടെ ഗണത്തില്‍ പെടാതെയിരിക്കാന്‍ സുവിശേഷം ശ്രവിക്കണം. ആത്മാവു നിറഞ്ഞ ഹൃദയം സ്വീകരിക്കാന്‍ നമുക്ക് കഴിയണം. സമരിയാക്കാരി സ്ത്രീക്ക് അവളാകുന്ന കുടം അവിടെ വയ്ക്കാന്‍ അവള്‍ക്ക് സാധിച്ചു. നസ്രായനായ ക്രിസ്തുവെന്ന തോല്‍ക്കുടം സ്വന്തമാക്കാന്‍ അവള്‍ക്ക് സാധിച്ചു. അവളുടെ ജീവിതം അതുവരെ എന്തായിരുന്നുവെന്ന് നമുക്കറിയാം.

    എന്നാല്‍ അവള്‍ ക്രി്‌സ്തുവിനെ കണ്ടതിന് ശേഷം പറയുന്ന വാക്കുകളിലൂടെ ഒരു ഗ്രാമം മുഴുവന്‍ മാനസാന്തരപ്പെടുകയാണ്. നമ്മള്‍ പക്ഷേ നിഴലാകുന്ന നിയമത്തില്‍ നില്ക്കുകയാണ്, സാവൂളിനെപോലെ. മിശിഹായുടെ കൂടെ ക്രൂശിക്കപ്പെടുമ്പോഴാണ് മിശിഹാ എന്നില്‍ ജീവിക്കുന്നത്.

    മിശിഹായുടെ കൂടെ ക്രൂശിക്കപ്പെടുന്നതാണ് മാമ്മോദീസാ.ഈശോയുടെകൂടെ മരിക്കാതെ, അടക്കപ്പെടാതെ നാം അവിടുത്തോടുകൂടി ഉയിര്‍ത്തെഴുന്നേല്ക്കുകയില്ല. മരണത്തോടും സംസ്‌കാരത്തോടും ഏകീഭവിച്ചാല്‍ അവന്റെ ഉയിര്‍പ്പിനോടും ഏകീഭവിക്കും. പിതാവേ ഇവര്‍ ചെയ്യുന്നത് എന്തെന്ന് അറിയുന്നില്ല ഇവരോട് ക്ഷമിക്കണമേ എന്ന് പറഞ്ഞ ക്രിസ്തുവിന്റെ വാക്കുകളാണ് എസ്തപ്പാനോസ് മരണസമയത്ത് ആവര്‍ത്തിക്കുന്നത്. ഈ തെറ്റ് ഇവരുടെ മേല്‍ ആരോപിക്കരുതേയെന്ന്.

    വിശുദ്ധീകരണത്തിന്റെ അവസാനമാണ് നിത്യജീവന്‍. നിത്യജീവന് നാം പ്രാധാന്യം കൊടുക്കുന്നില്ല. പക്ഷേ നാം നിത്യജീവനെക്കുറിച്ച് തെറ്റിദ്ധരിക്കുന്നു. അത് വെറുതെ കിട്ടുന്നുവെന്നാണ് നമ്മുടെ ധാരണ. നല്ല വൃക്ഷവും ചീത്ത വൃക്ഷവുമുണ്ട് അശുദ്ധിയുണ്ട് ശുദ്ധിയുണ്ട്. നാം രാത്രിമുഴുവന്‍ വഞ്ചി തുഴഞ്ഞാലും അക്കരയെത്തുന്നില്ല. മാനസാന്തരപ്പെട്ട സമറിയാക്കാരി സ്ത്രീക്ക് ഒരു ഗ്രാമത്തെ മുഴുവന്‍ മാനസാന്തരപ്പെടാന്‍ സാധിക്കുന്നു. ഇനി ഞങ്ങള്‍ നിന്റെ വാക്കുമൂലമല്ല ഞങ്ങള്‍ തന്നെ കാണുകയും കേള്‍ക്കുകയും ചെയ്തിരിക്കുന്നുവെന്നാണ് അവര്‍ പിന്നീട് പറയുന്നത്.

    പക്ഷേ നാം ഇപ്പോഴും വചനം പ്രസംഗിച്ച ആളുടെ മുഖത്ത് തന്നെ നോക്കിനില്ക്കുകയാണോ. നമ്മില്‍ വചനം മാംസം ധരിക്കപ്പെടുന്നില്ല. മിശിഹായാകുന്ന ശരീരത്തിന്റെ അവയവമാകാന്‍ നമുക്ക് ശ്രമിക്കാം. മാനസാന്തരത്തിന്റെ വലിയ ഫലം ചോദിക്കാം. അനുതാപം നല്‌കേണ്ടത് ഉത്ഥിതന്റെ പ്രവൃത്തിയാണ്. മാനസാന്തരം ലഭിക്കാന്‍ നമുക്ക് കേണപേക്ഷിക്കാം. അതിലൂടെ വഞ്ചിക്കപ്പെടാത്ത ജീവിതം നയിക്കാന്‍ നമുക്ക് കഴിയട്ടെ ആടുകളുടെ വേഷത്തില്‍ വരുന്ന ചെന്നായ്ക്കളെ സൂക്ഷിക്കുക. പന്നിയും പട്ടിയും അതിന്റെ സ്വഭാവം കാണിക്കും. എന്നാല്‍ ചെന്നായ് അങ്ങനെയല്ല. അത് പുറമേയ്ക്ക് ഒന്നും അകമേ മറ്റൊന്നും കാണിക്കും. സൂത്രശാലിയാണ്.കൗശലം കാണിക്കും, വഞ്ചന കാണിക്കും.

    പിശാച് വഞ്ചിക്കുന്നവനാണ്. ആദ്യം മുതല്‍ അവസാനം വരെ വഞ്ചിക്കും. നമ്മള്‍ ആരും ചതിക്കപ്പെടാതിരിക്കട്ടെ. നമ്മള്‍ എല്ലാവരും രക്ഷിക്കപ്പെട്ടവരാണ്. രക്ഷ അതിന്റെ പൂര്‍ണ്ണതയില്‍ നമ്മുടെ ജീവിതം വഴി അനുഭവവേദ്യമാകാന്‍ നമുക്ക് സാധിക്കട്ടെ.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!