അഞ്ചാമത് ഫിയാത്ത് മിഷന്‍ ജിജിഎം 2024 ഏപ്രില്‍ 10 മുതല്‍ 14 വരെ

തൃശൂർ : ഫിയാത്ത് മിഷൻ സംഘടിപ്പിക്കുന്ന ജിജിഎം(ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷൻ) മിഷൻ കോൺഗ്രസ് 2024 ഏപ്രിൽ 10 മുതൽ 14 വരെ ജെറുസലേം ധ്യാനകേന്ദ്രത്തിൽ നടക്കുന്നു. ഈ അന്തർദ്ദേശീയ സംഗമം മിഷനെ അറിയാനും സ്നേഹിക്കാനും വളർത്താനും ലഭിക്കുന്ന അവസരമാണ്.

അഖിലേന്ത്യാതലത്തിൽ, മിഷൻ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന വിവിധ മിഷൻകേന്ദ്രങ്ങൾ തങ്ങളുടെ മിഷനെ പരിചയപ്പെടുത്തുന്ന നിരവധി സ്റ്റാളുകളോടുകൂടിയ അതിവിപുലമായ എക്സിബിഷൻ, മിഷനെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുള്ളവർക്കായി മലയാളത്തിലും ഇംഗ്ലീഷിലും സംഘടിപ്പിക്കുന്ന മിഷൻ ധ്യാനം, വ്യത്യസ്ത സംസ്കാരത്തിലുള്ള മിഷൻ കേന്ദ്രങ്ങൾ അവതരിപ്പിക്കുന്ന ‘കൾച്ചറൽ എക്സ്ചേഞ്ച്’ പരിപാടികൾ. വിവിധ റീത്തുകളിലുള്ള പിതാക്കന്മാരുമായി തുറന്ന് സംസാരിക്കാൻ വേദിയൊരുക്കുന്ന ‘മീറ്റ് ദ ബിഷപ്പ് ’ തുടങ്ങി നിരവധി പരിപാടികളാണ് അഞ്ചാമത് ജിജിഎം മിഷൻ കോൺഗ്രസിൽ ഒരുക്കിയിരിക്കുന്നത്.

എല്ലാദിവസവും വിവിധ റീത്തുകളിലെ അഭിവന്ദ്യപിതാക്കന്മാരുടെ മുഖ്യ കാർമികത്വത്തിൽ അർപ്പിക്കപ്പെടുന്ന വിവിധ ഭാഷകളിലുള്ള വിശുദ്ധബലിയോടെ ആരംഭിക്കുന്ന മിഷൻ കോൺഗ്രസിൽ വൈദികർ, സിസ്റ്റേഴ്സ്, സെമിനാരിക്കാർ, അത്മായ

ശുശ്രൂഷകർ, കാറ്റികിസം അധ്യാപകർ, കാറ്റികിസം വിദ്യാർത്ഥികൾ, യുവാക്കൾ, ജോലിയിൽ നിന്നും വിരമിച്ചവർ, ഹിന്ദി സംസാരിക്കുന്നവർ, വലിയ കുടുംബങ്ങൾ തുടങ്ങിയവർക്കായി വ്യത്യസ്ത കൂട്ടായ്മകൾ വിവിധ ദിവസങ്ങളിലായി ഒരുക്കിയിരിക്കുന്നു.

സീറോ മലബാർ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ, ആർച്ച് ബിഷപ്പുമാരായ മാർ ആൻഡ്രൂസ് താഴത്ത്,  മാര് ജോൺ മൂലേച്ചിറ,മാർ ജോർജ് ഞെരളക്കാട്ട്,വിക്ടർ ലിംഗ് ദോ, മാര് തോമസ് മേനാംപറമ്പിൽ മെത്രാന്മാരായ മാർ ടോണി നീലങ്കാവിൽ, ചാക്കോ തോട്ടുമാരിക്കൽ, തോമസ് മാർ അന്തോണിയോസ്, യോഹന്നാൻ മാർ തിയോഡോസിയൂസ്, മാർ ജോൺ നെല്ലിക്കുന്നേൽ, മാർ തോമസ് തറയിൽ, ജോൺ തോമസ്, പി.കെ. ജോർജ്, തോമസ് പുല്ലോപ്പള്ളിൽ, ജെയിംസ് തോപ്പിൽ, ബിഷപ്പ് വിൽബർട്ട്, ജോഷ്വാ മാർ ഇഗ്നാത്തിയോസ് തുടങ്ങിയവര് പങ്കെടുക്കും.

‘കൊയ്നാനിയ ജോൺ ദ ബാപ്റ്റിസ്റ്റ്’ കമ്മ്യൂണിറ്റി നേതൃത്വം നൽകുന്ന ‘ഫിലിപ്പ് കോഴ്സി’ൽ പങ്കെടുക്കാൻ ഏവർക്കും മിഷൻ കോൺഗ്രസ് അവസരമൊരുക്കുന്നു. ആഗ്രഹിക്കുന്നവർ മുൻകൂട്ടി ബുക്കുചെയ്യണം.

മിഷൻ കോൺഗ്രസ് മൂന്നാം ദിനമായ ഏപ്രിൽ 21 വെള്ളിയാഴ്ച

‘മിഷൻ ഡേ’ യായി ആഘോഷിക്കുന്നു. ഏവർക്കും പൊതുവായി പങ്കെടുക്കാവുന്ന അനുഗ്രഹദായകമായ പ്രസ്തുതദിവസത്തിലെ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്ആര്ച്ച് ബിഷപ് മാർ റാഫേൽ തട്ടിലാണ്. ‘മാഗ്നിഫിക്കാത്ത് കൊച്ചി’ നേതൃത്വം നൽകുന്ന ‘നൈറ്റ് വിജിൽ’ എടുത്തുപറയത്തക്ക സവിശേഷതകളിലൊന്നാണ്.

ഏപ്രിൽ 22 ന് മാർ തോമസ് തറയിൽ കാറ്റികിസം അധ്യാപകർക്കുള്ള കൂട്ടായ്മ നയിക്കും.  ഒറീസയിൽ നിന്നും, ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള മ്യൂസിക് ബാൻഡുകൾ മിഷൻ മഹാസംഗമം സംഗീതസാന്ദ്രമാക്കും.

ബൈബിൾ ചരിത്രവും വിവിധങ്ങളായ ബൈബിൾ ശേഖരവും ചിത്രങ്ങളിലൂടെയും വിവരണങ്ങളിലൂടെയും അവതരിപ്പിക്കുന്ന അതിവിപുലമായ ‘ബൈബിൾ എക്സ്പോ’,  വിശ്വാസികളിൽ മിഷൻ തീക്ഷ്ണത വർധിപ്പിക്കാനുതകുന്ന ഷോർട്ഫിലിമുകൾ പ്രദർശിപ്പിക്കുന്ന ‘ഷോർട് ഫിലിം ഫെസ്റ്റ്’,  ഭാരതത്തിനകത്തും പുറത്തും സ്തുത്യർഹമായ സേവനം ചെയ്യുന്ന മിഷനറിമാരെ ആദരിക്കുന്ന ‘മിഷൻ അവാർഡ് സെറിമണി’ എന്നിവ മിഷൻകോൺഗ്രസിന്റെ ആകർഷകഘടകങ്ങളിൽ ചിലതാണ്.

2017 ലാണ് ആദ്യത്തെ മിഷൻ കോൺഗ്രസ് നടന്നത്.. ഇതുവഴി ഭാരതസഭയ്ക്ക് ഉണ്ടായ അനവധിയായ നന്മകളാണ്  മിഷൻ കോൺഗ്രസുകൾ തുടർന്നും സംഘടിപ്പിക്കാൻ പ്രേരകമായത്. മിഷൻ കോൺഗ്രസിലെ എക്സിബിഷൻ വഴി മിഷനിലെ നേർചിത്രങ്ങൾ ഹൃദയത്തിൽ പകർത്തിയ പല കുട്ടികളും യുവാക്കളും വൈദികരും സന്യസ്തരുമാകാൻ തീരുമാനമെടുക്കുകയുണ്ടായി.

ബൈബിളില്ലാത്ത ഭാഷകളിൽ ബൈബിൾ നിർമിച്ച്  ലോകമെങ്ങുമുള്ള മിഷൻ മേഖലകളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ബൈബിൾ നിർമാണവിതരണശുശ്രൂഷ, മധ്യസ്ഥപ്രാർത്ഥനാശുശ്രൂഷ, മിഷൻ മേഖലകളിലെ ധ്യാനശുശ്രൂഷകൾ എന്നിങ്ങനെ മിഷനെ പരിപോഷിപ്പിക്കാനായി പ്രതിജ്ഞാബദ്ധരായ ഫിയാത്ത് മിഷന്റെ  രക്ഷാധികാരികൾ ബിഷപ് മാർ ബോസ്കോ പുത്തൂർ, ബിഷപ് ചാക്കോ തോട്ടുമാരിക്കൽ എസ്.വി.ഡി.,  ബിഷപ് തോമസ് മാർ അന്തോണിയോസ് എന്നിവരാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.