സക്കറിയായെ ശിക്ഷിച്ച ദൈവം എന്തുകൊണ്ട് മറിയത്തെ ശിക്ഷിച്ചില്ല?

ലൂക്കായുടെ സുവിശേഷം ഒന്നാം അധ്യായം പതിനെട്ടു മുതല്‍ 20 വരെയുള്ള തിരുവചനഭാഗങ്ങളിലാണ് സ്‌നാപകയോഹന്നാന്റെ ജനനത്തെക്കുറിച്ച് നാം വായിക്കുന്നത്. ലൂക്കായുടെ സുവിശേഷം അതേ അധ്യായത്തിന്റെ 26 മുതല്‍ 38 വരെയുള്ള ഭാഗങ്ങളിലാണ് യേശുവിന്റെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പ് പറയുന്നത്.

രണ്ടുപേരോടും സക്കറിയ, മാതാവ് മാലാഖ മംഗളവാര്‍ത്തയാണ് അറിയിക്കുന്നത്. പക്ഷേ രണ്ടുപേരും പ്രതികരിക്കുന്നത് വ്യത്യസ്തമായിട്ടാണ്.

ഞാന്‍ വൃദ്ധനാണ്, എന്റെ ഭാര്യ പ്രായം കവിഞ്ഞവളുമാണ്. ഇതാണ് സക്കറിയായുടെ പ്രതികരണം. സക്കറിയാ ആരായിരുന്നുവെന്ന് നമുക്കറിയാം.

പുരോഹിതനായിരുന്നു സക്കറിയ. അബ്രാഹത്തിന്റെയും സാറായുടെയും അനുഭവം അദ്ദേഹത്തിന് അറിയാമായിരുന്നു. ദൈവകാര്യങ്ങളില്‍ അറിവും ജ്ഞാനവുമുള്ള അദ്ദേഹം ഇങ്ങനെ സംശയിക്കുമ്പോള്‍ വ്യക്തമാകുന്നത് അദ്ദേഹത്തിന് ദൈവത്തിലുള്ള വിശ്വാസക്കുറവാണ്. ഈ വിശ്വാസക്കുറവ് നിമിത്തമാണ് എലിസബത്ത് പ്രസവിക്കുന്നതുവരെ മൂകനായി തുടരേണ്ട ശിക്ഷ ദൈവം അദ്ദേഹത്തിന് നല്കിയത്.

പക്ഷേ മേരിയുടെ ചോദ്യം വളരെ വ്യത്യസ്തമായിരുന്നു. യൗസേപ്പുമായി വിവാഹം നിശ്ചയിച്ചിരുന്ന യുവതിയായിരുന്നുവല്ലോ അവള്‍. വിവാഹത്തിലൂടെ മാത്രമേ ഗര്‍ഭിണിയാകൂ എന്നായിരുന്നു അവള്‍ കരുതിയിരുന്നത്.

എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി മാലാഖ പറഞ്ഞപ്പോള്‍ അവള്‍ സ്വഭാവികമായും സംശയിച്ചുപോയി, ഇതെങ്ങനെ സംഭവിക്കും എന്ന്.

അതിന് ദൈവദൂതന്‍ മറുപടി നല്കിയപ്പോള്‍ അവള്‍ പിന്നെ ചോദ്യങ്ങള്‍ ചോദിച്ചില്ല. സംശയിച്ചുമില്ല. ഇതാ കര്‍ത്താവിന്റെ ദാസി. നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ. ഇതായിരുന്നു മറിയത്തിന്റെ പ്രതികരണം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.