പ്രതീക്ഷയോടെ ദിവസം ആരംഭിക്കാം, ഈ പ്രാര്‍ത്ഥന അതിന് സഹായകരമാകും

പ്രതീക്ഷയില്ലാതെ എന്ത് ജീവിതം അല്ലേ? പ്രതീക്ഷാനിര്‍ഭരമായ മനോഭാവവും കാഴ്ചപ്പാടുകളുമാണ് നമ്മുടെ ജീവിതത്തെ മനോഹരമാക്കുന്നത്. പ്രതീക്ഷയുള്ളതുകൊണ്ട് പ്രതിസന്ധികള്‍ ഉണ്ടാകുന്നില്ലെന്ന് അര്‍ത്ഥമില്ല. പ്രതിസന്ധികളെ മറികടക്കാന്‍ കരുത്ത് ലഭിക്കുന്നത് പ്രതീക്ഷകള്‍ ഉള്ളതുകൊണ്ടാണ്. അതുകൊണ്ട് ഓരോ ദിവസവും നാം പ്രതീക്ഷയോടെ പ്രത്യാശയോടെ ആരംഭിക്കണം.

പക്ഷേ ഈ പ്രതീക്ഷയും പ്രത്യാശയും മാനുഷികമായ കഴിവുകള്‍ കൊണ്ട് ലഭിക്കുന്നതല്ല. അത് ദൈവത്തില്‍ നിന്ന് ലഭിക്കുന്നതാണ്. ദൈവത്തില്‍ നിന്നുണ്ടാകുന്നതുകൊണ്ടാണ് നിരാശാഭരിതമായ സാഹചര്യങ്ങളിലും നാം തളര്‍ന്നുപോകാത്തത്. സ്വന്തം കഴിവുകൊണ്ട് പ്രതിസന്ധികളെ മറികടക്കാന്‍ നമുക്ക് കഴിയില്ല. ദൈവത്തിന്റെ കൃപയും സ്‌നേഹവും കൂടുതലായി നമുക്കുണ്ടാവേണ്ടത് ഇതുപോലെയുളള അവസരങ്ങളിലാണ്.
മനസ്സ് കലങ്ങിയാണ് ദിവസം ആരംഭിക്കുന്നതെങ്കില്‍ ആ ദിവസം മുഴുവനും അതുപോലെയായിരിക്കും.

മനസ്സില്‍ സന്തോഷം നിറയ്ക്കുന്നതും പ്രതീക്ഷ നിറയുന്നതും ദൈവികമായ ഒരു അനുഭവമാണ്. അതിനായി നാം പ്രാര്‍ത്ഥിക്കണം.

എന്റെ ദൈവമായ കര്‍ത്താവേ എന്റെ ജീവിതത്തിലെ എല്ലാ നിരാശാജനകമായ അനുഭവങ്ങളെയും സാഹചര്യങ്ങളെയും എടുത്തുമാറ്റണമേ. അങ്ങയുടെ ദിവ്യസ്‌നേഹം കൊണ്ടും ദിവ്യപ്രകാശംകൊണ്ടും നിരാശാഭരിതമായ എല്ലാ അനുഭവങ്ങളെയും നിറയ്ക്കണമേ. കണ്ടുമുട്ടുന്ന വ്യക്തികളിലും കടന്നുപോകുന്ന സാഹചര്യങ്ങളിലും ദൈവമേ അങ്ങ് എന്റെ കൂടെയുണ്ടായിരിക്കണമേ. എന്റെ വാക്കും പ്രവൃത്തിയും അങ്ങയുടെ ഹിതം പോലെയാകട്ടെ.

മനോഹരമായ ഒരു പ്രഭാതംകൂടി എനിക്ക് തന്നതിനെ പ്രതി ഞാന്‍ അങ്ങയോട് നന്ദിപറയുന്നു. അങ്ങേ മഹത്വം ലോകത്തിന് വെളിപ്പെടുത്താന്‍ തക്കവിധം എന്റെ ജീവിതത്തെ രൂപാന്തരപ്പെടുത്തണമേ. ഇന്നേദിവസം ഏറ്റവും നന്നായി ജീവിക്കാനും പ്രവര്‍ത്തിക്കാനും എന്നെ സഹായിക്കണമേ. ആമ്മേന്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.