ഒറ്റയ്ക്ക് സ്വര്‍ഗ്ഗത്തില്‍ പോകാമെന്ന് വിചാരിക്കരുത്

സ്വന്തം ആത്മരക്ഷ എല്ലാവര്‍ക്കും പ്രധാനപ്പെട്ടതാണ്. സ്വര്‍ഗ്ഗത്തില്‍ പോകണം എന്നത് എല്ലാവരും സ്വന്തം അവകാശം പോലെ തീരുമാനമെടുക്കുകയും വേണം. അതനുസരിച്ച് സ്വന്തം ജീവിതത്തെ ക്രമീകരിക്കേണ്ടതും അത്യാവശ്യമാണ്. ഇതൊക്കെ നല്ലതാകുമ്പോഴും ഒരു കാര്യം നാം മറക്കരുത്.

മറ്റുള്ളവരുടെ ആത്മരക്ഷയും നമ്മുടെ പരിഗണനയിലുണ്ടാവണം. അതുകൊണ്ടാണ് സ്വര്‍ഗ്ഗത്തില്‍ തനിച്ച് പോകാം എന്ന് വിചാരിക്കരുത് എന്ന് പറയുന്നത് കാരണം മറ്റുള്ളവരുടെയും ആത്മരക്ഷ നമ്മുടെ കടമയാണ്. ലോകം മുഴുവനും സുവിശേഷം പ്രസംഗിക്കേണ്ടിയിരിക്കുന്നു എന്നാണല്ലോ സുവിശേഷം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.

സ്വര്‍ഗ്ഗത്തില്‍ ഞാന്‍ മാത്രം പോയാല്‍ മതിയെന്ന് വിചാരിക്കുന്നതില്‍ കുറച്ചൊക്കെ സ്വാര്‍ത്ഥതയുണ്ട്. ഞാന്‍ സ്വര്‍ഗ്ഗത്തില്‍ പോകുമ്പോള്‍ എന്റെ മക്കളും ഭാര്യയും മാതാപിതാക്കളും കൂടപ്പിറപ്പുകളും സുഹൃത്തുക്കളും സ്വര്‍ഗ്ഗത്തില്‍ ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കണം. സ്വര്‍ഗ്ഗത്തില്‍ ഒരു ചേരിപ്രദേശമുണ്ടാക്കുമെന്ന് വിശുദ്ധ മദര്‍തെരേസ പറഞ്ഞത് ഓര്‍മ്മിക്കുക. താന്‍ മാത്രം സ്വര്‍ഗ്ഗത്തിലെത്തിയാല്‍ മതിയെന്നല്ല മദര്‍ തെരേസ ആഗ്രഹിച്ചത്.

താന്‍ എത്തുന്ന സ്വര്‍ഗ്ഗത്തില്‍ താന്‍ ശുശ്രൂഷ ചെയ്യുന്നവരും താന്‍ സ്‌നേഹിക്കുന്നവരും ഉണ്ടാകണമെന്നായിരുന്നു മദറിന്റെ ആഗ്രഹം. അതുപോലെ നാമും ആഗ്രഹിക്കണം. എനിക്കൊപ്പം എന്റെ പ്രിയപ്പെട്ടവരും സ്വര്‍ഗ്ഗത്തിലുണ്ടാവണം. ഒരുപക്ഷേ നമ്മുടെ പ്രിയപ്പെട്ടവര്‍ ദൈവത്തില്‍നിന്ന് അകന്നുജീവിക്കുന്നവരായിരിക്കാം.

അവരുടെ മാനസാന്തരത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുക..ഉപവസിക്കുക. അവരും എനിക്കൊപ്പം സ്വര്‍ഗ്ഗത്തിലെത്തുന്നത് സ്വപ്‌നം കാണുക. ഈശോയോട് അതിന് വേണ്ടി പ്രാര്‍ത്ഥിക്കുക.

ഹോ എന്തുരസമായിരിക്കും അത് അല്ലേ ഭൂമിയില്‍ നാം സ്‌നേഹിക്കുന്നവരെല്ലാം സ്വര്‍ഗ്ഗത്തിലും കൂടെയുണ്ടായിരിക്കുക! അതുകൊണ്ട് ദൈവത്തില്‍ നിന്ന് അകന്നുജീവിക്കുന്നവരെല്ലാം സുവിശേഷം അറിയാന്‍ അവരോട് സുവിശേഷം പ്രസംഗിക്കുക.അവര്‍്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.