മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവിലിന്റെ വിയോഗത്തില്‍ കാഞ്ഞിരപ്പള്ളി രൂപത അനുശോചിച്ചു

കാഞ്ഞിരപ്പള്ളി: പ്രേഷിത തീക്ഷ്ണതയാല്‍ സുവിശേഷത്തിന് സാക്ഷ്യം വഹിച്ച ഇടയശ്രേഷ്ഠനാണ് കഴിഞ്ഞ ദിവസം നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട സാഗര്‍ രൂപത മുന്‍ മേലദ്ധ്യക്ഷന്‍ മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവിലെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. സാഗര്‍ രൂപതയുടെ ദ്വിതീയ മെത്രാനായി ഇടയധര്‍മ്മം നിറവേറ്റിയ മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവില്‍ സാഗര്‍ രൂപതയെ ദൈവാശ്രയത്തില്‍ ഉറച്ചുനിന്നുകൊണ്ട് ധീരമായി നയിച്ചു. മിഷന്‍ രംഗങ്ങളില്‍ ത്യാഗപൂര്‍വ്വം ശുശ്രൂഷ നിര്‍വഹിച്ച നീലങ്കാവില്‍ പിതാവ് മിഷന്‍ ചൈതന്യം ഉള്‍ക്കൊണ്ട തീക്ഷ്ണമതിയായ മിഷനറിയായിരുന്നു. അഭിവന്ദ്യ മാര്‍ നീലങ്കാവില്‍ പിതാവിന്റെ ശുശ്രൂഷകളിലൂടെ സഭയ്ക്കും സമൂഹത്തിനും ലഭിച്ച നന്മകള്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുമെന്നും മാര്‍ ജോസ് പുളിക്കല്‍ അനുസ്മരണസന്ദേശത്തില്‍ പറഞ്ഞു.

വിശ്വാസത്തെയും സ്വന്തം ബോധ്യങ്ങളെയും തീക്ഷ്ണതയോടെ പ്രഘോഷിച്ച മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവില്‍ മിഷനറിയായിരിക്കുന്നതിന്റെ ചൈതന്യമെന്തെന്ന് സ്വജീവിതത്തിലൂടെ കാണിച്ചുതന്ന ആത്മീയാചാര്യനാണെന്നും ആഴമേറിയ പ്രാര്‍ത്ഥനയുടെയും അറിവിന്റെയും വെളിച്ചത്തില്‍ ശക്തമായ ശുശ്രൂഷ നിര്‍വ്വഹിക്കുവാന്‍ അഭിവന്ദ്യ പിതാവിന് കഴിഞ്ഞുവെന്നും മാര്‍ മാത്യു അറയ്ക്കല്‍ അനുസ്മരിച്ചു.

സാഗര്‍ രൂപതയിലെ ദൈവജനത്തോടും, പ്രത്യേകമായി മാര്‍ ജയിംസ് അത്തിക്കളം പിതാവിനോടും മാര്‍ ആന്റണി ചിറയത്ത് പിതാവിനോടും കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രാര്‍ത്ഥന വാഗ്ദാനം ചെയ്യുകയും വേര്‍പാടിന്റെ വേദനയില്‍ പങ്കുചേരുകയും ചെയ്യുന്നതായി കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലും മുന്‍ രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലും അറിയിച്ചു.

ഫാ.സ്റ്റാന്‍ലി പുള്ളോലിക്കല്‍
പി.ആര്‍.ഓ
കാഞ്ഞിരപ്പള്ളി രൂപത



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.