മനുഷ്യവംശത്തിന് വേണ്ടിയുള്ള അസാധാരണമായ കുതിച്ചുച്ചാട്ടമായിരുന്നു മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയതിനെക്കാള്‍ അസാധാരണവും അപൂര്‍വ്വവുമായ മഹത്തായ നേട്ടമായിരുന്നു മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം എന്ന് ഫ്രാന്‍സി്‌സ് മാര്‍പാപ്പ. മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയതിനെ മനുഷ്യരാശിക്കുവേണ്ടിയുള്ള മഹത്തായ കാല്‍വയ്പ്പായിട്ടാണ് പൊതുവെ വിശേഷിപ്പിക്കുന്നത്. മനുഷ്യന്‍ ചരിത്രപരമായി വലിയൊരു നാഴികക്കല്ലാണ് അന്ന് തീര്‍ത്തത്.

പക്ഷേ മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം അതിനെക്കാള്‍ വലിയൊരു നേട്ടമാണ്.നമ്മുടെ അമ്മ സ്വര്‍ഗ്ഗത്തിലെത്തി. നസ്രത്തിലെ നിസ്സാരക്കാരിയായ കന്യക മനുഷ്യവംശത്തിന് മുഴുവനും വേണ്ടി മഹത്തായ ലക്ഷ്യം കൈവരിച്ചു. മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണത്തെ ഉദ്ധരിച്ചുകൊണ്ട്, ഏതൊരാളുടെയും ജീവിതത്തിലെ അവസാന ലക്ഷ്യമാണ് സ്വര്‍ഗ്ഗപ്രാപ്തിയെന്നും പാപ്പ പറഞ്ഞു. ചെറിയവര്‍ക്കുവേണ്ടി ദൈവം മഹത്തായ കാര്യങ്ങള്‍ ചെയ്യും എന്നതിന്റെ ഉദാഹരണമാണ് കന്യാമേരിയുടെ ജീവിതം എന്നും പാപ്പ പറഞ്ഞു.

ആത്മാവു മാത്രമായിട്ടല്ല പൂര്‍ണ്ണശരീരത്തോടെയാണ് മറിയം സ്വര്‍ഗ്ഗാരോപിതയായത്. ഇക്കാര്യം നമുക്ക് പ്രതീക്ഷ നല്കുന്നു. നാം വിലയുളളവരാണ്, ദൈവത്തോടുകൂടിയായിരിക്കുമ്പോള്‍ നമുക്കൊന്നും നഷ്ടപ്പെടുകയില്ല. സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനത്തില്‍ വത്തിക്കാന്‍ അപ്പസ്‌തോലിക് പാലസിന്റെ ജാലകവാതില്ക്കല്‍ നിന്ന് തീര്‍ത്ഥാടകരോട് സംസാരിക്കുകയായിരുന്നു പാപ്പ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.