എല്ലാ ദുരിതങ്ങളും നമ്മുടെ പാപത്തിന്റെ ഫലം അല്ല: ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍

പല അവസരങ്ങളിലും ആളുകള്‍ ചോദിച്ചിട്ടുള്ള ഒരു ചോദ്യമുണ്ട്. തങ്ങള്‍ ഇപ്പോള്‍ കടന്നുപോകുന്ന പ്രയാസങ്ങളും ദുരിതങ്ങളും തങ്ങളുടെ പാപത്തിന്റെ ഫലമാണോ.. അതോ മാതാപിതാക്കളുടെയോ പൂര്‍വികരുടെയോ പാപത്തിന്റെ ഫലമാണോ.

ചില മാതാപിതാക്കള്‍ ഇക്കാര്യം തുറന്നു സമ്മതിച്ചിട്ടുമുണ്ട്. തങ്ങള്‍ ചെയ്ത പാപത്തിന്റെ അതേ തിരിച്ചടിയാണ് ഇപ്പോള്‍ മക്കളിലൂടെ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന്.

ഇങ്ങനെ വിഷമിച്ചു ജീവിക്കുന്നവരോട് ആദ്യമേ തന്നെ പറയട്ടെ, മനുഷ്യന്‍ ജീവിതത്തില്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്നതും സഹനങ്ങളിലൂടെ കടന്നുപോകുന്നതും അവര്‍ ചെയ്ത പാപങ്ങളുടെ ഫലമായിട്ടല്ല. അതായത് നീതിമാനും സഹിക്കാറുണ്ട്. വിശുദ്ധര്‍ക്കും ദുരിതങ്ങളുണ്ട്. ദൈവപ്രമാണങ്ങളില്‍ നിന്ന് അണുവിട വ്യതിചലിക്കാതെ ജീവിക്കുന്നവരും സഹിക്കേണ്ടതായി വരുന്നുണ്ട്. ദു:ഖങ്ങള്‍ വരാറുണ്ട്.

പരിശുദ്ധ കന്യാമറിയം മുതല്‍ രണ്ടായിരം വര്‍ഷത്തെ പാരമ്പര്യമുള്ള സഭയുടെ ചരിത്രം പരിശോധിക്കുമ്പോള്‍ നമുക്ക് മനസ്സിലാവുന്ന ഒരു കാര്യമുണ്ട് നീതിമാന്മാരും വിശുദ്ധരുമെല്ലാം പരീക്ഷിക്കപ്പെട്ടിട്ടുണ്ട്.സഹനങ്ങളിലൂടെ കടന്നുപോകേണ്ടിവന്നിട്ടുണ്ട്. സഹിച്ചിട്ടുണ്ട്. വേദനിച്ചിട്ടുണ്ട്.

അതൊന്നും അവരുടെ പാപത്തിന്റെ ഫലമായിട്ടായിരുന്നില്ല. ജീവിതത്തില്‍ ഉണ്ടാകുന്ന എല്ലാ സഹനങ്ങളുടെയും കാരണം മനുഷ്യന്‍ ചെയ്യുന്ന പാപങ്ങളല്ല.

പാപം നിറഞ്ഞ ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. എന്നാല്‍ ന ാം അനുഭവിക്കേണ്ടിവരുന്ന ദുരനുഭവങ്ങള്‍ നമ്മുടെയോ നമ്മുടെ പ്രിയപ്പെട്ടവരുടെയോ പാപത്തിന്റെ ഫലമല്ല. ഇക്കൂട്ടത്തില്‍ മറ്റൊരു കാര്യം കൂടി പറയട്ടെ നമ്മുടെ ജീവിതത്തില്‍ നേരിടേണ്ടിവരുന്ന ചില വേട്ടയാടലുകള്‍,തിരിച്ചടികള്‍, തിക്താനുഭവങ്ങള്‍ എന്നിവ നമ്മുടെ പാപത്തിന് ലഭിച്ചിരിക്കുന്ന താല്ക്കാലികമായ ചില ശിക്ഷയുമാണ്. അതിനെ നാം ദൈവം കാണുന്നതുപോലെ കാണണം.

എല്ലാ സഹനങ്ങളും പാപത്തിന്റെ ഫലവും ശിക്ഷയുമായിരുന്നുവെങ്കില്‍ നീതിമാനായ ജോബ് സഹിക്കേണ്ടിവരുമായിരുന്നില്ല. ഈശോ സഹിക്കേണ്ടിവരുമായിരുന്നില്ല, പരിശുദ്ധ കന്യാമറിയം സഹിക്കേണ്ടിവരുമായിരുന്നില്ല. പത്രോസ് വത്തിക്കാന്‍ കുന്നില്‍ തലകീഴായി മരിക്കേണ്ടിവരുമായിരുന്നില്ല. പൗലോസ് വധിക്കപ്പെടുമായിരുന്നില്ല. യോഹന്നാന്‍ ്ശ്ലീഹായൊഴികെയുള്ള എല്ലാ അപ്പസ്‌തോലന്മാരും രക്തസാക്ഷികളാകേണ്ടിവരുമായിരുന്നില്ല.

ജീവിതത്തില്‍, കുടുംബത്തില്‍ ഒരു ദുരന്തം വരുന്നത് അത് നിങ്ങള്‍ പാപം ചെയ്തതുകൊണ്ടായിരിക്കണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ മനുഷ്യന്റെ ജീവിതത്തില്‍ പാപം മൂലം ദുരിതം വരാറുമുണ്ട്.

മനുഷ്യന്‍ വിചാരിച്ചാല്‍ പല ദുരിതങ്ങളും ഒഴിവാക്കാന്‍ കഴിയും. പ്രഭാഷകന്റെ പുസ്തകത്തില്‍ പറയുന്നതുപോലെ മനസ്സ് വച്ചാല്‍ നിനക്ക് കല്പനകള്‍ പാലിക്കാന്‍ കഴിയും.ജീവനും മരണവും ദൈവം നമ്മുടെ മുമ്പില്‍വച്ചിട്ടുണ്ട്. വെള്ളവും തീയും നമ്മുടെ മുമ്പിലുണ്ട്.

ഏതു വേണമെന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്. ദൈവം നന്മ എന്താണെന്ന് കാണിച്ചുതന്നിട്ടുണ്ട്. നന്മയു ംതിന്മയും ദൈവം നമ്മുടെ മുമ്പില്‍ വച്ചി്ട്ടുണ്ട്. തിരഞ്ഞെടുക്കുന്നത് എന്തോ അതിന്റെ ഫലം മനുഷ്യന്‍ അവന്റെ ജീവിതത്തില്‍ അനുഭവിക്കേണ്ടിവരും. നിര്‍ണ്ണായകമായ സഹനങ്ങള്‍ ഒഴിവാക്കാന്‍ കഴിയുന്നത ്‌ദൈവപ്രമാണങ്ങള്‍ കൃത്യമായി പാലിക്കുന്നതിലൂടെയാണ്.

ദൈവം നമുക്ക് ചുറ്റിനും, നമ്മുടെ വീടിന് ചുറ്റിനും ഒരു വേലി കെട്ടിയിട്ടുണ്ട്. ആര്‍ക്കും കയറിയിറങ്ങി നടക്കാന്‍ കഴിയാത്തവിധത്തിലുള്ള വേലിയാണ് അത്. ജോബ് 1,10 സക്കറിയ 2:5 സക്കറിയ 2: 8 സങ്കീര്‍ത്തനം 34:7സങ്കീര്‍ത്തനം 9:10 എന്നീ തിരുവചനഭാഗങ്ങളിലൂടെയെല്ലാം കര്‍ത്താവ് നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ഒരേയൊരു കാര്യമാണ്. ഞാന്‍ന ിനക്കു ചുറ്റിനും വേലികെട്ടിയിട്ടുണ്ട്, പാളയമടിച്ചിട്ടുണ്ട്. നിനക്ക് ഒരു അനര്‍ത്ഥവും സംഭവിക്കുകയില്ല. നിന്റെ ശത്രുക്കളെ ഞാന്‍ തോല്പിക്കും.

ദൈവം തന്റെ വാഗ്ദാനങ്ങളില്‍ വിശ്വസ്തനാണ്. അവിടുന്ന് നമ്മെ വേലി കെട്ടി സംരക്ഷിക്കുക തന്നെ ചെയ്യും. എന്നാല്‍ ഈ വേലി പൊളിയും. എങ്ങനെയാണ് വേലി പൊളിയുന്നത് എന്നത് ഏശയ്യ 5 ല്‍ 1 മുതലുള്ള വാക്യങ്ങള്‍ വെളിപെടുത്തിയിട്ടുണ്ട്. വിശിഷ്ടമായ ഫലം ലഭിക്കുമെന്ന് കരുതി നട്ടുപിടിപ്പിച്ച മുന്തിരിച്ചെടിയില്‍ നിന്ന് കാട്ടുമുന്തിരിഫലം കിട്ടിയതിനെക്കുറിച്ചാണ് ഇവിടെ പരിശുദ്ധാത്മാവ് വെളിപെടുത്തിയിരിക്കുന്നത്. ദൈവം കെട്ടിയ വേലി പൊളിയുന്നതിന്റെ ഒരു സാഹചര്യം ബൈബിള്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്.

നമ്മള്‍ നല്ല ഫലം നല്കുമെന്ന് കരുതി ഒരുപാട് ഔദാര്യങ്ങളും ദാനങ്ങളും കൃപകളും അര്‍ഹതയില്ലാതിരുന്നിട്ടും നമുക്ക് നിറച്ചളന്ന് അമര്‍ത്തികുലുക്കി തന്നിട്ടും കുടുംബത്തിലേക്കും വ്യക്തികളിലേക്കും നല്കിയിട്ടും നാം നല്കിയത് കാട്ടുമുന്തിരിപ്പഴമാകുമ്പോഴാണ് വേലി പൊളിച്ചുകളഞ്ഞ് നാശത്തിന് വി്ട്ടുകൊടുക്കുന്നത്. പാപത്തില്‍ കഴിയുന്ന വ്യക്തികളുടെ ചുറ്റും കെട്ടിയിരുന്ന വേലി ദൈവം പൊളിച്ചുകളയുക തന്നെ ചെയ്യും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.