മിശ്രവിവാഹവും മതാന്തര വിവാഹവും എന്‍റെ കണ്ടുപിടുത്തമോ വ്യാഖ്യാനമോ അല്ല, നോബിളച്ചന്‍റെ മറുപടി

നടിയും അവതാരികയുമായ പേളി മാണിയും ശ്രീനീഷും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന ക്രൈസ്തവവിവാഹത്തിന്‍റെ പശ്ചാത്തലത്തില്‍ മതാന്തരവിവാഹത്തെക്കുറിച്ച് ഫാ. നോബിള്‍ തോമസ് പാറയ്ക്കല്‍ എഴുതിയ കുറിപ്പ് ഏറെ വിമര്‍ശനങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും ഇടയാക്കിയിരുന്നു. തന്‍റെ വ്യക്തിപരമായ കണ്ടുപിടുത്തവും വ്യാഖ്യാനവുമായിട്ടാണ് ആ കുറിപ്പിനെ പലരും കാണുകയും വിമര്‍ശിക്കുകയും ചെയ്തതെന്ന് നോബിളച്ചന്‍ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയില്‍ പറയുന്നു. പ്രസ്തുത വിഷയത്തെക്കുറിച്ചു തനിക്ക് നേരെ വന്ന ആരോപണങ്ങള്‍ക്ക് ഫാ. നോബിള്‍ തോമസ് പാറയ്ക്കല്‍ നല്കിയ മറുപടിയുടെ പൂര്‍ണ്ണരൂപം ചുവടെ:

മിശ്രവിവാഹവും മതാന്തരവിവാഹവും (Mixed marriage and Disparity of Cult)

അജ്ഞതയില്‍ നിന്നുണ്ടാകുന്ന ആരോപണങ്ങള്‍
മിശ്രവിവാഹത്തെയും മതാന്തരവിവാഹത്തെയും കുറിച്ചുള്ള സഭാനിയമങ്ങള്‍ വിശദീകരിച്ചപ്പോള്‍ പലരും വലിയ ആരോപണങ്ങളും കുറ്റപ്പെടുത്തലുകളുമായി എത്തുന്നതു കണ്ടു. എന്റെ വ്യക്തിപരമായ കണ്ടുപിടുത്തവും വ്യാഖ്യാനവുമാണ് അതെന്ന മട്ടിലാണ് സംസ്കാരശൂന്യമായ പ്രസ്താവനകള്‍ പലരും പോസ്റ്റിനടിയില്‍ കുറിച്ചുവെക്കുന്നത്.

ഇപ്പോള്‍ നല്കുന്ന നിയമങ്ങള്‍ കാലാകാലങ്ങളായി തിരുസ്സഭാനിയമത്തിന്‍റെ ഭാഗമായിട്ടുള്ളതും ഇപ്രകാരമുള്ള വിവാഹങ്ങള്‍ അനുവാദത്തോടു കൂടി എല്ലാ കത്തോലിക്കാസഭകളിലും ലോകമെന്പാടും നടത്തപ്പെടുന്നവയുമാണ്. ചില വിശദീകരണങ്ങള്‍ (പറഞ്ഞാല്‍ മനസ്സിലാകാത്തവര്‍ക്കും പഠിക്കാന്‍ സാവകാശവും ക്ഷമയും കാണിക്കാത്തവര്‍ക്കുമല്ല, വ്യക്തിപരമായി നിരവധി ചോദ്യങ്ങള്‍ ചോദിക്കുകയും പഠിക്കുകയും ചെയ്യുന്നവര്‍ക്കുവേണ്ടിയാണ് വിശദീകരണം)

1. മിശ്രവിവാഹം: കമന്‍റുകളില്‍ നിന്നും മനസ്സിലായ ഒരു കാര്യം ഭൂരിഭാഗം പേരും മിശ്രവിവാഹത്തെ (Mixed marriage) മതാന്തരവിവാഹമായി (Disparity of cult/ interreligious marriage) തെറ്റിദ്ധരിച്ചിരിക്കുന്നുവെന്നാണ്. രണ്ടും രണ്ടു കാര്യങ്ങളാണ്. മിശ്രവിവാഹം മാമ്മോദീസ സ്വീകരിച്ച ക്രൈസ്തവര്‍ തമ്മിലുള്ളതാണ് (കത്തോലിക്കരും യാക്കോബായ, ഓര്‍ത്തഡോക്സ് പോലുള്ള ക്രൈസ്തവസഭാംഗങ്ങളും തമ്മിലുള്ളത്). യാക്കോബായ സഭയുമായി (മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് സഭ) വിവാഹക്കാര്യത്തില്‍ എത്തിച്ചേര്‍ന്നിട്ടുള്ള ധാരണകള്‍ പ്രകാരം മുന്നോട്ടു പോകാവുന്നതാണ്. ഇത്തരം വിവാഹങ്ങളെ സഭ പ്രോത്സാഹിപ്പിക്കാറില്ലെങ്കിലും പ്രത്യേക അനുവാദം മേടിച്ച് വിവാഹം നടത്തിയാല്‍ (വിശദമായ നിയമങ്ങള്‍ മറ്റൊരു പോസ്റ്റായി നല്കുന്നതാണ്) അതൊരു കൂദാശ തന്നെയാണ്. ആയതിനാല്‍ കൂദാശയുടെ എല്ലാ കൃപാവരവും ദന്പതികള്‍ക്ക് ലഭിക്കുക തന്നെ ചെയ്യും. അതിനാല്‍ മിശ്രവിവാഹത്തെ പാപമായി പഠിപ്പിക്കുന്നതും ചിത്രീകരിക്കുന്നതും സഭാപഠനങ്ങള്‍ക്കും പ്രബോധനങ്ങള്‍ക്കും എതിരാണ്. പാപമാണെങ്കില്‍ ഒരിക്കലും സഭ അത് അംഗീകരിക്കുകയില്ലല്ലോ. 

2. മതാന്തരവിവാഹം (Disparity of Cult): ആദ്യമേ മനസ്സിലാക്കേണ്ടത് മതാന്തരവിവാഹം സഭ അനുവദിച്ചിട്ടില്ല, അത് സഭാനിയമങ്ങള്‍ക്ക് എതിരാണ് എന്നതാണ്. എങ്കിലും ചില സവിശേഷസന്ദര്‍ഭങ്ങളില്‍ (ഉദാ: പെണ്‍കുട്ടി ഗര്‍ഭിണിയായി, കുടുംബാംഗങ്ങള്‍ മതംമാറുന്നതിന് എതിരാണ്, പക്ഷേ വിവാഹം നടത്തണം) രണ്ട് മതസ്ഥര്‍ തമ്മിലുള്ള വിവാഹത്തിന് അപ്പസ്തോലന്മാരുടെ പിന്ഗാമി എന്ന നിലയില്‍ മെത്രാന് അനുവാദം കൊടുക്കാം. അത് നിയമപരമായി നിര്‍വ്വചിക്കപ്പെട്ടിരിക്കുന്ന ഒരു വിവാഹമല്ല – മറിച്ച് സഭയുടെ നിയമത്തില്‍ നിന്നുള്ള ഒരൊഴിവാണ് (Exception).

ഇപ്രകാരം നിയമത്തില്‍ നിന്ന് ഒഴിവ് മേടിച്ചു നടത്തപ്പെടുന്ന വിവാഹങ്ങള്‍ ഒരിക്കലും കൂദാശയല്ല. എങ്കിലും ഇതൊരു പാപമാണോ എന്ന ചോദ്യത്തിന് പാപം ചെയ്യാന്‍ സഭ ഒരിക്കലും അനുവാദം നല്കുകയില്ല എന്നതാണ് മറുപടി. കത്തോലിക്കാവിശ്വാസവും സമുദായചിന്തയും സ്വത്വബോധവുമുള്ളവര്‍ സ്വന്തം സഭാംഗങ്ങളെത്തന്നെ വിവാഹം കഴിക്കുക തന്നെ ചെയ്യും. അവശ്യസന്ദര്‍ഭങ്ങളില്‍ നല്കുന്ന ഒഴിവുകള്‍ പക്ഷേ നിയമത്തിലുള്ളതോ സാധാരണ കത്തോലിക്കാവിശ്വാസത്തിന്‍റെ ഭാഗമോ അല്ല, അസാധാരണമാണ് – അസാധാരണ സന്ദര്‍ഭങ്ങളില്‍ കത്തോലിക്കാവിശ്വാസിയുടെ കൂദാശാസ്വീകരണം മുടങ്ങാതിരിക്കാന്‍ വേണ്ടി നല്കുന്ന ആനുകൂല്യം മാത്രമാണ്. 

3. മിശ്രവിവാഹത്തിനും മതാന്തരവിവാഹത്തിനും പണം ആവശ്യമുണ്ടോ?: ഒരിക്കലുമില്ല. ആകെ വേണ്ടത് ഇത്തരം സന്ദര്‍ഭങ്ങളില്‍ അപേക്ഷാപത്രത്തിന്‍റെ (5/10 രൂപാ) വില നല്കുക എന്നത് മാത്രമാണ്. പക്ഷേ അതേസമയം, ഇടവകപൊതുയോഗം അതാത് ഇടവകകളില്‍ ഏതെങ്കിലും തരത്തിലുള്ള പിരിവുകള്‍ നിശ്ചയിയിച്ചിട്ടുണ്ടെങ്കില്‍ അതും എന്തെങ്കിലും കുടിശിഖയുണ്ടെങ്കില്‍ അതും അടച്ചുതീര്‍ക്കാന്‍ വികാരിമാര്‍ ആവശ്യപ്പെടാറുണ്ട്. ഇത്തരം കാര്യങ്ങള്‍ സഭാനിയമമല്ല, മറിച്ച്, ഇടവകപൊതുയോഗമാണ് തീരുമാനിക്കുന്നത്. അതിനാല്‍ വിവാഹത്തോടനുബന്ധമായി പണം ആവശ്യപ്പെടുന്നതിനെ സോഷ്യല്‍ മീഡിയായില്‍ തെറി പറയുന്നവര്‍ സ്വയം (പൊതുയോഗം അത്മായരുടെ കൂട്ടായ്മയാണല്ലോ) നിര്‍മ്മിച്ചുണ്ടാക്കിയിരിക്കുന്ന സംവിധാനത്തെയാണ് ആക്രമിക്കുന്നത്. ഇത്തരം പിരിവുകള്‍ ആവശ്യമില്ലെന്ന് പൊതുയോഗത്തിന് തീരുമാനിക്കാവുന്നതേയുള്ളൂ.

സഭാനിയമമനുസരിച്ച് കൂദാശകള്‍ നിഷേധിക്കുന്നതിന് ഒരിക്കലും ഇതൊരു കാരണമേയല്ല. (വ്യക്തിപരമായ അനുഭവങ്ങള്‍ ഇവിടെ വിശദീകരിക്കുന്നതില്‍ അര്‍ത്ഥമില്ല – നിയമം ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ലംഘിച്ചവരോടാണ് ചോദിക്കേണ്ടത്.

മാത്രവുമല്ല, എല്ലാ സംഭവങ്ങളുടെയും പശ്ചാത്തലങ്ങള്‍ ഒരിക്കലും ഒരുപോലെയല്ല താനും – അവ അതാതു സാഹചര്യങ്ങളില്‍ മാത്രമേ വിലയിരുത്തപ്പെടാന്‍ കഴിയൂ. ഇവിടെ പറയുന്നത് സഭയുടെ നിയമപരമായ കാഴ്ചപ്പാടുകള്‍ മാത്രമാണ്). 

4. സന്പന്നര്‍ക്ക് (സെലിബ്രിറ്റികള്‍ക്ക്) പ്രത്യേക ആനുകൂല്യം – പാവപ്പെട്ടവര്‍ക്ക് അവഗണന: ഏതൊക്കെയോ മഞ്ഞപ്പത്രങ്ങള്‍ എഴുതിപ്പിടിപ്പിച്ച നിറം പിടിപ്പിച്ച കഥകളില്‍ നിന്ന് ഉരുത്തിരിയുന്ന ഒരാരോപണം മാത്രമാണിത്.

ഇത്തരം അനുവാദങ്ങള്‍ പണവും സ്വാധീനമുള്ളവര്‍ക്കും മാത്രമാണ് നല്കപ്പെടുന്നത് എന്നത് തികച്ചും വ്യാജമാണ്. പണവും സ്വാധീനവുമില്ലാത്ത എത്രയോ പേര്‍ ഇത്തരത്തില്‍ സഭയുടെ അനുമതിയോടു കൂടിയുള്ള ഈ വിവാഹഉടന്പടിയില്‍ ജീവിക്കുന്നു. ഇത്തരം വിവാഹങ്ങളുടെ കാര്യത്തില്‍ മറിച്ചൊരു മാര്‍ഗ്ഗം ലഭ്യമല്ലാത്ത ആര്‍ക്കും വികാരിയച്ചന്‍റെ അനുവാദത്തോടെ രൂപതാമെത്രാനെ സമീപിക്കാവുന്നതാണ്. രൂപതാകാര്യാലയം ഈ വ്യക്തിയെ നോക്കിയല്ല, മറിച്ച് അദ്ദേഹം നല്കിയിരിക്കുന്ന അപേക്ഷാപത്രത്തിലെ വിശദീകരണങ്ങളെ അധികരിച്ച് മാത്രമാണ് തീരുമാനമെടുക്കുന്നത്.

ഇപ്രകാരം ന്യായമായ രീതിയില്‍ അപേക്ഷ നല്കിയിട്ട് പാവപ്പെട്ടവനായതുകൊണ്ട് മാത്രം അപേക്ഷ നിരസിക്കപ്പെട്ട ആരെയെങ്കിലും ചൂണ്ടിക്കാണിക്കണമെന്ന് അപേക്ഷിക്കുന്നു. അതേസമയം സാന്പത്തികം കുറഞ്ഞവരും പ്രത്യേക സ്വാധീനങ്ങളൊന്നുമില്ലാത്തവരുമായ പലരുടെയും വിവാഹം ഇത്തരത്തില്‍ നടന്നിട്ടുള്ളത് പല രൂപതകളില്‍ നിന്നുമായി എനിക്കും ചൂണ്ടിക്കാട്ടാന്‍ കഴിയും (സാമൂഹ്യമാധ്യമങ്ങളിലല്ല – അതിന് വെല്ലുവിളിക്കുകയും വേണ്ട). ഇത്തരം കല്യാണങ്ങള്‍ കത്തോലിക്കാസഭയുടെ എല്ലാ ഇടവകകളിലും ഒരെണ്ണമെങ്കിലും നടന്നിട്ടുണ്ടാകുമെന്നത് ഉറപ്പാണ്.

5. ഈ നിയമം മറച്ചുവെച്ചിരിക്കുകയായിരുന്നു/ വേദപാഠത്തില്‍ പഠിപ്പിച്ചില്ല: (തമാശയാണ്, എന്നാലും)  ഇതൊരു നിയമമല്ല, മറിച്ച് നിയമത്തില്‍ നിന്നുള്ള ഒഴിവാണ് എന്ന് പറഞ്ഞു കഴിഞ്ഞു. ഇത്തരം വിവാഹങ്ങള്‍ നടത്താന്‍ പാടില്ല എന്ന് തന്നെയാണ് സഭാഗംങ്ങളെ പഠിപ്പിക്കേണ്ടത്. അപ്രകാരം പഠിപ്പിക്കുന്നുമുണ്ട്. 

6. സഭാനിയമപ്രകാരം അനുവാദമില്ലാത്ത വിവാഹം – നിയമത്തില്‍ നിന്ന് മെത്രാന്‍ നല്കുന്ന ഒഴിവ് – കൗദാശികമല്ലാത്ത വിവാഹം (എങ്ങനെ മനസ്സിലാക്കണം): സഭയുടെ നിയമങ്ങള്‍ ആത്മീയമായ വളര്‍ച്ചയും ശിക്ഷണവും ലക്ഷ്യം വച്ചുള്ളതാണ്. മറിച്ച് ശിക്ഷിക്കാനും പുറത്താക്കാനും വേണ്ടിയുള്ളവയല്ല. ശിക്ഷയല്ല, തിരുത്തലും വളര്‍ത്തലുമാണ് അതിന്‍റെ ഉദ്ദേശം. മതാന്തരവിവാഹത്തിന്റെ പ്രത്യേക സന്ദര്‍ഭത്തില്‍ തന്‍റെ സഭാഗംത്തിന് നിയമത്തിന്‍റെ കാര്‍ക്കശ്യം മൂലം കൂദാശാജീവിതം നിഷേധിക്കപ്പെടരുതെന്ന് ആഗ്രഹിക്കുന്നതിനാല്‍ മെത്രാന്‍ വിവാഹത്തെക്കുറിച്ചുള്ള സഭയുടെ നിയമം അയാള്‍ക്ക് മാത്രമായി ഒഴിവാക്കി നല്കുന്നു. അപ്പസ്തോലന്മാര്‍ക്ക് ഇതിനുള്ള അധികാരം ഈശോ തന്നെ നല്കിയിട്ടുള്ളതാണ്. നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതും അഴിക്കുന്നതും സ്വര്‍ഗ്ഗത്തിലും കെട്ടപ്പെടുകയും അഴിക്കപ്പെടുകയും ചെയ്യും (വിശ്വാസത്തിന്‍റെ കണ്ണുകളിലൂടെയല്ലാതെ മനസ്സിലാക്കാനാവാത്ത ഇത്തരം കാര്യങ്ങളെ വലിയ ഡയലോഗുകള്‍ പറഞ്ഞ് അധിക്ഷേപിച്ചാലും സത്യം സത്യമായിത്തന്നെ അവശേഷിക്കും). 

7. ഇത്തരം വിവാഹങ്ങള്‍ ഉതപ്പിന് കാരണമാവുകയില്ലേ?:

തീര്‍ച്ചയായും അതിന് സാദ്ധ്യതയുണ്ട്. അതിനാല്‍ത്തന്നെയാണ് ഇത്തരം വിവാഹങ്ങള്‍ വലിയ ആഘോഷം കൂടാതെയും മറ്റും നടത്തണമെന്ന് ആവശ്യപ്പെടുന്നത്. ഏറ്റവും വലിയ ആഘോഷമായ വിശുദ്ധ കുര്‍ബാനയും ഇത്തരം സന്ദര്‍ഭങ്ങളില്‍ മുടക്കിയിരിക്കുന്നതിന് കാരണം അതാണ്. (ചിലരെങ്കിലും ആലോചനകളുടെ സമയത്ത് ഇതെല്ലാം സമ്മതിക്കുകയും പിന്നീട് വിവാഹാവസരത്തില്‍ മറിച്ച് ചെയ്യുകയും ചെയ്യാറുണ്ട്. ചില വികാരിമാര്‍ എതിര്‍ക്കും മറ്റു ചിലര്‍ കണ്ടില്ലെന്ന് നടിക്കും – ഇവിടെയും ഒറ്റപ്പെട്ട സംഭവങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ല). ഉതപ്പുകള്‍ നല്കാതിരിക്കാന്‍ ഏവരും ശ്രദ്ധിക്കേണ്ടതുമാണ്. എന്നാല്‍ സഭാനിയമങ്ങളെക്കുറിച്ചും ഇത്തരം ഒഴിവുകള്‍ നല്കുന്നതിന്‍റെ കാര്യകാരണങ്ങളെക്കുറിച്ചും മനസ്സിലാക്കിയാല്‍ (ദൈവജനത്തെ പഠിപ്പിച്ചാല്‍) ഇവയില്‍ നിന്നുണ്ടാകുന്ന ഉതപ്പുകള്‍ ഇല്ലാതാകും. 

8. ഇത്തരം വിവാഹങ്ങള്‍ പാപമാണ്/ കുടുംബങ്ങള്‍ തകരും എന്ന് പഠിപ്പിക്കുന്നവരുണ്ട്: തിരുസ്സഭയുടെ നിയമത്തിലും മതബോധനത്തിലും ഇത്തരം വിവാഹങ്ങള്‍ സഭ നിരുത്സാഹപ്പെടുത്തുന്നുണ്ടെങ്കിലും പാപമാണെന്നോ അത്തരം വിവാഹങ്ങള്‍ തകരുമെന്നോ പഠിപ്പിക്കുന്നില്ല. എന്നാല്‍ വിശുദ്ധ ഗ്രന്ഥത്തിലെ വചനങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ വ്യാഖ്യാനിച്ചുകൊണ്ട് ഇത്തരം പഠനങ്ങള്‍ പലരും നടത്താറുണ്ട്. ശ്രദ്ധയില്ലാത്ത ഇത്തരം വ്യാഖ്യാനങ്ങള്‍ ഇപ്രകാരം കുടുംബജീവിതം നയിക്കുന്നവരെ അസ്വസ്ഥതപ്പെടുത്തുകയും അവരുടെ ആത്മവിശ്വാസമില്ലാതാക്കുകയും ചെയ്യുന്നുവെന്നത് ഒരു സത്യമാണ്. അജപാലനപരമായ വിവേകം (pastoral prudence) ഈ വിഷയത്തില്‍ സ്വീകരിക്കേണ്ടതുണ്ട്. വ്യക്തിപരമായി നല്കുന്ന വ്യാഖ്യാനത്തേക്കാള്‍ സഭയുടെ ആകമാനമുള്ള കാഴ്ചപ്പാടും പ്രബോധനവുമാണ് ഇത്തരം വിഷയങ്ങളില്‍ (അവ വചനവിരുദ്ധമല്ല മറിച്ച് – ദൈവവചനത്തിന്‍റെ ശരിയായ വ്യാഖ്യാനത്തില്‍ നിന്ന് രൂപപ്പെടുന്നതാണ്) വിശ്വാസികള്‍ അവലംബിക്കേണ്ടത്. 

സമാപനം

സഭയുടെ നിയമവും കാഴ്ചപ്പാടും വിശദീകരിക്കുന്പോള്‍ (Interpret) അത് ന്യായീകരണമാണ് (Justification) ആണ് എന്ന് ആക്ഷേപിക്കുന്നത് ബൗദ്ധികമായ സത്യസന്ധതയില്ലായ്മയാണ് (lack of intellectual honesty). ഇവിടെ യാതൊന്നും ന്യായീകരിക്കപ്പെടുന്നില്ല – മറിച്ച് വിശദീകരിക്കപ്പെടുകയാണ്. ഇവക്ക് വിരുദ്ധമായ അനുഭവങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ അത്തരം അനുഭവങ്ങളുടെ കാരണക്കാരോടാണ് വിശദീകരണം ചോദിക്കേണ്ടത് (എന്നോടല്ല). നിയമങ്ങള്‍ ലംഘിക്കപ്പെടാതിരിക്കണമെങ്കില്‍ അതിനെക്കുറിച്ചുള്ള അറിവ് എല്ലാവര്‍ക്കുമുണ്ടാകണം. അതിനു ശ്രമിക്കാത്തവര്‍ക്കും സത്യം എന്താണെന്ന് അറിയാനും മനസ്സിലാക്കാനും അംഗീകരിക്കാനും കഴിയാത്തവര്‍ക്കും ബൗദ്ധികപക്വതയില്ലെന്ന് കരുതേണ്ടിവരുന്നതും അവരുടെ കമന്‍റുകള്‍ നീക്കംചെയ്യുന്നതിനും കാരണമതാണ്.

ആക്ഷേപിച്ചുകൊണ്ട് യാതൊരു ആശയവും സ്ഥാപിക്കാന്‍ കഴിയില്ല – പഠനത്തിലൂടെയും കാര്യകാരണങ്ങളവതരിപ്പിച്ചുമാണ് ആശയങ്ങളെ എതിര്‍ക്കുകയും പ്രതിരോധിക്കുകയും ചെയ്യേണ്ടത്. ആക്ഷേപവും അവഹേളനവും അറിവില്ലാത്തവന്‍റെ മാത്രം ആയുധങ്ങളാണ്. പാട്ടുപാടാന്‍ അറിയാത്തവന്‍ കൂട്ടത്തില്‍ കൂടി ഒച്ചയുണ്ടാക്കുന്നതുപോലുള്ള ഒരു കുസൃതി. 

Noble Thomas Parackal



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.