കന്യാസ്ത്രീമാരുടെ സേവനരംഗങ്ങളെക്കുറിച്ച് പൊതുവെ ചില ധാരണകളൊക്കെയുണ്ട്. അധ്യാപനം, നേഴ്‌സിംങ് എന്നിവയെല്ലാമാണ് അവ. എന്നാല്‍ കൃഷിക്കായി ജീവിതം ഉഴിഞ്ഞുവയ്ക്കുകയും പാടത്ത് വിത്തുവിതയ്ക്കാനും നിലം ഉഴുതാനുമായി തയ്യാറായി നില്ക്കുകയും ചെയ്യുന്ന കന്യാസ്ത്രീ എന്ന് കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നാതിരിക്കില്ല. പ്രത്യേകിച്ച് റിട്ടയര്‍മെന്റ് കഴിഞ്ഞ ഒരു കന്യാസ്ത്രീ. പോരാഞ്ഞ് ഒരു കിഡ്‌നി മാത്രമായി ജീവിക്കുന്ന വ്യക്തിയും.
എന്നാല്‍ ഇരിങ്ങാലക്കുട രൂപതയിലെ സിസ്റ്റര്‍ റോസ് ആന്റോയിലെത്തുമ്പോള്‍ ഇത്തരം അത്ഭുതങ്ങള്‍ക്ക് പൂര്‍ണ്ണത കൈവരുന്നു. മികച്ച കോളജ് അധ്യാപികയായിരുന്ന സിസ്റ്റര്‍ റിട്ടയര്‍മെന്റിന് ശേഷമാണ് പൂര്‍ണ്ണമായും കൃഷിയിലേക്ക് തിരിഞ്ഞത്.
ഇരിങ്ങാലക്കുട കോമ്പാറ പെരുവല്ലിപ്പാടത്താണ് 12.5 ഏക്കറില്‍ സിസ്റ്റര്‍ കൃഷി ചെയ്യുന്നത്. ഈ പാടത്ത് നിന്ന് കിട്ടിയ വിഭവങ്ങളെല്ലാം പെട്ടിമുടിയിലെ ദുരിതബാധിതര്‍ക്ക് അടുത്തയിടെ കയറ്റിഅയച്ചിരുന്നു.
അതുപോലെ പാടത്തെ വിളവുകളില്‍ നിന്ന് ലഭിക്കുന്നതെല്ലാം പാവങ്ങള്‍ക്കാണ് കൊടുക്കുന്നത്. നെല്ലും വളവും കൊണ്ടുവരാന്‍ വേണ്ടി റിട്ടയര്‍മെന്റ്ിന് ശേഷം ഡ്രൈവിംങിന് പഠിക്കാനും സിസ്റ്റര്‍ സന്നദ്ധയായി. കന്യാസ്ത്രീയായതിന്റെ ഇരുപത്തിയഞ്ചാം വര്‍ഷത്തിലായിരുന്നു കിഡ്‌നിദാനം.
ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജിലെ ഹിന്ദി അധ്യാപികയായിരുന്നു സിസ്റ്റര്‍.