സോഷ്യല്‍ മീഡിയായില്‍ കന്യാസ്ത്രീകള്‍ക്കെതിരെ പോസ്റ്റുകള്‍, പരാതിയുമായി കന്യാസ്ത്രീകള്‍

കൊച്ചി: സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ കന്യാസ്ത്രീകളെ മോശക്കാരായി ചിത്രീകരിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയായില്‍ വ്യാപകമാകുമ്പോള്‍ ഇതിനെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ രംഗത്ത്.

ആസൂത്രിതവും ഗൂഢലക്ഷ്യപ്രേരിതവുമായിട്ടാണ് കന്യാസ്ത്രീകള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ കൊണ്ട് സോഷ്യല്‍ മീഡിയ നിറയുന്നത്. സഭയെക്കുറിച്ചോ സന്യാസജീവിതത്തെക്കുറിച്ചോ കൃത്യമായ ധാരണകള്‍ ഇല്ലാത്തവരും നിരീശ്വരവാദികളും ചില പ്രത്യേക പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്നവരുമാണ് അവഹേളനാപരമായ കുറിപ്പുകള്‍ തുടര്‍ച്ചയായി പോസ്റ്റു ചെയ്യുന്നത്.

ഇതിനെതിരെ സന്യാസിനികളുടെ അഭിഭാഷകകൂട്ടായ്മയും കൊല്ലംരൂപത കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷനും കെസിവൈഎം രൂപത സമിതിയും രംഗത്തിറങ്ങുകയും പോലീസ് അധികാരികള്‍ക്കും സൈബര്‍ സെല്ലിനും പരാതികള്‍ നല്കുകയും ചെയ്തിട്ടുണ്ട്. ചില വാര്‍ത്താചാനലുകളും ഇത്തരം കുപ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നുണ്ട്.

ക്രൈസ്തവര്‍ പരിപാവനമായി കരുതുന്ന പലതും ഇവര്‍ അപഹാസ്യമായി കാണുന്നു എന്നതാണ് ഏറെ ഖേദകരം. വിഷം തുപ്പുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായിഅണിനിരക്കേണ്ടത് ഒരോ ക്രൈസ്തവവിശ്വാസിയുടെയും സഭാസ്‌നേഹിയുടെയും കടമയാണ്.

ഇന്ന് കന്യാസ്ത്രീകളെ നിന്ദിക്കുകയും അപമാനിക്കുകയും ചെയ്യുന്നതില്‍ മുമ്പന്തിയില്‍ നില്ക്കുന്ന പലരെയും അക്ഷരം കൂട്ടിവായിക്കാന്‍ പഠി്പ്പിച്ചതും രോഗകാലങ്ങളില്‍ ശുശ്രൂഷിച്ചതും ഈ കന്യാസ്ത്രീകള്‍ തന്നെയായിരുന്നില്ലേ എന്ന് ആത്മശോധന നടത്തട്ടെ. നന്ദിയില്ലെങ്കിലും നന്ദികേട് കാണിക്കാതിരിക്കുകയെങ്കിലും ചെയ്തുകൂടെ ഇവര്‍ക്ക്?മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.