പാലു കൊടുക്കുന്ന മാതാവിനോട് പ്രാര്‍ത്ഥിച്ചാല്‍ കിട്ടുന്ന അനുഗ്രഹങ്ങള്‍

പരിശുദ്ധ അമ്മയുടെ നിരവധിയായ ചിത്രങ്ങള്‍ കണ്ടിട്ടുള്ളവരാണ് നാം. അവയില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ഉണ്ണീശോയ്ക്ക് പാലു കൊടുക്കുന്ന മാതാവിന്റെ രൂപം. ഔര്‍ ലേഡി ഓഫ് ദ മില്‍ക്ക് എന്നാണ് മാതാവിന്റെ ഈ ചിത്രം അറിയപ്പെടുന്നത്.

ബെദ്‌ലഹേമിലെ മില്‍ക്ക് ഗ്രോട്ടോയിലാണ് ഈ ചിത്രമുള്ളത്. കുഞ്ഞിപ്പൈതങ്ങളെ ഹേറോദോസ് കൊന്നൊടുക്കിയപ്പോള്‍ പലായനം ചെയ്ത തിരുക്കുടുംബം ഈജിപ്തിലേക്ക് പോകുന്നതിന് മുമ്പ് ഈ ഗ്രോട്ടോയില്‍ അഭയം തേടിയിരുന്നുവെന്നും അന്ന് ഉണ്ണീശോയ്ക്ക് പാലു കൊടുത്തപ്പോള്‍ ഒരു തുള്ളി നിലത്തുപോയെന്നും അങ്ങനെ അവിടം മുഴുവന്‍ വെള്ള നിറത്തിലായെന്നുമാണ് വിശ്വാസം. ഈ സ്ഥലത്ത് അഞ്ചാം നൂറ്റാണ്ടിലാണ് ഒരു ദേവാലയം പണികഴിപ്പിച്ചത്. ഫ്രാന്‍സിസ്‌ക്കന്‍ ദേവാലയമായിരുന്നു അത്.

മാതാവിനോടുളള പ്രാര്‍ത്ഥനയുടെ നിരവധിയായ അനുഗ്രഹങ്ങള്‍ ലഭിച്ചിട്ടുള്ളവരാണ് നമ്മള്‍. അതുപോലെ പാലുകൊടുക്കുന്ന മാതാവിനോട് പ്രാര്‍ത്ഥിച്ചാലും നമുക്ക് നിരവധിയായ അനുഗ്രഹങ്ങള്‍ അമ്മ വാങ്ങിത്തരും. എങ്കിലും കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാരുടെ പ്രാര്‍ത്ഥന മാതാവ് പ്രത്യേകമായി കേള്‍ക്കുകയും അവരെ അനുഗ്രഹിക്കുകയും ചെയ്യുമെന്നാണ് പാരമ്പര്യവിശ്വാസം. ഇവിടെ വന്ന് പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി അനേകം ദമ്പതികള്‍ക്ക് കുഞ്ഞുങ്ങളെ നല്കി ദൈവം അനുഗ്രഹിച്ചിട്ടുണ്ട്. അതുകൊണ്ട് നമുക്കിടയില്‍ കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന ദമ്പതികളുണ്ടെങ്കില്‍, നമുക്ക് അത്തരക്കാരെ പരിചയമുണ്ടെങ്കില്‍ ഈ മാതാവിനോട് പ്രാര്‍ത്ഥിക്കട്ടെ.

ജന്മപാപമില്ലാതെ ഭൂമിയില്‍ പിറക്കുകയും ചാരിത്രശുദ്ധിക്ക് ഭംഗംവരാതെ ഉണ്ണിയേശുവിന് ജന്മം നല്കുകയും ചെയ്ത പരിശുദ്ധ കന്യാമറിയമേ ഒരു കുഞ്ഞിനെ ലഭിക്കാനുള്ള ഞങ്ങളുടെ ആഗ്രഹത്തെ അമ്മയ്ക്കായി സമര്‍പ്പിക്കുന്നു. ദൈവഹിതാനുസരണം ഒരു കുഞ്ഞിനെ ലഭിക്കാനും ദൈവത്തിന് വേണ്ടി ആ കുഞ്ഞിനെ വളര്‍ത്താനും ഞങ്ങളെ അനുഗ്രഹിക്കണമേ. ഇണയും തുണയുമായി ഞങ്ങളെ ദാമ്പത്യബന്ധത്തിലൂടെ ഒന്നിപ്പിച്ച ദൈവത്തിന്റെ അനന്തകാരുണ്യത്തിന് മുമ്പിലേക്ക് മാതാപിതാക്കളായിത്തീരാനുള്ള ഞങ്ങളുടെ ആഗ്രഹത്തെയും മാതാവിന്റെ മാധ്യസ്ഥശക്തിയിലൂടെ യാചിക്കുന്നു. അമ്മേ മാതാവേ ദൈവപിതാവിന് മുമ്പില്‍ ഈ നിയോഗം സമര്‍പ്പിച്ച് സ്വര്‍ഗ്ഗത്തിന്റെ ഇടപെടലിനായി ഞങ്ങള്‍ കാത്തിരിക്കുന്നു. അപേക്ഷിച്ചാല്‍ ഉപേക്ഷിക്കാത്ത മാതാവേ, ഞങ്ങളെ കൈവിടരുതേ. ദൈവഹിതം ഞങ്ങളുടെ മേല്‍ നിറവേറണമേ. ആമ്മേന്‍



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.