എന്തിനാണ് പ്രാര്‍ത്ഥിക്കുന്നത്? എന്താണ് പ്രാര്‍ത്ഥനകൊണ്ടുള്ള പ്രയോജനം?

പ്രാര്‍ത്ഥിക്കാത്തവരായി ആരും തന്നെയുണ്ടാവില്ല. ജീവിതത്തിലെ എത്രയെത്ര സന്ദര്‍ഭങ്ങളില്‍ പ്രാര്‍ത്ഥനയ്ക്കായി മുട്ടുകുത്തിയിരിക്കുന്നവരാണ് നാം ഓരോരുത്തരും. പരീക്ഷാജയത്തിന് ചെറുപ്പകാലങ്ങളില്‍ പ്രാര്‍ത്ഥിച്ചിരുന്ന നാം മുന്നോട്ടുള്ള യാത്രകളില്‍ ഓരോരോ അവസരങ്ങളില്‍ പ്രാര്‍ത്ഥനയെകൂട്ടുപിടിക്കുന്നു.ജോലിക്ക്..വിവാഹത്തിന്, കുഞ്ഞുങ്ങള്‍ക്ക്. വീടിന്.. രോഗശാന്തിക്ക്. സാമ്പത്തികാഭിവൃദ്ധിക്ക്.. എല്ലാറ്റിനും പ്രാര്‍ത്ഥിക്കുന്നത് നല്ലതാണ്.

എല്ലാം നമുക്ക് പ്രാര്‍ത്ഥനയിലൂടെ നേടിയെടുക്കുകയും ചെയ്യാം. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ക്കുവേണ്ടി മാത്രമാണോ നാം പ്രാര്‍ത്ഥിക്കേണ്ടത്. അല്ലെങ്കില്‍ ഇവയാണോ പ്രാര്‍ത്ഥന കൊണ്ടുള്ള പ്രയോജനം. ഉദ്ദിഷ്ടകാര്യങ്ങള്‍ സാധിച്ചെടുക്കുക എന്നതുമാത്രമാണോ പ്രാര്‍ത്ഥനയുടെ ലക്ഷ്യം? ഒരിക്കലുമല്ല.

നാം പ്രാര്‍ത്ഥിക്കേണ്ടത് നമ്മുടെ ജീവിതത്തിലെയും മനസ്സിലെയും ഇരുട്ടു നീങ്ങിപ്പോകാന്‍ വേണ്ടികൂടിയായിരിക്കണം. നിരാശകളില്‍ നിന്ന് മോചനം ലഭിക്കാന്‍ വേണ്ടിയായിരിക്കണം. പല കാരണങ്ങളാലും നിരാശപ്പെടുന്നവരാണ് നാം ഓരോരുത്തരും. ഈ നിരാശയെ മറികടക്കാന്‍ പ്രാര്‍ത്ഥന കൊണ്ടുമാത്രമേ കഴിയൂ. വിശുദ്ധ എഫ്രേം ഇങ്ങനെയൊരു നിര്‍ദ്ദേശം മുന്നോട്ടുവയ്ക്കുന്നുണ്ട്.
വിശുദ്ധ എഫ്രേം പ്രാര്‍ത്ഥിച്ചിരുന്ന പ്രാര്‍ത്ഥനയിലെ പ്രസക്തഭാഗങ്ങള്‍ ഇപ്രകാരമാണ്:

ഓ കര്‍ത്താവേ എന്റെ മനസ്സിലെ ഇരുട്ടിനെ അവിടുത്തെ ജ്ഞാനം കൊണ്ട് ദൂരെയകറ്റണമേ. അങ്ങേ പ്രകാശം എന്റെ ജീവിതത്തിലും മനസ്സിലും നിറയട്ടെ. അങ്ങയെ പുതു ചൈതന്യത്താല്‍ സേവിക്കാന്‍ ഞങ്ങളെസഹായിക്കണമേ. ഉദിച്ചുയരുന്ന സൂര്യന്‍ തന്റെ കിരണങ്ങളാല്‍ അന്ധകാരത്തെ ദൂരെയകറ്റുന്നതുപോലെ അങ്ങേ ദിവ്യപ്രകാശം എന്റെമനസ്സിലെ അന്ധകാരവും അകറ്റണമേ. അങ്ങയില്‍ ദൃഷ്ടിയുറപ്പിച്ചുകൊണ്ട് ജീവിക്കാന്‍, ഇന്നേ ദിവസം ആരംഭിക്കാന്‍ എനിക്ക് ശക്തി നല്കിയാലും.

അതെ,നമ്മുടെ ഉള്ളിലെ ഇരുട്ട് അകന്നുപോകാന്‍ കൂടിയായിരി്ക്കട്ടെ നമ്മുടെ പ്രാര്‍ത്ഥനകള്‍. ഇരുട്ട് അകന്നുപോകുമ്പോള്‍ ജീവിതം പ്രസാദപൂരിതമാകും. ദൈവേഷ്ടപ്രകാരം ജീവിക്കാനും നമുക്ക് സാധിക്കും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.