പ്രപഞ്ചത്തിലെ ആദ്യ പാപം നടന്നത് സ്വര്‍ഗ്ഗത്തില്‍: ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍


ദൈവത്തിന് എല്ലാവരോടും സ്‌നേഹം മാത്രമേയുള്ളൂ. എന്നിട്ടും എല്ലാവരോടും ഇഷ്ടമുള്ള ദൈവത്തിന് ചെറിയൊരു ഇഷ്ടക്കേടുണ്ട്. ആരോടാണ് എന്നല്ലേ ഗര്‍വ് കലര്‍ന്ന കണ്ണുകളോട്. അഹങ്കാരികളോട്. അഹങ്കാരം കലര്‍ന്ന് കണ്ണ് ദൈവം വെറുക്കുന്നു. അഹങ്കാരികളെ ദൈവം വെറുക്കുന്നു. എല്ലാവരോടും താല്പര്യവും വാത്സല്യവും സ്‌നേഹവുമുള്ള ദൈവത്തിന് അഹങ്കാരികളോട് മാത്രം വെറുപ്പ്. ഈ തിരിച്ചറിവ് നമ്മെ ഞെട്ടിക്കുന്നതാണ്.

ഒരു മനുഷ്യന്‍ ദൈവത്തോട് ചെയ്യുന്ന ഏറ്റവും വലിയ പാപമാണ് അഹങ്കാരം. വ്യഭിചാരത്തെക്കാള്‍, കൊലപാതകത്തെക്കാള്‍ വലിയ പാപമാണ് അഹങ്കാരം.

പ്രപഞ്ചത്തിലെ ആദ്യത്തെ പാപമാണ് അഹങ്കാരം. അതൊരിക്കലും ഏദന്‍തോട്ടത്തില്‍ അല്ല നടന്നത്. പ്രപഞ്ചത്തിലെ ആദ്യത്തെ പാപം നടന്നത് സ്വര്‍ഗ്ഗത്തിലാണ്. അത് സ്വര്‍ഗ്ഗത്തിലെ ഒരു കൂട്ടം മാലാഖമാര്‍ ദൈവത്തിനെതിരെ മറുതലിച്ചതാണ്. ഏശയ്യ പതിനാലാം അധ്യായം നമുക്ക് അതേക്കുറിച്ച് വ്യക്തത നല്കുന്നുണ്ട്.

ലൂസിഫര്‍ മാലാഖയായിരുന്നു. ദൈവത്തിന്റ തേജസിനോട് അടുത്തു നില്ക്കാന്‍ ഭാഗ്യം കിട്ടിയ മാലാഖമാരിലൊരാള്‍. ഗബ്രിയേലിനും മിഖായേലിനും റഫായേലിനും പോലെ ദൈവത്തോട് അടുത്തുനില്ക്കാന്‍ ഭാഗ്യം കിട്ടിയ മാലാഖ. അതായിരുന്നു ലൂസിഫര്‍. ഉഷസിന്റെ പുത്രനായ പ്രഭാതനക്ഷത്രമേ എന്നാണ് ഏശയ്യായുടെ പുസ്തകത്തില്‍ ലൂസിഫിനെ സംബോധന ചെയ്യുന്നത്. ലൂസിഫറിന്‍റെ വിചാരങ്ങള്‍ ഇങ്ങനെയാണ്.

ഞാന്‍ സ്വര്‍ഗത്തിലേക്ക് കയറും. എന്റെ സിംഹാസനം ഞാന്‍ സ്ഥാപിക്കും. ഉന്നതമായ മേഘങ്ങള്‍ക്ക് മീതെ ഞാന്‍ കയറും. ഞാന്‍ അത്യുന്നതനെപോലെ ആകും. ഇങ്ങനെ ഞാന്‍…ഞാന്‍.. അതായത് ദൈവത്തെക്കാള്‍ വലിയവനാകാന്‍ ലൂസിഫര്‍ ശ്രമിക്കുന്നു. ‍താന്‍ എന്തോ ആണെന്ന് അവന്‍ ഭാവിക്കുന്നു. ലൂസിഫര്‍ പറയുന്ന വാചകങ്ങളില്‍ ഞാന്‍ അഞ്ചുതവണ ആവര്‍ത്തിക്കുന്നുണ്ട്.

ഞാന്‍ ആണ് എപ്പോഴും എവിടെയും പ്രശ്‌നം. സഭയിലും സമൂഹത്തിലും കുടുംബജീവിതത്തിലും വ്യക്തിജീവിതത്തിലും സൗഹൃദങ്ങള്‍ക്കിടയിലും എല്ലാം.

ഞാന്‍ അറിഞ്ഞില്ല,

എന്നോട് പറഞ്ഞില്ല.

ഞാന്‍ ആരാണെന്ന് നിനക്കറിയില്ല..

ഇങ്ങനെ എത്രയോ തവണയാണ് നമ്മിലെ ഞാന്‍ കലഹിച്ചിട്ടുള്ളത്. മറ്റുള്ളവരെ നിസ്സരരായി കാണുന്നതിനും അവരെ പരിഹസിക്കുന്നതിനും എല്ലാം കാരണങ്ങളിലൊന്ന് അഹങ്കാരമാണ്.

അഹങ്കരിച്ച മാലാഖമാരാണ് പിശാചുക്കളായി മാറിയത് . അഹങ്കാരത്തെക്കുറിച്ച് പ്രഭാഷകന്റെ പുസ്തകത്തിലും മനോഹരമായ ഒരു പരാമര്‍ശമുണ്ട് പത്താം അധ്യായം ഏഴുമുതലുള്ള തിരുവചനങ്ങളാണ് അത്. അഹങ്കാരം കര്‍ത്താവിനെയും മനുഷ്യരെയും വെറുപ്പിക്കുന്നു.

സുഭാഷിതങ്ങളില്‍ ദൈവം വെറുക്കുന്നു എന്ന് പറയുന്ന തിന്മയായ അഹങ്കാരം മനുഷ്യരെയും വെറുപ്പിക്കുന്നുവെന്നുവെന്ന് പ്രഭാഷകന്‍ പറയുന്നു. അഹങ്കാരം മൂലം സാമ്രാജ്യങ്ങള്‍ അകന്നുപോകുന്നുവെന്ന് അതില്‍ വ്യക്തമാക്കുന്നു.. അഹങ്കാരം തുടങ്ങുമ്പോള്‍ തന്നെ സ്രഷ്ടാവില്‍ നിന്ന് മനുഷ്യര്‍ അകന്നുപോകുന്നു.ഹൃദയം സ്രഷ്ടാവിനെപരിത്യജിക്കുന്നു.

മക്കബായരുടെ രണ്ടാം പുസ്തകത്തിലും അതിമാത്രമായ അഹങ്കാരം കൊണ്ട് നാശം ക്ഷണിച്ചുവരുത്തിയ ഒരാളെക്കുറിച്ച് പറയുന്നു. അന്തിയേക്കിയൂസ് എന്നാണ് അയാളുടെ പേര്. ജെറുസലേമിനെ യഹൂദന്മാരുടെ ശ്മശാനഭൂമിയാക്കുമെന്ന് വീമ്പിളക്കി കോധ്രത്താല്‍ ജ്വലിച്ച് രഥവേഗം വര്‍ദ്ധിപ്പിക്കാന്‍ അയാള്‍ ആജ്ഞാപിക്കുന്നു. അങ്ങനെ വേഗത്തില്‍ രഥം പോകുമ്പോള്‍ അയാള്‍ രഥത്തില്‍ നിന്ന് തെറിച്ചുപോയി. സര്‍വ്വാംഗം തകര്‍ന്നു. ജീവിച്ചിരിക്കെ തന്നെ അഴുകിത്തുടങ്ങുന്ന അവസ്ഥയിലേക്ക് അയാളുടെ ജീവിതം മാറുന്നതായി തുടര്‍ന്നുള്ള ഭാഗങ്ങളില്‍ ന ാം വായിക്കുന്നു..

ദാനിയേലിന്റെ പുസ്തകത്തിലും ഒരു രാജാവുണ്ട് .നെബുക്കദ്‌നെസര്‍ രാജാവ്. ദാനിയേല്‍ നാല് ഇരുപത്തിയൊന്‍പതാം വാക്യത്തിലാണ് ഈ രാജാവിനെ കാണുന്നത്. ബാബിലോണ്‍ സാമ്രാജ്യത്തിന്റെ അധിപനാണ് ഇദ്ദേഹം. ഞാന്‍ , എന്റെ, എന്നിങ്ങനെയുള്ള വീരവാചകങ്ങളാണ് അയാള്‍ മുഴക്കുന്നത്. തന്റെ കഴിവുകൊണ്ട് എല്ലാം നേടിയെടുത്തതായി അയാള്‍ അഹങ്കരിക്കുന്നു.

അപ്പസ്‌തോലപ്രവര്‍ത്തനം പന്ത്രണ്ടാം അധ്യായത്തില്‍ ഹെറോദോസ് രാജാവിനെ കാണുന്നു. ഹെറോദോസ് അഗ്രിപ്പ എന്നാണ് ചരിത്രത്തില്‍ ഇയാളെ രേഖപ്പെടുത്തിയിരിക്കുന്നത്. യാക്കോബിനെ കൊന്നതും പത്രോസിനെ തടവിലാക്കിയതും അയാളാണ്. മറ്റുള്ളവരുടെ വിണ്‍വാക്കുകളില്‍ മതിമറന്നിരിക്കുന്ന ഹെറോദോസിനെ ദൈവം നിലംപറ്റിക്കുന്നത് തുടര്‍ന്നുള്ളവായനയില്‍ നാം കാണുന്നു.

മേല്പ്പറഞ്ഞവയൊക്കെ നമുക്കു മുന്പിലെ ചില പാഠങ്ങളാണ്. അഹങ്കാരം കൊണ്ട് ജീവിക്കുന്പോള്‍ ജീവിതം ചിതറിക്കപ്പെടുമെന്നതിന്‍റെ ഉദാഹരണങ്ങളാണ്.

എനിക്ക് ബുദ്ധിയുണ്ട്, ശക്തിയുണ്ട് ഇങ്ങനെയൊന്നും നാം അഹങ്കരിക്കരുത്. ഒരുപാട് സമ്പന്നനായ ഒരു മനുഷ്യനെ ഞാന്‍ അടുത്തയിടെ കണ്ടു. കേരളത്തിലെ തന്നെ ഏറ്റവും സമ്പന്നനായ ഒരു വ്യക്തി. ദൈവത്തിന്‌റെ കരുണ കൊണ്ട് എന്റെ മക്കള്‍ ഇങ്ങനെയായി. അദ്ദേഹം മക്കളെക്കുറിച്ച് പറഞ്ഞത് അങ്ങനെയാണ്.

ദൈവത്തിന്റെ കരുണ കൊണ്ട്..അദ്ദേഹം എന്തു പറഞ്ഞാലും അങ്ങനെയാണ് തുടങ്ങുന്നത്. അയാള്‍ പറയുന്നത് മുഴുവന്‍ അതാണ്.

ജീവിതത്തില്‍ എന്തെല്ലാം നേട്ടങ്ങളുണ്ടായാലും അത് ദൈവത്തിന്റെ കരുണ കൊണ്ടാണെന്ന് ആത്മാര്‍ത്ഥമായി പറയണം. അഹങ്കാരത്തിന്റെ അവസാനം അപമാനമുണ്ട്.എന്ത് അനുഗ്രഹം കിട്ടിയാലും അത് ദൈവം തന്നതാണെന്ന് പറഞ്ഞ് എളിമയോടെ അംഗീകരിക്കരിക്കണം.

ദൈവത്തിന്റെ മഹത്വം നാം എടുക്കരുത്. എന്തെങ്കിലും നന്മ നമുക്കുണ്ടെങ്കില്‍ അത് ദൈവം തന്നതാണ്. നല്ലജോലിയുണ്ടോ, നല്ല വീടും വിലകൂടിയ വാഹനവുമുണ്ടോ ഒരിക്കലും ചി്ന്തിക്കരുത് ഇത് എന്റെകഴിവുകൊണ്ടാണെന്ന്..പകരം ഇത് ദൈവം തന്നതാണെന്ന് പറയണം. അങ്ങനെ വിശ്വസിക്കണം. എളിമയോടെ ഏറ്റുപറയണം.

ജിമ്മില്‍ പോയി മസില്‍ പെരുപ്പിച്ച് നടക്കുമ്പോഴും പറയരുത് ഇതെന്റെ ശരീരം എന്റെ കഴിവുകൊണ്ട് ഉണ്ടാക്കിയതാണെന്ന്.ദൈവമാണ് എല്ലാം തരുന്നത്.

കോളജ് അധ്യാപകനായ ഒരു വ്യക്തി ഇങ്ങനെ പറയുമായിരുന്നു.ജീവിതം എന്നു പറയുന്നത് ആക്‌സമികതയുടെ കൂമ്പാരമാണ് എന്ന്.അദ്ദേഹത്തിന് അങ്ങനെ പറയാം. പക്ഷേ. ആത്മീയരുടെ ഭാഷയില്‍ ഇത് ആകസ്മികതയല്ല ദൈവത്തിന്റെ കരുണയാണ് എന്ന് നമ്മള്‍ പറയണം. അങ്ങനെ പറഞ്ഞുപഠിക്കണം. പറഞ്ഞു ശീലിക്കണം.

വെറുതെ പറയാന്‍ എളുപ്പമാണ്. പക്ഷേ ഉള്ളിന്റെയുള്ളില്‍ അങ്ങനെ ആത്മാര്‍ത്ഥമായി പറയണം. എന്തു അനുഗ്രഹം കിട്ടിയാലും കര്‍ത്താവേ അത് നിന്റെ കരുണയാണെന്ന് പറയാന്‍ മറക്കരുത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.