കേരള സഭയ്ക്കുവേണ്ടി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാമോ?

ഏറെ പ്രാര്‍ത്ഥനയോടെ നാം ഒക്ടോബറിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. പരിശുദ്ധ അമ്മയ്ക്കും ജപമാലയ്ക്കും വേണ്ടി പ്രത്യേകം നീക്കിവച്ചിരിക്കുന്ന മാസമാണ് ഇതെന്ന് നമുക്കറിയാം. കുടുംബങ്ങളിലും കൂട്ടായ്മകളിലും ദേവാലയങ്ങളിലുമെല്ലാം പ്രത്യേകമായി ജപമാല പ്രാര്‍ത്ഥനകള്‍ നടത്തുന്ന സമയം. കോവിഡ് മഹാമാരിയാണെങ്കിലും ജപമാല പ്രാര്‍ത്ഥനകളെ നാം ഒഴിവാക്കിയിട്ടില്ല. വിവിധ നിയോഗങ്ങളുമായിട്ടാണ് നാം മാതാവിന്റെ മുമ്പില്‍ അണയുന്നതും.

വ്യക്തിപരമായ അത്തരം നിയോഗങ്ങള്‍ക്കൊപ്പം ഒരു നിയോഗം കൂടി വയ്ക്കാമോ.
അത് കേരളസഭയ്ക്കുവേണ്ടിയുളള നിയോഗമാണ്. നമുക്കെല്ലാം അറിയാവുന്നതുപോലെ ഒരുപാട് പ്രശ്‌നസങ്കീര്‍ണ്ണതകളിലൂടെയാണ് കേരള സഭ കടന്നുപോകുന്നത്. ആരാധനക്രമത്തെക്കുറിച്ചുള്ള തര്‍ക്കങ്ങളും വിയോജിപ്പുകളും ഒരു വശത്ത്. മറ്റൊരു വശത്ത് നാര്‍ക്കോട്ടിക് ജിഹാദ് ഉണര്‍ത്തിവിട്ട കോലാഹലങ്ങള്‍. ആളുകള്‍ പക്ഷം പിടിച്ചും ചേരിതിരിഞ്ഞും സംസാരിക്കുന്നു. മതമേലധ്യക്ഷന്മാരെ വെല്ലുവിളിക്കുന്നു. സഭയ്ക്കുള്ളില്‍ ഇങ്ങനെ പല കാരണങ്ങള്‍ കൊണ്ടും ഐക്യം നഷ്ടമായിരിക്കുന്നു. ഇങ്ങനെയൊരു സാഹചര്യത്തില്‍ സഭയില്‍ കൂട്ടായ്മയും ഐക്യവും സ്‌നേഹവും സഹകരണവും ഉണ്ടാവേണ്ടത് വളരെ അത്യാവശ്യമാണ്.

ഈശോയുടെ ക്രൂശുമരണത്തോടെ ചിതറിക്കപ്പെട്ടുപോയ ശിഷ്യഗണത്തെ ഒരുമിച്ചുചേര്‍ത്തത് മാതാവിന്റെ സാന്നിധ്യവും മാധ്യസ്ഥവുമായിരുന്നുവല്ലോ. ആ സാമീപ്യവും മാധ്യസ്ഥവും നമുക്ക് മാതാവിനോട് കേരളസഭയ്ക്കുവേണ്ടി ചോദിക്കാം.

അതുകൊണ്ട് മരിയന്‍ പത്രത്തിന്റെ വായനക്കാരോടായി ഞങ്ങള്‍ ഒരു അപേക്ഷ നടത്തുകയാണ്. വ്യക്തിപരമായ നിയോഗങ്ങള്‍ക്കൊപ്പം ഒക്ടോബറിലെ ജപമാല പ്രാര്‍ത്ഥനയില്‍ കേരളസഭയ്ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുക. ഇടയന്മാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക, വൈദികര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. അല്മായര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. ഒരേ ഒരു രഹസ്യം. ആത്മാര്‍തഥമായ ആ പ്രാര്‍ത്ഥനയിലൂടെ ദൈവം കേരളസഭയില്‍വലിയ അത്ഭുതങ്ങള്‍ ചെയ്യുക തന്നെ ചെയ്യും. നമുക്ക് അമ്മയോട് ഇങ്ങനെ പ്രാര്‍ത്ഥിക്കുകയും ചെയ്യാം

അമ്മേ മാതാവേ, കേരളസഭയില്‍ സമാധാനം പുലരണമേ. അജപാലകരും ആടുകളും തമ്മില്‍ ഐക്യം ഊ്ട്ടിയുറപ്പിക്കണമേ. സഭയുടെ നാശം കാണാനും രക്തം കുടിക്കാനും കാത്തുപതുങ്ങിയിരിക്കുന്ന ചെന്നായ്ക്കളെ ചിതറിക്കണമേ. അവരെ തകര്‍ക്കണമേ. അമ്മേ മാതാവേ ഞങ്ങള്‍ അര്‍പ്പിക്കുന്ന ജപമാല പ്രാര്‍ത്ഥനകള്‍ ഇങ്ങനെയൊരു നിയോഗത്തിന് വേണ്ടി പ്രത്യേകം സമര്‍പ്പിക്കുന്നു. ആമ്മേന്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.