അഞ്ചു വിശുദ്ധരുടെ വിശുദ്ധയായ അമ്മയോട് മക്കളെ വിശുദ്ധിയിലേക്ക് നയിക്കാൻ പ്രാർത്ഥിക്കാം

അതെ, വിശുദ്ധരായി കത്തോലിക്കാ സഭ വണങ്ങുന്ന അഞ്ചു വിശുദ്ധരുടെ അമ്മയാണ് വിശുദ്ധ എമ്മീലിയ.

വിശുദ്ധ ബേസില്‍ ദ ഗ്രേറ്റ്, വിശുദ്ധ മാക്രീന, വിശുദ്ധ പീറ്റര്‍ ഓഫ് സെബാസ്റ്റീ, സെന്റ് ഗ്രിഗറി ഓഫ് ന്യസാ, വിശുദ്ധ തിയോസെബിയ എന്നിവരാണ് വിശുദ്ധ എമ്മീലിയായുടെ മക്കള്‍. അല്ലെങ്കില്‍ വിശുദ്ധഎമ്മീലിയായുടെ മക്കളാണ് ഈ വിശുദ്ധര്‍ എന്നും പറയാം.

ഒമ്പതോ പത്തോ മക്കളാണ് എമ്മീലിയായ്ക്ക് ഉണ്ടായിരുന്നത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. അതില്‍ അഞ്ചുപേരും വിശുദ്ധരായി. എന്തൊരു അത്ഭുതം അല്ലേ? മക്കള്‍ പ്രായപൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ വിശുദ്ധയായ ഈ അമ്മ തന്റെ സ്വത്തെല്ലാം മക്കള്‍ക്ക് വിഭജിച്ചുനല്കുകയും ആശ്രമജീവിതം തിരഞ്ഞെടുക്കുകയും ചെയ്തു. പിന്നീട് മഠം സ്ഥാപിക്കുകയും ചെയ്തു.

അമ്മയുടെ ജീവിതമാതൃകയില്‍ ആകൃഷ്ടരായ ഈ മക്കള്‍ അമ്മയുടെ വഴിയെ ചരിക്കുകയും അമ്മയെപോലെ വിശുദ്ധരായിത്തീരുകയും ചെയ്തു. സഭാപിതാക്കന്മാരും ദൈവശാസ്ത്രജ്ഞരും ആശ്രമവാസികളുമെല്ലാം ആയി വ്യത്യസ്തമായ രീതിയിലൂടെയാണ് ഈ മക്കള്‍ വിശുദ്ധിയുടെ കിരീടം ചൂടിയത്.

വിശുദ്ധ എമ്മീലിയായും അവളുടെ മക്കളും നമുക്കെന്നും പ്രചോദനമാകട്ടെ. കുടുംബജീവിതക്കാര്‍ക്കും വിശുദ്ധരായി ജീവിക്കാമെന്നുള്ള നല്ല പാഠം കൂടി ഈ വിശുദ്ധ ജീവിതങ്ങളില്‍ നിന്ന് നമുക്ക് മനസ്സിലാക്കിയെടുക്കാന്‍ കഴിയും.

വിശുദ്ധരുടെ അമ്മയായ വിശുദ്ധ എമ്മീലിയായേ, ഞങ്ങളുടെ മക്കളെ വിശുദ്ധിയുടെ പാതയിലേക്ക് നയിക്കാന്‍ ഞങ്ങളെ സഹായിക്കണമേ ആമ്മേന്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.