മറിയം ത്രേസ്യയുടെ വിശുദ്ധ പദവി; ഇന്ന് വത്തിക്കാനില്‍ കൃതജ്ഞതാബലി

വത്തിക്കാന്‍ സിറ്റി: മദര്‍ മറിയം ത്രേസ്യയുടെ വിശുദ്ധ പദപ്രഖ്യാപനത്തെ തുടര്‍ന്ന് ഇന്ന് രാവിലെ പത്തരയ്ക്ക് റോമിലെ സെന്റ് അനസ്താസിയ ബസിലിക്കയില്‍ കൃതജ്ഞതാബലി അര്‍പ്പിക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികനായിരിക്കും. ആര്‍ച്ച് ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസഫ് പെരുന്തോട്ടം എന്നിവര്‍ അള്‍ത്താരയിലും മറ്റ് മെത്രാപ്പോലീത്തമാരും മെത്രാന്മാരും വൈദികരും പ്രത്യേകം തയ്യാറാക്കിയ വേദിയിലും സഹകാര്‍മ്മികരാകും. ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ദിവ്യബലിമധ്യേ സന്ദേശം നല്കും. വിശുദ്ധയുടെ തിരുശേഷിപ്പു വന്ദനവും നടക്കും.

ഇന്നലെ നടന്ന വിശുദ്ധ പദപ്രഖ്യാപന ചടങ്ങില്‍ സീറോ മലബാര്‍ സഭയിലെ മുഴുവന്‍ മെത്രാന്മാരും പങ്കെടുത്തിരുന്നു. വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍, തൃശൂര്‍ എംപി ടിഎന്‍ പ്രതാപന്‍, സുപ്രീം കോടതി റിട്ട ജഡ്ജി ജസറ്റീസ് കുര്യന്‍ ജോസഫ് എന്നീ പ്രമുഖരും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാനെത്തിയിരുന്നു.

മദര്‍ മറിയം ത്രേസ്യ സ്ഥാപിച്ച തിരുക്കുടുംബസന്യാസിനി സമൂഹത്തിന്റെ മദര്‍ ജനറാള്‍ സിസ്റ്റര്‍ ഉദയ, സിഎച്ച് എഫ് കൗണ്‍സിലേഴ്‌സ്, പ്രൊവിന്‍ഷ്യാല്‍സുപ്പീരിയേഴ്‌സ്, വിവിധ സന്യാസസമൂഹങ്ങളിലെ ജനറാള്‍മാര്‍, പ്രൊവിന്‍ഷ്യാല്‍ സുപ്പീരിയേഴ്‌സ്, പ്രതിനിധികള്‍ എന്നിവരും ചടങ്ങുകളില്‍ പങ്കെടുത്തു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.