മറ്റ് വിശുദ്ധരോട് മാധ്യസ്ഥം പ്രാര്‍ത്ഥിക്കുന്നതിനെക്കാള്‍ കൂടുതല്‍ ശക്തിയുണ്ടോ മാതാവിനോട് പ്രാര്‍ത്ഥിക്കുന്പോള്‍?

മാതാവിനെ വിളിച്ചു നാം പ്രാർത്ഥിക്കുമ്പോൾ മറ്റു വിശുദ്ധരുടെ മാദ്ധ്യസ്ഥം നേടുന്നതിനേക്കാൾ, അധികാരമുള്ള അവസ്ഥയിലാണ് അമ്മ ഈശോയോട് പറയുക. കാരണം ദൈവപുത്രനെ ഉദരത്തിൽ വഹിച്ച ലോകത്തിലെ ആദ്യത്തെ സക്രാരി ആണ് അമ്മ.ഈ ആദരവാണ് സ്വർഗ്ഗാരോപണ ത്തിലൂടെ സ്വർഗ്ഗം മാതാവിന് നൽകിയത്.

ദൈവത്താൽ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയായ പരിശുദ്ധ മറിയം  മാംസമായ വചനത്തിന് ആദ്യമായി സക്രാരിയായി തീർന്നവളും ശിഷ്യന്മാരോടൊപ്പം ലോകം മുഴുവൻ വചനം അറിയിക്കുന്നതിന് നേതൃത്വം നൽകിയവളുമാണ്.
 അതു കൊണ്ടു തന്നെ സ്വർഗ്ഗത്തിന് ഏറ്റവും പ്രിയങ്കരിയായ പരിശുദ്ധ മറിയത്തെ ഭൂമിയിൽ ഉപേക്ഷിക്കാൻ ദൈവത്തിന് മനസ്സുവന്നില്ല. മാത്രമല്ല പരിശുദ്ധമായ ദൈവത്തിന്റെ വചനം മാംസം ധരിക്കുകയും തന്റെ ഉദരമാകുന്ന സക്രാരിയിൽ സംവഹിക്കുകയും ചെയ്ത മറിയം ഏറ്റവും പരിശുദ്ധമായ ജീവിതം തന്നെയാണ് ഭൂമിയിൽ കാഴ്ച വെച്ചത്.
 

ദൈവത്തോട് ഓരോ നിമിഷവും ചേർന്നു നിന്നുകൊണ്ട് സഞ്ചരിച്ച, വിശുദ്ധമായ ജീവിതം നയിച്ച മറിയത്തിന് ഈ ഭൂമിയിൽ അഴുകി ഇല്ലാതാകേണ്ട അവസ്ഥയല്ല ദൈവം അനുവദിച്ചു നൽകിയത്. നേരെ സ്വർഗ്ഗത്തിലേക്ക് പ്രവേശിക്കാനുള്ള അവകാശവും അനുവാദവും നൽകപ്പെടുകയാണ്.
 

ഏതാണ്ട് ആദിമസഭ മുതൽ തന്നെ മറിയത്തിന്റെ സ്വർഗ്ഗാരോപണം വിശ്വാസികളുടെ പ്രാർത്ഥനയുടെ ഭാഗമായിരുന്നു എന്ന് നമുക്കറിയാം. വർഷങ്ങൾക്കുശേഷമാണ് അത് വിശ്വാസസത്യമായി സഭ പ്രഖ്യാപിച്ചത് എങ്കിലും വിശ്വാസികളുടെ മനസ്സിൽ അത് സ്ഥിരപ്രതിഷ്ഠ നേടിയ ഒന്നായിരുന്നു.
 

സ്വർഗ്ഗാരോപണത്തെക്കുറിച്ച്  നാം ചിന്തിക്കുമ്പോൾ ഇന്ന് ദേവാലയത്തിൽ വായിച്ച സുവിശേഷഭാഗം കാനായിൽ വെള്ളം വീഞ്ഞാക്കുന്നതാണ്. അവിടെ നാം കാണുന്നത്  മാതാവിന്റെ അപേക്ഷ മാനിക്കുന്ന മകനെയാണ്.
 ഇതിന് ഒരു മറുവശം കൂടി നമുക്ക് കണ്ടെത്താം. സ്ത്രീയേ എനിക്കും നിനക്കും എന്ത് എന്ന് ചോദിക്കുന്ന ഈശോ എന്റെ സമയം ആയില്ല എന്ന് പറയുമ്പോഴും  അമ്മയുടെ വാക്ക് കേട്ട് അവിടെ ആവശ്യം നിവർത്തിച്ചു കൊടുക്കുന്നു.
 

ഇതുമായി ചേർന്നുപോകുന്ന മറ്റൊരു ഭാഗം നമുക്ക് സുവിശേഷത്തിൽ കാണാം. അത്തിമരത്തിൽ ഫലം ഉണ്ടോയെന്ന് നോക്കി കണ്ടില്ല. അത് ഉണങ്ങി പോകട്ടെ എന്ന് ഈശോ പറയാൻ ഇടയാകുന്നു. ഇവിടെ സൂചിപ്പിച്ച ഒരു കാര്യം ഫലമില്ല എന്നു തോന്നുന്ന അവസ്ഥയിൽ പോലും ഫലം നൽകാൻ കഴിയുന്നവരാകണം യേശുവിനോടൊപ്പം ചരിക്കുന്നവർ.
 

ഇതുമായി ചേരുന്ന മറ്റൊരു ഭാഗം കൂടി നമുക്ക് സുവിശേഷത്തിൽ കണ്ടെത്താം. എണ്ണ കരുതിയ വിവേകമതികളായ കന്യകമാർ. പകുതി പേര് എണ്ണ കരുതി. പകുതി പേര് എണ്ണ കരുതിയില്ല.  ഏതു സമയത്ത് ദൈവം നമ്മിൽ നിന്ന് ഫലം ആവശ്യപ്പെടുന്നുവോ, അത് കണക്കാക്കി കരുതലോടെ ഇരിക്കാൻ കഴിയണം യേശുവിനോടൊപ്പം സഞ്ചരിക്കുന്നവർ.
 

ഇവയൊക്കെ കൃത്യമായി സമ്മേളിച്ചിരുന്ന ഒരു വ്യക്തിയാണ് പരിശുദ്ധ കന്യകാമറിയം. തന്നിലൂടെ നിവർത്തിക്കപ്പെടേണ്ടദൈവഹിതം വെളിവാക്കപ്പെട്ട നിമിഷംമുതൽ ജീവിതത്തിലുടനീളം ആമ്മേൻ പറയുന്ന ഒരു മനോഭാവമായിരുന്നു പരിശുദ്ധ മറിയത്തിന്.
 

ഇന്ന് മാതാവിനെ നാം അനുസ്മരിക്കുമ്പോൾ ജപമാല പ്രാർത്ഥനയിലൂടെ അമ്മയോട് ചേർന്ന് ദൈവത്തിനു നന്ദി പറയുന്ന ഒരു മനോഭാവം നമുക്കുണ്ടാവണം.നാം ദൈവത്തോട് ചേർന്ന് നിൽക്കുമ്പോൾ അമ്മ വഴി നിരവധി അനുഗ്രഹങ്ങൾ അനുനിമിഷം നമ്മുടെ ജീവിതത്തിൽ ചൊരിയ്യപ്പെടും. നമ്മൾ ഏറ്റവും മധുരമുള്ള വീഞ്ഞു പോലെ സമൂഹത്തിൽ അനുഭവപ്പെടും. അതിനുള്ള കൃപ ദൈവം നമുക്ക് നൽകട്ടെ. ‌



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.