ഭാവിയെയോര്‍ത്ത് ഉത്കണ്ഠയോ? ഉള്ളില്‍ സമാധാനം നിറയ്ക്കും ഈ പ്രാര്‍ത്ഥന

ഭാവിയെയോര്‍ത്ത് ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ എല്ലാവരും ഉത്കണ്ഠാകുലരാണ്. വര്‍ത്തമാനകാല സാഹചര്യങ്ങള്‍ ആ ഉത്കണ്ഠകളെ വര്‍ദ്ധിപ്പിക്കുന്ന വിധത്തിലുമാണ്. കോവിഡ് എന്ന മഹാമാരിയാണ് അതിന് പിന്നിലെ ഒരു കാരണം.

ഇങ്ങനെ പലതരത്തിലുള്ള ഉത്കണ്ഠകള്‍ ഉളളില്‍ നിറയുമ്പോള്‍ നമുക്ക് സമാധാനം നഷ്ടപ്പെടും. ഭാവിയെന്ന് പറയുന്നത് അനിശ്ചിതത്വം കലര്‍ന്നതാണ്. നാളെയെന്തു സംഭവിക്കുമെന്ന് നമുക്കറിയില്ല. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളിലും മനസ്സില്‍ സമാധാനം നിറയ്ക്കാന്‍ പ്രാര്‍ത്ഥനയ്ക്ക് കഴിയും. വിശുദ്ധ ജോസ് മരിയ എസ്‌ക്രീവ തന്നെ സമീപിക്കുന്ന ഉത്കണ്ഠാകുലരായ വ്യക്തികളോട് പറഞ്ഞു കൊടുത്തിരുന്ന ഒരു പ്രാര്‍ത്ഥനയുണ്ട്. അതിന്റെ ചുരുക്കം ഇങ്ങനെയാണ്.

പിതാവായ ദൈവമേ, ഇതെന്റെ ജീവിതത്തിലെ വളരെ ദുഷ്‌ക്കരമായ സമയമാണ്. എന്റെ കര്‍ത്താവേ എന്റെ ദൈവമേ അങ്ങയുടെ കൈയിലേക്ക് ഞാന്‍ ഇതാ എന്റെ ഭൂതകാലവും എന്റെ വര്‍ത്തമാനവും എന്റെ ഭാവിയും സമര്‍പ്പിക്കുന്നു. എനിക്ക് സംഭവിക്കുന്നത് നല്ലതോ ചീത്തയോ ആകാം. വലുതോ ചെറുതോ ആകാം. സ്ഥിരമായി നില്ക്കുന്നതോ താല്ക്കാലികമോ ആകാം.

എന്നാല്‍ അതെല്ലാം അങ്ങേയ്ക്ക് മാത്രമേ അറിയൂ. എനിക്ക് സംഭവിക്കാനിരിക്കുന്നവയെല്ലാം ഞാന്‍ അങ്ങയുടെ കൈകളിലേക്ക വച്ചുതരുന്നു. ഇനി അവയൊന്നും എന്നെ ഭാരപ്പെടുത്താതിരിക്കട്ടെ. അങ്ങേ സമാധാനം എന്റെ ഉള്ളില്‍ നിറയട്ടെ.

ദൈവം എല്ലാ കാര്യങ്ങളും നിയന്ത്രിക്കുകയും ഏറ്റെടുക്കുകയും വഴി നടത്തുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കുമ്പോള്‍ തന്നെ നമ്മുടെ എല്ലാ ആശങ്കകളും അകന്നുപോകും. ഉത്കണ്ഠകള്‍ അസ്ഥാനത്താകുകയും ചെയ്യും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.