പിയൂസ് പന്ത്രണ്ടാമന്‍ പാപ്പയെക്കുറിച്ച് ഗവേഷണ വിഭാഗം വരുന്നൂ

വത്തിക്കാന്‍ സിറ്റി: പന്ത്രണ്ടാം പിയൂസ് മാര്‍പാപ്പയെക്കുറിച്ച് ലോകത്തിന് കൃത്യമായി മനസ്സിലാക്കാന്‍ സഹായിക്കുന്ന വിധത്തില്‍ പുതിയൊരു ഗവേഷണവിഭാഗം തുടങ്ങാന്‍ വത്തിക്കാന്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമായ സൂചനകളും നല്കി. 2020 മാര്‍ച്ച് രണ്ടാം തീയതി മുതല്‍ വത്തിക്കാന്‍ ഗ്രന്ഥശേഖരത്തിന്റെ പ്രത്യേകവിഭാഗം ഇക്കാര്യത്തിനായി തുറന്നിടണമെന്ന് പാപ്പ വ്യക്തമാക്കി.

വത്തിക്കാന്‍ ലൈബ്രറിയുടെ രഹസ്യഗ്രന്ഥാലയത്തിന്റെ അധികാരികളും പ്രവര്‍ത്തകരുമായി നടത്തിയ പ്രത്യേക കൂടിക്കാഴ്ചയിലാണ് പാപ്പ ഇക്കാര്യം ആവശ്യപ്പെട്ടത്. ലോകമഹായുദ്ധങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കര്‍ദിനാള്‍ പച്ചേലി പന്ത്രണ്ടാം പിയൂസ് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹത്തിന്റെ സ്ഥാനാരോഹണത്തിന്റെ എണ്‍പതാം വാര്‍ഷികമായ 2019 മാര്‍ച്ച് രണ്ടിന് നടന്ന അനുസ്മരണവേളയിലാണ് ഇതുസംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്തത്. ലോകമഹായുദ്ധകാലത്ത് പിയൂസ് പന്ത്രണ്ടാമന്റെ പല നീക്കങ്ങളും ഇടപെടലുകളും ലോകനേതാക്കള്‍ തെറ്റിദ്ധരിക്കുകയും ഇന്നും ആ ധാരണകള്‍ പുലര്‍ന്നുപോരുകയും ചെയ്യുന്ന സാഹചര്യത്തിലാണ്  അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലേക്ക് വെളിച്ചം വീശാന്‍ സഹായകമായ എല്ലാ ചരിത്രരേഖകളും ഗ്രന്ഥശേഖരങ്ങളും രഹസ്യപ്രമാണരേഖകളും ലിഖിതങ്ങളും ഗവേഷകര്‍ക്ക് ലഭ്യമാകത്തക്കവിധത്തില്‍ പ്രത്യേക ഗവേണവിഭാഗം തുറന്നുകൊടുക്കാനുള്ള  ശ്രമം ആരംഭിച്ചിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.