മാതാവിനെ സ്വഭവനത്തിലേക്ക് ക്ഷണിക്കൂ, മാറ്റം കാണാം ; ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍

ഈശോ തന്റെ അമ്മയും താന്‍ സ്‌നേഹിച്ച ശിഷ്യനും കാല്‍വരിയില്‍ തന്‍റെ കുരിശിന്‍റെ അടുത്തുനില്ക്കുന്നതുകണ്ടപ്പോഴാണ് തന്റെ അമ്മയെ ലോകത്തിന്റെ മുഴുവന്‍ അമ്മയായി യോഹന്നാന് നല്കിയത്. ഇതാ നിന്റെ അമ്മ. ഇതായിരുന്നു ഈശോയുടെ വാഗ്ദാനം. അതുകൊണ്ട്

ഈശോയുടെ അമ്മയും ഈശോയുടെ ശിഷ്യനും പരസ്പരം ചേര്‍ന്നുനില്‌ക്കേണ്ടവരാണ്. അവര്‍ അകന്നുനില്‌ക്കേണ്ടവരല്ല. അമ്മയും ശിഷ്യനും അടുത്തുനിന്നപ്പോളാണ് ഈശോ മാതാവിനെ നല്കിയതെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ഈശോയെ ബഹുമാനിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പരിശുദ്ധ മറിയത്തെ ബഹുമാനിക്കേണ്ടതുണ്ട്.. പഴയ നിയമത്തിലെ വാഗ്ദാനപേടകമാണ് പരിശുദ്ധ മറിയം. വാഗ്ദാന പേടകത്തിന് മുമ്പില്‍ യഹൂദന്മാര്‍ കുമ്പിട്ട് ആരാധിച്ചിരുന്നു. സാധാരണ പുരോഹിതന്മാര്‍ക്ക് അവിടെ കയറിച്ചെല്ലാന്‍ അനുവാദമുണ്ടായിരുന്നില്ല. അതിപ്രധാന പുരോഹിതന് വര്‍ഷത്തിലൊരിക്കല്‍ മാത്രമേ വാഗ്ദാനപേടകത്തിന്റെ അടുക്കല്‍ ചെല്ലാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. അത്രയ്ക്ക് ശ്രേഷ്ഠമായ പദവിയും ബഹുമാനവുമാണ് പഴയനിയമത്തില്‍ വാഗ്ദാനപേടകത്തിന് നല്കിയിരുന്നത്.

. വാഗ്ദാനപേടകത്തിന്റെ സൗന്ദര്യം കണ്ടിട്ടായിരുന്നില്ല യഹൂദന്മാര്‍ അതിനെ വണങ്ങിയിരുന്നത്. മറിച്ച് വാഗ്ദാനപേടകത്തില്‍ ദൈവസാന്നിധ്യം ഉള്ളതുകൊണ്ടാ ണ് യഹൂദന്മാര്‍ അതിനെ വണങ്ങിയിരുന്നത്

പത്തുപ്രമാണം, മന്ന, അഹറോന്റെ തളിര്‍ത്ത വടി എന്നിവയാണ് വാഗ്ദാനപേടകത്തില്‍ ഉണ്ടായിരുന്നത്. യഥാര്‍ത്ഥ പൗരോഹിത്യത്തെ സൂചിപ്പിക്കുന്ന അടയാളമാണ് അഹറോന്റെ തളിര്‍ത്ത വടി. വാഗ്ദാനപേടകത്തിന്റെ ബാഹ്യമായ സൗന്ദര്യം കണക്കിലെടുത്തായിരുന്നില്ല യഹൂദന്മാര്‍ അതിനെ വണങ്ങിയിരുന്നത്. മറിച്ച് മേല്പ്പറഞ്ഞവ അതിന്റെ ഉള്ളില്‍ അടങ്ങിയിരുന്നതുകൊണ്ടാണ് അതിനെ വണങ്ങിയിരുന്നത്. മറിയത്തെ എന്തിനാണ് കുമ്പിടുന്നതെന്ന് ചോദിച്ചാല്‍, അല്ലെങ്കില്‍ വണങ്ങുന്നതെന്ന് ചോദിച്ചാല്‍ അതിന്റെ ഉത്തരം ഇതാണ്. പുതിയ നിയമത്തിലെ വാഗ്ദാനപേടകമാണ് മറിയം. ഈശോയുടെ ജനനവാര്‍ത്ത അറിഞ്ഞ് ജ്ഞാനികള്‍ എത്തുമ്പോള്‍ ഈശോയെ അമ്മയായ മറിയത്തോടൊപ്പം കുമ്പിട്ടു വണങ്ങിയെന്നാണ് നാം ബൈബിളില്‍ വായിക്കുന്നത്. കന്യാമറിയത്തിന്റെ ഉള്ളില്‍ വചനമായ ഈശോ, വചനമായ അപ്പം പിറന്നുവീണതുകൊണ്ടാണ് അമ്മയെ നമ്മള്‍ വണങ്ങുന്നത്.

ദൈവമാതാവായ പരിശുദ്ധ കന്യാമറിയം നമ്മുടെ അമ്മയായി നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുമ്പോള്‍ നമ്മുടെ ജീവിതങ്ങളില്‍ വലിയ മാറ്റം ഉണ്ടാകും . പരിശുദ്ധ മറിയം കടന്നുചെന്ന അഞ്ചുവീടുകളെക്കുറിച്ച് ബൈബിളില്‍ പറയുന്നുണ്ട്. നസ്രത്തിലെ വീട്, സക്കറിയായുടെ വീട്. കാനായിലെ വീട്. സെഹിയോന്‍ മാളിക, ഈ വീടുകളെക്കുറിച്ചെല്ലാം നമുക്ക് മനസ്സിലാകുമ്പോഴും നാം ശ്രദ്ധിക്കാത്ത ഒരു വീടുണ്ട്. അത് യോഹന്നാന്‌റെ വീടാണ്. അന്നുമുതല്‍ അതായത് ഈശോ യോഹന്നാന് മറിയത്തെ ഏല്പിച്ചുകൊടുത്ത അന്നുമുതല്‍ ആ ശിഷ്യന്‍ അമ്മയെ തന്‍റെ ഭവനത്തില്‍ സ്വീകരിച്ചതായി നാം വായിക്കുന്നു.

ഈ അഞ്ചുവീടുകളിലും അമ്മ കാതലായ മാറ്റം വരുത്തി. അമ്മ കയറിച്ചെല്ലുന്ന എല്ലാ വീടുകളിലും മാറ്റമുണ്ടായി. അമ്മ കടന്നുവരേണ്ടതാണ് നമ്മുടെ ഓരോരുത്തരുടെയും വീടുകള്‍.

. അമ്മ താമസിച്ച നസ്രത്തിലെ വീട് നശിച്ചുപോയിട്ടില്ല. സക്കറിയായുടെ വീട് അഭിഷേകപൂരിതമായി. കാനായിലെ വീട് ചരിത്രത്തിന്റെഭാഗമായി. സെഹിയോന്‍ മാളികയില്‍ പരിശുദ്ധാത്മാവിന്റെ അഭിഷേകം നിറഞ്ഞു. മറിയം കടന്നുചെല്ലുന്ന ഒരുവീടും നശിച്ചിട്ടില്ല .

പരിശുദ്ധ മറിയം നമ്മുടെ വീട്ടിലേക്ക് കടന്നുവരുമ്പോള്‍ സംഭവിക്കുന്നതും അതുതന്നെയാണ്. അതുകൊണ്ട് മറിയത്തെ നമ്മുടെ വീടുകളിലേക്ക് ക്ഷണിക്കണം. മറിയം കടന്നുവരുന്നതോടെ നമ്മുടെ വീടുകളില്‍ മാറ്റമുണ്ടാകും. അഭിഷേകമുണ്ടാകും. അതിനാല്‍ മറിയത്തെ ഓരോരുത്തരും സ്വഭവനങ്ങളില്‍ തങ്ങളുടെ അമ്മയായി സ്വീകരിക്കുക.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.