ലോകം മുഴുവന്‍ മാതാവിലേക്ക്…

കോവിഡ് 19 മനുഷ്യരാശിയെ മുഴുവന്‍ നിസ്സഹായമാക്കിക്കളഞ്ഞിരിക്കുന്നു. വമ്പന്‍ ലോകരാജ്യങ്ങള്‍ പോലും ഈ കുഞ്ഞുവൈറസിന് മുമ്പില്‍ തങ്ങളുടെ അഹങ്കാരവും ധാര്‍ഷ്ട്യവും ഉപേക്ഷിച്ച് തലകുനിച്ചിരിക്കുന്നു. ശാസ്ത്രലോകത്തിന് ഇതിനെതിരെ പരിഹാരം കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടുമില്ല.

ഇങ്ങനെ ശാസ്ത്രവും മനുഷ്യനും പരാജയപ്പെട്ടുനില്ക്കുമ്പോള്‍ ആത്മീയമനുഷ്യര്‍ തിരിച്ചറിഞ്ഞ ഒരു സത്യമുണ്ട്. സ്വര്‍ഗ്ഗത്തിന്റെ ഇടപെടല്‍ ഇവിടെ ആവശ്യമുണ്ട്. മനുഷ്യവംശത്തിന് മേല്‍ സ്വര്‍ഗ്ഗത്തിന്റെ കൃപ ഒഴുകാനുണ്ട്. സ്വര്‍ഗ്ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് കൃപകള്‍ വര്‍ഷിക്കപ്പെടണമെങ്കില്‍ അതില്‍ ഇടപെടാന്‍ ഏറ്റവും ശക്തിയുള്ളത് പരിശുദ്ധ അമ്മയ്ക്ക് മാത്രമാണ്.

ഇങ്ങനെയൊരു തിരിച്ചറിവില്‍ നിന്നാണ് ലോകം മുഴുവന്‍ പരിശുദ്ധ അമ്മയിലേക്ക് തിരിഞ്ഞിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് രാജ്യങ്ങളെ സമര്‍പ്പിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനകള്‍ നടക്കുന്നത്.

നാളെ യുഎസും കാനഡയും സഭാമാതാവായ മറിയത്തിന് സമര്‍പ്പിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനകള്‍ നടക്കും. അതുകൂടാതെ യുഎസിലെയും കാനഡയിലെയും ഓരോ രൂപതകളും മാതാവിന് തങ്ങളുടെ അജഗണങ്ങളെയും രൂപതയെയും സമര്‍പ്പിക്കുകയും ചെയ്യും.

ഇതേ ദിവസം തന്നെ ഇറ്റലിയും മാതാവിന് സമര്‍പ്പിക്കപ്പെടും. കാരവാജിയോയിലെ സെന്റ് മേരി ദേവാലയത്തിലാണ് തിരുക്കര്‍മ്മങ്ങള്‍ നടക്കുന്നത്. വിശ്വാസികളുടെ അഭ്യര്‍ത്ഥനപ്രകാരമാണ് ഇങ്ങനെയൊരു സമര്‍പ്പണം നടത്തുന്നതെന്ന് കര്‍ദിനാള്‍ ബാസെറ്റി നേരത്തെ അറിയിച്ചിരുന്നു. ഫാത്തിമാമാതാവിന്‌റെ തിരുനാള്‍ ദിനമായ മെയ് 13 നാണ് ഫിലിപ്പൈന്‍സിനെ മാതാവിന് സമര്‍പ്പിക്കുന്നത്. ഇതിന് മുന്നോടിയായി പത്തു മുതല്‍ 13 വരെ ദിവസങ്ങളില്‍ പ്രായശ്ചിത്തപ്രവൃത്തികളും ജപമാല പ്രാര്‍ത്ഥനയും സംഘടിപ്പിച്ചിട്ടുണ്ട്. മാതാവിന് സമര്‍പ്പണം നടത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് മെയ് മാസം മുഴുവന്‍ ഓണ്‍ലൈന്‍ മതബോധനക്ലാസുകളും സംഘടിപ്പിച്ചിട്ടുണ്ട്.

24 രാജ്യങ്ങളിലെ മെത്രാന്മാര്‍ ഇതിന് മുമ്പുതന്നെ തങ്ങളുടെ രാജ്യങ്ങളെ മാതാവിന് സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചിരുന്നു.

മാര്‍ച്ച് 25 നായിരുന്നു പോര്‍ച്ചുഗലല്ലും സ്‌പെയ്‌നും ഈശോയുടെ തിരുഹൃദയത്തിനും മാതാവിന്റെ വിമലഹൃദയത്തിനും സമര്‍പ്പണം നടത്തിയത്.

ഈസ്റ്റര്‍ ദിവസമാണ് ലാറ്റിന്‍ അമേരിക്കയും കരീബിയനും ഗ്വാഡലൂപ്പെ മാതാവി്‌ന് സമര്‍പ്പിക്കപ്പെട്ടത്. പ്രതിഷ്ഠ നടക്കുമ്പോള്‍ പന്ത്രണ്ടു തവണ ദേവാലയ മണികള്‍ മുഴങ്ങുകയും ചെയ്തു. മാര്‍ച്ച് 29 ന് ഇംഗ്ലണ്ടിനെ കന്യാമാതാവിന് പുനസമര്‍പ്പണം ചെയ്തുകൊണ്ടുള്ള പ്രാര്‍ത്ഥനകളും നടന്നു.

അതെ ലോകം മുഴുവന്‍ മാതാവിലേക്ക് കൂടുതലായി നടന്നടുക്കുകയാണ്. മാതാവിന് മാത്രമേ ഈ സാഹചര്യത്തില്‍ ദൈവകൃപ വാങ്ങിത്തരാന്‍ കഴിവുള്ളൂ എന്ന തിരിച്ചറിവോടെ…



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.