Tuesday, July 1, 2025
spot_img
More

    ലോകം കൈകൂപ്പുന്ന ക്രിസ്തുമസ് ചിത്രങ്ങള്‍

    അവന്‍ ലോകത്തിന്റെ വെളിച്ചമായിരുന്നു. അന്ധകാരത്തില്‍ കഴിഞ്ഞിരുന്നവര്‍ക്ക് പ്രകാശത്തിന്റെ തുരുത്തുകള്‍ അവന്‍ കാട്ടിക്കൊടുത്തു. അനേകരുടെ ഉയര്‍ച്ചയ്ക്കും താഴ്ചയ്ക്കും അവന്‍ കാരണമായി. ഒപ്പം ഒരുപാട് പേരുടെ കലാസാഹിത്യരൂപങ്ങള്‍ക്ക് അവന്‍ വിഷയീഭവിക്കുകയും ചെയ്തു. ക്രിസ്തുവിന്റെ ജനനത്തെയും അനുബന്ധസംഭവവികാസങ്ങളെയും ആസ്പദമാക്കി വിശ്വപ്രസിദ്ധ ചിത്രകാരന്മാര്‍ രചിച്ച ഏതാനും ചിത്രങ്ങളെയും ആ ചിത്രകാരന്മാരെയും പരിചയപ്പെടുത്തുകയാണിവിടെ..

    ക്രിസ്തുവിന്റെ ജനനം ക്രൈസ്തവകലയുടെ പ്രധാനമായ പ്രചോദനമായി മാറിത്തുടങ്ങിയത് നാലാം നൂറ്റാണ്ടു മുതല്ക്കാണ്. ക്രിസ്തുവിന്റെ ജനനവുമായി ബന്ധപ്പെട്ട ബൈബിള്‍ പരാമര്‍ശങ്ങളുള്ള വിശുദ്ധ മത്തായിയുടെയും ലൂക്കായുടെയും സുവിശേഷങ്ങളിലെ വിശേഷണങ്ങളെ ആസ്പദമാക്കിയായിരുന്നു ഇത്തരം കലാരൂപങ്ങളുടെ ചിത്രീകരണങ്ങള്‍ രചനാരൂപത്തിലും വാമൊഴിപാരമ്പര്യത്തിലും ചിത്രരൂപത്തിലുമായി പ്രത്യക്ഷപ്പെട്ടിരുന്നത്. ഇത്തരം ചിത്രങ്ങള്‍ കന്യകയും കുഞ്ഞും പരിശുദ്ധമാതാവും കുഞ്ഞും എന്നിങ്ങനെയായിരുന്നു പൊതുവെ വ്യവഹരിക്കപ്പെട്ടിരുന്നത്. കന്യാമേരിയ്ക്കും ഉണ്ണീശോയ്ക്കും പ്രത്യേകമായ പ്രാധാന്യം കൊടുത്തുകൊണ്ടുള്ളവയായിരുന്നു ഇവയെല്ലാം. എന്നാല്‍ തിരുപ്പിറവിയുടെ ചിത്രീകരണങ്ങളാകട്ടെ കുറെക്കൂടി വിശദാംശങ്ങളിലേക്ക് കടക്കുന്നവയായിരുന്നു.

    നേറ്റിവിറ്റി അറ്റ് നൈറ്റ് അഥവാ നൈറ്റ് നേറ്റിവിറ്റി ഏകദേശം 1490 നോട് അനുബന്ധിച്ചുള്ള നെതര്‍ലാന്റ് പെയ്ന്റിംങ്ങാണ്.ഗീര്‍റ്റ്‌ജെന്‍ ടോറ്റ് സിന്റ് ജാന്‍സിന്റെ ഈ ചിത്രം ലണ്ടനിലെ നാഷനല്‍ ഗാലറിയിലാണുള്ളത്.34 X 25.3 സെമി അളവിലുള്ള ഓയില്‍ പെയ്ന്റിംങ് ചിത്രമാണിത്. മാലാഖമാര്‍, ആട്ടിടയന്മാര്‍ എന്നിവരും ചിത്രത്തിലുണ്ട്. ഹ്യൂഗോ വാന്‍ ഡെര്‍ ഗോസ് 1470 നോട് അനുബന്ധിച്ച് വരച്ച, നഷ്ടപ്പെട്ടുപോയ ചിത്രത്തെ തന്റേതായ വിധത്തില്‍ ചിത്രീകരിക്കുകയാണ് ഗീര്‍റ്റ്‌ജെന്‍ ചെയ്തത്.

    സ്വീഡനിലെ വിശുദ്ധ ബ്രിജീറ്റിനുണ്ടായ തിരുപ്പിറവിയുടെ ദര്‍ശനത്തെക്കുറിച്ചുള്ള വിവരണം എല്ലാ നേറ്റിവിറ്റി ചിത്രങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്. തന്റെ മരണത്തിന് വളരെ അടുത്ത് തനിക്കുണ്ടായ ദര്‍ശനത്തെക്കുറിച്ച് വിശുദ്ധ വിവരിച്ചിട്ടുണ്ട്.
    …… അഗാധമായ ഭക്തിയോടും പ്രാര്‍ത്ഥനയോടും കൂടി കന്യകമുട്ടുകുത്തി നില്ക്കുന്നത് ഞാന്‍ കണ്ടു. പിന്നെ പുല്‍ക്കൂടിലേക്ക് അവള്‍ തിരിഞ്ഞു. അപ്പോഴും അവള്‍ പ്രാര്‍ത്ഥനയില്‍ തന്നെയായിരുന്നു. അവളുടെ ഉദരത്തിലെ ശിശുവിനെ ഞാന്‍ കണ്ടു. അടുത്ത നിമിഷം അവള്‍ കുഞ്ഞിന് ജന്മം നല്കി. അപാരമായ പ്രകാശവും കാന്തിയും അവിടെയെങ്ങും നിറഞ്ഞു…. ആ വെളിച്ചത്തോട് തുലനം ചെയ്താല്‍ സൂര്യന്‍ പോലും ഒന്നുമായിരുന്നില്ല……..ദൈവികമായ ആ പ്രകാശം അവിടെയുള്ളഎല്ലാ ഭൗതികമായ പ്രകാശത്തെയും ഉന്മൂലനം ചെയ്തു. മഹത്ത്വപൂര്‍ണ്ണനായ ശിശു ഭൂമിയില്‍ നഗ്നനായും ശോഭയോട് കൂടി കിടക്കുന്നത് ഞാന്‍ കണ്ടു. അവന്റെ ശരീരം യാതൊരുവിധ മാലിന്യങ്ങളും ഇല്ലാത്തതായിരുന്നു.. അപ്പോള്‍ ഞാന്‍ മാലാഖമാരുടെ സ്തുതിഗീതം കേട്ടു. അത്ഭുതകരമായ മധുരമുള്ളതും ഏറ്റവുംസൗന്ദര്യപൂര്‍ണ്ണവുമായ ഗാനം…… ഇങ്ങനെ പോകുന്നു വിശുദ്ധയുടെ ദര്‍ശനവിവരണം. ഈ വിവരണം പില്ക്കാലത്തുണ്ടായ തിരുപ്പിറവിയുടെ എല്ലാ ചിത്രീകരണങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്.
    റോജിയര്‍ വാന്‍ ഡെര്‍ വെയ്ഡന്‍
    പഴയകാല ഫ്‌ളെമിഷ ്ചിത്രകാരനാണ് ഇദ്ദേഹം. ജീവിതകാലത്ത് തന്നെ അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തനായിരുന്നു. ഇറ്റലിയിലേക്കും സ്‌പെയ്‌നിലേക്കും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കയറ്റുമതി ചെയ്യപ്പെട്ടിരുന്നു. പതിനേഴാം നൂറ്റാണ്ടായപ്പോഴേയ്ക്കും ആ പ്രശസ്തിക്ക് മങ്ങലേറ്റുതുടങ്ങി. പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യമായപ്പോഴേയ്ക്കും അദ്ദേഹം പൂര്‍ണ്ണമായും വിസ്മരിക്കപ്പെടുകയും ചെയ്തു. ഇരുനൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം വീണ്ടും നഷ്ടപ്പെട്ട ബഹുമതി തിരിച്ചുപിടിച്ചുകൊണ്ട് അറിയപ്പെട്ടുതുടങ്ങി. പതിനേഴാം നൂറ്റാണ്ടില്‍ അദ്ദേഹത്തിന്റെ ഒട്ടുമിക്ക ചിത്രങ്ങളും നശിപ്പിക്കപ്പെട്ടു.
    കരാവാജിയോ

    ഫ്രാന്‍സീസ് മാര്‍പാപ്പയ്ക്ക് ഇഷ്ടപ്പെട്ട ചിത്രകാരനാണ് മൈക്കലാഞ്ചലോ മെറിസി അഥവാ കരവാജിയോ. വിശുദ്ധ ബൈബിളില്‍ ക്രിസ്തു മത്തായിയെ തന്റെ ശിഷ്യനായി ക്ഷണിക്കുന്ന രംഗം കോളിംങ് ഓഫ് സെന്റ് മാത്യു- തന്നെ ഏറെ ആകര്‍ഷിച്ചിട്ടുണ്ടെന്ന് ഫ്രാന്‍സീസ് മാര്‍പാപ്പ അടുത്തയിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
    കരാവാജിയോ 1571 ല്‍ മിലാനിലാണ് ജനിച്ചത്. മിലാനില്‍ വ്യാപകമായ പ്ലേഗ് ബാധയെ തുടര്‍ന്ന് ആ കുടുംബത്തിന് അവിടംവിട്ടു റോമിലേക്ക് പോകേണ്ടി വന്നു. ഇരുപതുകളുടെ ആരംഭത്തിലായിരുന്നു അപ്പോള്‍ അദ്ദേഹം. സൈമന്‍ പീറ്റര്‍സാനോയുടെ കീഴില്‍ ചിത്രകലയില്‍ അദ്ദേഹം പരിശീലനം നേടി. പ്രൊട്ടസ്റ്റന്റിനിസം കത്തോലിക്കാസഭയ്ക്ക് ഭീഷണിയുയര്‍ത്തിയ അക്കാലത്ത് റോമന്‍ കത്തോലിക്കാസഭ മതപരമായ കലാരൂപങ്ങളെ ആവിഷ്‌ക്കരിക്കേണ്ടിയിരുന്നു. കൂടുതല്‍ പള്ളികളും നിര്‍മ്മിച്ചിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ അവിടെയെല്ലാം ചിത്രങ്ങള്‍ ആവശ്യമായിരുന്നത് കരാവാജിയോയുടെ കലാവാസനകള്‍ക്ക് അനുകൂലസാഹചര്യമായിരുന്നു. മനുഷ്യന്റെ ശാരീരികവും വൈകാരികവുമായ അവസ്ഥകളെ യഥാതഥമായി ചിത്രീകരിക്കുന്ന ശൈലിയായിരുന്നു ഇദ്ദേഹത്തിന്റേത്.
    ജീവിതകാലത്ത് പ്രശസ്തനായിരുന്നുവെങ്കിലും ദുരന്തപൂര്‍ണ്ണമായ ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഒരു ചെറുപ്പക്കാരനെ കൊലപ്പെടുത്തിയതിന്റെ പേരില്‍ റോമില്‍ നിന്ന് അദ്ദേഹത്തിന് നാടുവിടേണ്ടിവന്നു. ജീവന് ഭീഷണിയുണര്‍ത്തുന്ന നിരവധി സാഹചര്യങ്ങളും അദ്ദേഹത്തിന് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ദുരൂഹമായ സാഹചര്യത്തില്‍ 38 -ാം വയസില്‍ മരിക്കുവാനായിരുന്നു വിധി.
    മത്തായിയുടെ വിളിയും രക്തസാക്ഷിത്വവും കൂടാതെ പ്രശസ്തമായ ഒരു ചിത്രമാണ് നേറ്റിവിറ്റി വിത്ത് സെന്റ് ഫ്രാന്‍സീസ് ആന്റ് ലോറന്‍സ്. 1609ല്‍ രചിച്ച ഈ ചിത്രം ഓയില്‍ പെയ്ന്റിങാണ്. ഇറ്റലിയിലെ സാന്‍ ലോറെന്‍സോയിലാണ് ഇത് സൂക്ഷിച്ചിരുന്നത്. 1969 ല്‍ ഈ ചിത്രം മോഷണം പോയി. ഏകദേശം 80 ചിത്രങ്ങള്‍ മാത്രമേ അദ്ദേഹത്തിന്റേതായി ഇന്ന് നിലവിലുള്ളൂ.

    സനോബി സ്‌ട്രോസി
    സമ്പന്നമായ ഫ്‌ളോറന്റൈന്‍ കുടുംബത്തിലെ അംഗമാണ് സനോബ സ്‌ട്രോസി. നിരവധി ചിത്രങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ടെങ്കിലും നാഷനല്‍ ഗ്യാലറിയിലുള്ള മംഗളവാര്‍ത്ത ചിത്രം മാത്രമാണ് കാലത്തെ അതിജീവിച്ചിരിക്കുന്നത്. 1440 നോട് അടുത്താണ് ഇതിന്റെ രചനാ കാലമെന്ന് കരുതുന്നു. 1468 ലായിരുന്നു മരണം.
    ലോറെന്‍സോ ലോട്ടോ
    നോര്‍ത്തേണ്‍ ഇറ്റാലിയന്‍ പെയ്ന്ററാണിദ്ദേഹം. മതപരമായ ചിത്രങ്ങളും പോര്‍ട്രെയ്റ്റ്‌സുമാണ് കൂടുതലായും ഇദ്ദേഹം വരച്ചിരിക്കുന്നത്. നവോത്ഥാനകാലത്തെ ചിത്രകാരനായിട്ടാണ് ഇദ്ദേഹം വിലയിരുത്തപ്പെടുന്നത്. ജീവിതകാലത്ത് നോര്‍ത്തേണ്‍ ഇറ്റലിയിലെങ്ങും സമാദരണീയനായ ചിത്രകാരനായി ലോട്ടോ അറിയപ്പെട്ടിരുന്നു. 1480 മുതല്‍ 1557 വരെയാണ് ജീവിതകാലം.അഡോറേഷന്‍ ഓഫ് ദ ചൈല്‍ഡ് ആണ് ഇദ്ദേഹത്തിന്റെ പ്രശസ്തമായ ചിത്രങ്ങളിലൊന്ന്. 1508 ആണ് രചനാകാലം. അവസാനകാലമായപ്പോഴേക്കും ജീവിക്കുവാന്‍ അദ്ദേഹം വളരെയധികം ബുദ്ധിമുട്ടി. ലേലത്തിന് വച്ചപലചിത്രങ്ങളും വിറ്റുപോയില്ല. ആഴമായ ആത്മീയമാനങ്ങളുള്ള ഇദ്ദേഹം ലോറെറ്റോയിലെ ഹോളി സാങ്ച്വറിയില്‍ അല്മായ സഹോദരനായി പ്രവേശിച്ചു. 1556 ല്‍ മരണമടഞ്ഞപ്പോള്‍ ആഗ്രഹപ്രകാരം ഡൊമിനിക്കന്‍ സഭാവസ്ത്രം അണിയിച്ചാണ് യാത്രയാക്കിയതും.

    ലിയനാര്‍ഡോ ഡാവിഞ്ചി

    ലാസ്റ്റ് സപ്പറും മോണാലിസയും വരച്ച ഡാവിഞ്ചി ഏറെ പ്രശസ്തനായ ചിത്രകാരനാണ്. 1452 ഏപ്രില്‍ 15 നാണ് ജനനം. പെയ്ന്റര്‍, സംഗീതജ്ഞന്‍, എഞ്ചിനീയര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച സര്‍വ്വകലാവല്ലഭനായ ഡാവിഞ്ചിയുടെ ഒരു ക്രിസ്മസ് ചിത്രമാണ് അഡോറേഷന്‍ ഓഫ് ദ മാഗി. ലോകവ്യാപകമായി ഏറ്റവും മഹാന്മാരായ ചിത്രകാരന്മാരില്‍ ഒരാളായും അനിതരസാധാരണമായ കഴിവുകളുള്ള ചിത്രകാരനായും ഇദ്ദേഹം അംഗീകരിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ മനസ്സും വ്യക്തിത്വവും അതിമാനുഷികവും അദ്ദേഹം തന്നില്‍തന്നെ നിഗൂഢവും അതിവിദൂരത്തിലുമാണെന്ന് ചില നിരീക്ഷണങ്ങള്‍ നടന്നിട്ടുണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!