പ്രധാനമന്ത്രി നരേന്ദ്രമോദി ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചതോടു കൂടി കൊറോണയെ സംബന്ധിച്ച ആശങ്കകള്‍ അതിന്റെ ഏറ്റവും തീവ്രതയിലെത്തിയിരിക്കുന്നു. ആരാധനാലയങ്ങള്‍ പോലും പൊതു ബലിയര്‍പ്പണമില്ലാതെ ശൂന്യമായി കിടക്കുന്നു എന്നത് വിശ്വാസികളായ നമ്മെ സംബന്ധിച്ചിടത്തോളം വളരെ വേദനാജനകമാണ്.
അതിനിടയില്‍ വിശ്വാസത്തെയും ദൈവത്തെയും ചോദ്യം ചെയ്തുകൊണ്ട് നിരീശ്വരവാദികളുടെ പടപ്പുറപ്പാടും നാം കാണുന്നു. ദൈവമുണ്ടായിരുന്നുവെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നോ പ്രാര്‍ത്ഥനകള്‍ക്ക് എന്താണ് പ്രയോജനം എന്നെല്ലാമാണ് അവരുടെ ചോദ്യം. മറുവശത്ത് നോട്രഡാംസ് ഈ വൈറസിനെക്കുറിച്ച് 1551 ല്‍ തന്നെ പ്രവചിച്ചിരുന്നുവെന്ന മട്ടിലുള്ള പ്രചരണങ്ങളും നടക്കുന്നു.
ഇങ്ങനെ പലതരത്തിലുള്ള ആശങ്കകള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കും ഇടയില്‍ വിശ്വാസികളായ നാം എന്തു ചെയ്യും, നമ്മുടെ ഉത്തരവാദിത്തം എന്താണ്,നാം എന്താണ് ചെയ്യേണ്ടത് എന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും.
2 ദിനവൃത്താന്തത്തില്‍ നാം ഇങ്ങനെ വായിക്കുന്നുണ്ട്: ഞാന്‍ മഴ തരാതെ ആകാശം അടയ്ക്കുകയോ ദേശത്തെ കൃഷി നശിപ്പിക്കുവാന്‍ വെട്ടുകിളിയെ നിയോഗിക്കുകയോ എന്റെ ജനത്തിനിടയില്‍ മഹാമാരി അയ്ക്കുകയോ ചെയ്യുമ്പോള്‍ എന്റെ നാമം പേറുന്ന എന്റെ ജനം എന്നെ അന്വേഷിക്കുകയും തങ്ങളെ തന്നെ എളിമപ്പെടുത്തി പ്രാര്‍ത്ഥിക്കുകയും തങ്ങളുടെ ദുര്‍മാര്‍ഗ്ഗങ്ങളില്‍ നിന്ന് പിന്തിരിയുകയും ചെയ്താല്‍ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് അവരുടെ പ്രാര്‍ത്ഥന കേട്ട് അവരുടെ പാപങ്ങള്‍ ക്ഷമിക്കുകയും അവരുടെ ദേശം സമ്പുഷ്ടമാക്കുകയും ചെയ്യും. ഇവിടെ നിന്നുയരുന്ന പ്രാര്‍ത്ഥനകള്‍ക്ക് നേരെ എന്റെ കണ്ണും കാതും ജാഗരൂകമായിരിക്കും.
അതെ, ദൈവത്തിലേക്ക് തിരിയുക മാത്രമേ നമ്മുക്ക് രക്ഷയായിട്ടുള്ളൂ. ആ രക്ഷ കരഗതമാകണമെങ്കില്‍ ആദ്യം നാം എളിമപ്പെടാന്‍ തയ്യാറാകണം. അഹങ്കാര ചിന്തയും ഈഗോയും സ്വാര്‍ത്ഥതയും ഒഴിവാക്കണം, ഉപേക്ഷിക്കണം. പാപത്തില്‍ നിന്ന് ദുഷ്‌ചെയ്തികളില്‍ നിന്ന് പിന്തിരിയണം.
ഈ രണ്ടു കാര്യങ്ങള്‍ ചെയ്തതിന് ശേഷം നാം ദൈവത്തോട് നിലവിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ദൈവം നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്കും. അവിടുന്ന് മഹാമാരി പിന്‍വലിക്കും. നമ്മെ അനുഗ്രഹിക്കും. അതുകൊണ്ട് മനസ്താപത്തോടെ നമുക്ക് പാപങ്ങളില്‍ നിന്ന് പിന്തിരിഞ്ഞ് ദൈവത്തെ വിളിച്ചപേക്ഷിക്കാം. കൊറോണ നമ്മെ വി്ട്ടുപോകുകയുും നാം പഴയതുപോലെ ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്യും. തീര്‍ച്ച.