തിരുവല്ല: തിരുവല്ല അതിരൂപതയിലെ പാലിയേക്കര ബസേലിയന്‍ കോണ്‍വെന്റിലെ സന്യാര്‍ത്ഥിനി ദിവ്യ പി ജോണിന്റെ ആകസ്മികമായ മരണത്തെക്കുറിച്ചുള്ള അപവാദപ്രചരണങ്ങളില്‍ നിന്ന് പിന്മാറണമെന്ന് രൂപത പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു.
ദിവ്യയുടെ മരണത്തെ സംബന്ധിച്ച് നടക്കുന്ന പോലീസ് അന്വേഷണം ഏറ്റവും കാര്യക്ഷമമായി നടക്കുന്നതിനാവശ്യമായ എല്ലാസഹകരണവും പിന്തുണയും സിസ്റ്റേഴ്‌സ നല്കിക്കൊണ്ടിരിക്കുകയാണെന്നും സിസ്റ്റേഴ്‌സിന് പ്രത്യേക പ്രാര്‍ത്്ഥനാസഹായവും പിന്തുണയും ആവശ്യമാണെന്നും പത്രക്കുറിപ്പ് ഓര്‍മ്മിപ്പിക്കുന്നു. ദിവ്യയുടെ മരണത്തില്‍ കഥകള്‍ മെനഞ്ഞു സഭയെയും സന്യാസത്തെയും മരിച്ചുപോയ സന്യാസാര്‍ത്ഥിനിയെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്താനും അന്വേഷണം വഴിതിരിച്ചുവിടാനും ശ്രമിക്കുന്നവര്‍ അതില്‍ നിന്ന് പിന്മാറണമെന്നും സത്യസന്ധമായ അന്വേഷണം നടത്താന്‍ പോലീസിനെ അനുവദിക്കണമെന്നുംസ്‌നേഹപൂര്‍വ്വം അഭ്യര്‍്തഥിക്കുന്നു.
ദിവ്യയുടെ മാതാപിതാക്കളോടും സഹോദരങ്ങളോടും കുടുംബാംഗങ്ങളോടും അതിരൂപതയുടെ അനുശോചനവും പ്രാര്‍ത്ഥനയും അറിയിക്കുന്ന പത്രക്കുറിപ്പില്‍, കോണ്‍വെന്റുകളില്‍ പഠിക്കുകയും സമര്‍പ്പിത ശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുകയും ചെയ്യുന്ന എല്ലാ അംഗങ്ങളും സഭയുടെ വിലപ്പെട്ട മക്കളാണെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
മെയ് ഏഴിന് ഉച്ചയോടെയാണ് കോണ്‍വെന്റിലെ കിണറ്റില്‍ ദിവ്യയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മെയ് 9 ന് ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ സംസ്‌കാരശുശ്രൂഷകള്‍ നടന്നു.