Saturday, December 7, 2024
spot_img
More

    വണക്കമാസം 28 ാം തീയതി

    പാപികളുടെ സങ്കേതം

    ദൈവമാതാവായ പ.കന്യകാമറിയം പാപമാലിന്യം എല്‍ക്കാത്തവളാണ്. അമല‍മനോഹരിയായ പരിശുദ്ധ അമ്മയുടെ അതുല്യമായ വിശുദ്ധി അത്ഭുതാവഹമത്രേ. പാപത്താല്‍ തകര്‍ന്ന മാനവരാശിയെ രക്ഷിക്കുന്നതിനായി മേരി എത്ര വലിയ ത്യാഗമാണ് അനുഷ്ഠിച്ചത്. തന്‍റെ ഓമല്‍ കുമാരനെ പാപികളുടെ രക്ഷയ്ക്കു വേണ്ടി കാല്‍വരിയില്‍ പിതാവിനു സമര്‍പ്പിച്ചു. രക്ഷാകര്‍മ്മത്തിന്‍റെ പൂര്‍ത്തീകരണത്തിനു ശേഷവും ലോകത്തില്‍ പാപികളായി അനേകം വ്യക്തികളുണ്ട്. പാപികളെ സ്വസുതന്‍റെ പക്കലേക്കു ആനയിക്കുന്നതിനു ഇന്നും പ.കന്യക മാതൃസഹജമായ വാത്സല്യത്തോടെ പ്രവര്‍ത്തിക്കുന്നതായി തിരുസ്സഭാ ചരിത്രം വ്യക്തമാക്കുന്നു.

    മറിയത്തെ പാപികളുടെ സങ്കേതമെന്നു നാം അഭിസംബോധന ചെയ്യുന്നുണ്ട്. ലോക പരിത്രാതാവിന്‍റെ ആഗമനത്തിന് മുമ്പു തന്നെ അവള്‍ മിശിഹായുടെ വരവിനായി നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.

    ദൈവസുതന്‍റെ മനുഷ്യാവതാരം മുതല്‍ കാല്‍വരി വരെയുള്ള ദിവ്യജനനിയുടെ ജീവിതം പാപപങ്കിലമായ ലോകത്തെ രക്ഷിക്കുന്നതിനു വേണ്ടിയായിരുന്നല്ലോ. മനുഷ്യാത്മാക്കളുടെ രക്ഷ അപകടത്തിലായിട്ടുള്ള എല്ലാ വിപല്‍സന്ധിയിലും ഓരോ പ്രത്യേക ദൗത്യവുമായി വിണ്ണില്‍ നിന്നും മന്നിലേയ്ക്ക് എഴുന്നള്ളി വരുവാന്‍ ആ മാതൃഹൃദയം വെമ്പല്‍ കൊള്ളുന്നു. ആധുനിക ലോകത്തില്‍ മനുഷ്യനു പാപബോധം തന്നെ നഷ്ടപ്പെട്ടിരിക്കുകയുമാണ്. ഇതാണ് ഇന്നത്തെ ഏറ്റവും വലിയ വിന. രോഗത്തിന്‍റെ മൂലകാരണം മനസ്സിലാക്കി പ്രതിവിധി നിര്‍ദ്ദേശിക്കുന്ന ഭിഷഗ്വരനാണ് സമര്‍ത്ഥന്‍. എങ്കില്‍ മാത്രമേ രോഗം പൂര്‍ണ്ണമായി ശമിക്കുകയുള്ളൂ.

    വിമലഹൃദയത്തിന്‍റെ വിലാപങ്ങള്‍ ശ്രവിക്കുന്നതില്‍ ലോകം വിമുഖത പ്രദര്‍ശിപ്പിച്ചു. അതിന്‍റെ തിക്തഫലങ്ങളാണ് നാം ഇന്നു കാണുന്ന യുദ്ധങ്ങളും യാതനകളും സാമൂഹ്യമായ അസ്വസ്ഥതകളും. എങ്കിലും ദൈവജനനി ലോകത്തെ അനുസ്യൂതം ഉത്ബോധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ലൂര്‍ദ്ദും ഫാത്തിമയും സന്ദര്‍ശിച്ചു പ്രാര്‍ത്ഥിച്ചിട്ടുള്ള എത്ര നിരീശ്വരന്മാരും പാപികളുമാണ് മാനസാന്തരപ്പെട്ടു കൊണ്ടിരിക്കുന്നത്. നിത്യസഹായ മാതാവിന്‍റെ നോവേനകള്‍ നടക്കുന്ന സ്ഥലങ്ങളിലും ലോകത്തിന്‍റെ മിക്ക ഭാഗങ്ങളിലും അപ്രകാരമുള്ള സംഭവങ്ങള്‍ അനുദിനം നടക്കുന്നു.

    സംഭവം

    ലില്ലിയന്‍ റോത്ത് ഒരു യഹൂദ വനിതയായിരുന്നു. അമേരിക്കയിലെ പ്രസിദ്ധ സിനിമാ വ്യവസായ കേന്ദ്രമായ ഹോളിവുഡിലെ പ്രശസ്ത നടി. അവള്‍ വളരെ അസന്മാര്‍ഗ്ഗിക ജീവിതമാണ് നയിച്ചിരുന്നത്. ഒന്നിന് പുറകെ ഒന്നായി അഞ്ചു വിവാഹങ്ങള്‍ അവള്‍ നടത്തി. അവസാനം ഒരു കത്തോലിക്കനുമായിട്ടാണ് വിവാഹിതയായത്. വിവാഹനന്തരം മധുവിധു ആഘോഷിക്കുന്നതിനായി അവര്‍ ആസ്ത്രേലിയായിലെ സിഡ്നിയിലേക്കാണ് പോയത്. 1947-ല്‍ ബി.ബി.സി. (ബ്രിട്ടിഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍)റേഡിയോ നിലയത്തില്‍ നിന്ന് ഒരു പ്രക്ഷേപണത്തില്‍ ‍ഫാത്തിമാ ദര്‍ശനങ്ങളെക്കുറിച്ചുള്ള വിവരങ്ങളുണ്ടായിരുന്നു. റോത്ത് ഇതു കേട്ടിട്ട് അവളുടെ ഭര്‍ത്താവിനോട് ഇപ്രകാരം പറഞ്ഞു: എനിക്ക് ഒരു കത്തോലിക്കയാകണം.

    ഉടനെ ഭര്‍ത്താവ് പ്രതിവചിച്ചു. നിന്നെപ്പോലുള്ളവരുടെ സങ്കേതമല്ല കത്തോലിക്കാ സഭ. അവിടെ കുറച്ചു മാന്യമായി ജീവിക്കുന്നവര്‍ക്കു മാത്രമേ സ്ഥാനമുള്ളൂ. ഒരു ദിവസം റോത്ത് അടുത്തുള്ള കത്തോലിക്കാ ദേവാലയത്തില്‍ ചെന്ന്‍ അവിടുത്തെ വൈദികനോട് കത്തോലിക്കാ സഭയിലേക്കു സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അവളുടെ മാനസാന്തരം യഥാര്‍ത്ഥമാണോ എന്നറിയാതെ സ്വീകരിക്കുവാന്‍ നിര്‍വ്വാഹമില്ലെന്നദ്ദേഹം മറുപടി പറഞ്ഞു. ഇപ്രകാരം സംഭവിച്ചു കുറെ കഴിഞ്ഞപ്പോള്‍ അവളുടെ ശ്വശുരന്‍ അവള്‍ക്ക് ഒരു ജപമാല സമ്മാനമായി കൊടുത്തു. അവള്‍ ഒരു യഹൂദയായിരുന്നെങ്കിലും ജപമാല പഠിച്ച് അത് ജപിക്കുവാന്‍ തുടങ്ങി.

    പിന്നീട് മോണ്‍.ഫുള്‍ട്ടന്‍.ജെ.ഷീന്‍, സൈന്‍ (Sign)എന്ന മാസികയില്‍ അനുതപിക്കുന്ന പാപികളോടും സഭയുമായി ഐക്യപ്പെടുവാന്‍ ആഗ്രഹിക്കുന്ന അകത്തോലിക്കരോടും വൈദികര്‍ കാരുണ്യപൂര്‍വ്വം പെരുമാറണമെന്നാവശ്യപ്പെട്ടു കൊണ്ട് എഴുതിയ ഒരു ലേഖനം അവള്‍ വായിച്ചു. അതുമായി അവള്‍ വീണ്ടും വൈദികനെ സമീപിച്ചു. അവളുടെ മാനസാന്തരം യഥാര്‍ത്ഥത്തിലുള്ളതാണെന്നു മനസ്സിലാക്കി അദ്ദേഹം അവരെ കത്തോലിക്കാ സഭയിലേക്ക് സ്വീകരിച്ചു. പിന്നീട് അവള്‍ എഴുതിയ “ഞാന്‍ നാളെ കരയും” (I will weep tomorrow)എന്ന അവളുടെ സ്വയംകൃത ജീവചരിത്രത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. “ലോകത്തിലേക്കും വച്ച് ഏറ്റവും വലിയ കവാടമായ കത്തോലിക്കാ സഭയെ തുറക്കുവാന്‍ ഞാന്‍ ഉപയോഗിച്ച എന്‍റെ ചെറിയ താക്കോല്‍ ജപമാലയാണ്” ഇപ്രകാരം എത്രയെത്ര സംഭവങ്ങള്‍ തിരുസഭാചരിത്രപക്ഷങ്ങളില്‍ കാണുവാന്‍ സാധിക്കും.”

    പ്രാര്‍ത്ഥന

    അമലമനോഹരിയായ മരിയാംബികയെ അങ്ങ വിശുദ്ധിയുടെ നികേതനമാണ് എങ്കിലും നീ പാപികളോടു വളരെ കാരുണ്യപൂര്‍വ്വമാണ് വര്‍ത്തിക്കുന്നത്. പാപികളില്‍ അങ്ങേ ദിവ്യകുമാരന്‍റെ പ്രതിഛായ കാണുവാന്‍ അങ്ങ് ആഗ്രഹിക്കുന്നു. നാഥേ, ഇന്നു ലോകത്തില്‍ പാപം വളരെ വര്‍ദ്ധിച്ചിരിക്കുന്നു. പാപബോധവും സത്യത്തെക്കുറിച്ചുള്ള അറിവും മനുഷ്യരില്‍ കുറഞ്ഞുവരുന്നു. അങ്ങ് പാപികളെ നിരന്തരം മാനസാന്തരത്തിനായി ആഹ്വാനം ചെയ്ത് കൊണ്ടിരിക്കുകയാണ്. പാപികളായ ഞങ്ങള്‍ പാപത്തെ പരിത്യജിച്ചു നിര്‍മ്മല ജീവിതം നയിക്കുവാനുള്ള അനുഗ്രഹം നല്‍കേണമേ. അപ്രകാരം ഞങ്ങള്‍ ഈശോയ്ക്കും അങ്ങേയ്ക്കും പ്രിയങ്കരരായിത്തീരുവാനുള്ള അനുഗ്രഹം നല്‍കേണമേ.

    എത്രയും ദയയുള്ള മാതാവേ

    ലുത്തീനിയ

    പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ

    പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

    1 നന്മ.

    പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.

    1 നന്മ.

    പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

    1 നന്മ.

    പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

    1 നന്മ.

    പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

    1 നന്മ.

    സുകൃതജപം

    വരപ്രസാദപൂര്‍ണ്ണയായ മാതാവേ, ദൈവവരപ്രസാദത്തിന്‍റെ ചാലുകള്‍ ഞങ്ങളിലേക്ക് നീ ഒഴുക്കേണമേ.    

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!