Tuesday, December 3, 2024
spot_img
More

    ദൈവാത്മാവേ നീ വേഗമെന്നിൽ വരിക


    ഈശോയുടെ ഉത്ഥാനത്തിന്റെ അൻപതാം ദിവസം ആത്മാഭിഷേകത്തോടെ അവന്റെ പ്രിയ ശിഷ്യന്മാർ ആരംഭിച്ച ആത്മീയ യാത്രയുടെ പാതയിൽ പല സമയങ്ങളിലായി എത്തിച്ചേർന്നവരാണ്‌ ക്രിസ്തുവിശ്വാസികളായ നാമെല്ലാവരും. കാലോചിതമായ പല മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും, വെട്ടിത്തിരുത്തലുകളും വിശ്വാസ ജീവിതവുമായി ഇഴചേർത്ത്‌ ക്രമീകരിക്കുമ്പോഴും, അന്നത്തെ പന്തക്കുസ്താ ദിനത്തിൽ സംഭവിച്ച കാര്യങ്ങൾക്ക്‌ മാറ്റ്‌ കുറയുന്നതിന്‌ പകരം കൂടുകയാണ്‌ ചെയ്യുന്നത്‌.

    സഹായക സാന്നിധ്യമായി ഈശോ വാഗ്ദാനം ചെയ്ത പരിശുദ്ധാത്മാവ്‌, പരിശുദ്ധ മറിയത്തോടൊപ്പം പ്രാർത്ഥനാ നിരതരായിരുന്ന പത്രോസിന്റേയും കൂട്ടരുടേയുമേൽ വന്നുനിറയുന്നതും, ആ നിമിഷം മുതൽ അവരിൽ സംഭവിക്കുന്ന പ്രകടമായ മാറ്റങ്ങളും പല ആവർത്തി നാം വായിച്ചിട്ടുള്ളതും, കേട്ടിട്ടുള്ളതും ധ്യാനിച്ചിട്ടുള്ളതുമാണ്‌. ശിഷ്യരുടെ ജീവിതത്തിൽ അതുവരെയുണ്ടായിരുന്ന അനിശ്ചിതത്വത്തിന്റേയും ആകുലതയുടേയും ഭയത്തിന്റേതുമായ ദിനങ്ങൾക്ക്‌ അന്ത്യം സംഭവിക്കുകയാണ്‌ പന്തക്കുസ്താ തിരുനാൾ ദിവസം.

    അഗ്നിനാളമായി ആവസിച്ച ആത്മാവ്‌ അവരെ ശുദ്ധീകരിച്ചു, അതുപോലെ ഈശോയുടെ അസാന്നിധ്യം അവരിലേൽപിച്ചതായ മുറിവുകളെല്ലാം സൗഖ്യമാക്കി, അവരെ പുതിയസൃഷ്ടികളാക്കി മാറ്റുകയും ചെയ്തു.

    ഓരോ പ്രാവശ്യവും പന്തക്കുസ്താ തിരുനാളിനായി പ്രാർത്ഥിച്ചൊരുങ്ങുമ്പോൾ, ഈശോയുടെ ശിഷ്യരിൽ നിറഞ്ഞ ദൈവാത്മാവ്‌ എല്ലാ ദൈവമക്കളിലും ശക്തമായി നിറയണമെന്നും ഇടപെടണമെന്നും പ്രവർത്തിക്കണമെന്നും സഭയാഗ്രഹിക്കുന്നു. അതിനാൽ പന്തക്കുസ്താദിനത്തിൽ സഭ ഇപ്രകാരമാണ്‌ പ്രാർത്ഥിക്കുന്നത്‌, “ദൈവമേ നിന്റെ ആത്മാവിനെ അയച്ചു ഭൂമി മുഴുവനും നവീകരിക്കുക” ഈ പ്രാർത്ഥന കാലങ്ങളായി സഭയിൽ ആവർത്തിക്കപ്പെടുന്നുണ്ട്‌, എന്തെന്നാൽ ദൈവാത്മാവിനാൽ രൂപീകൃതമാകുന്ന നവീകരണം എക്കാലത്തും ഈ ഭൂമി മുഴുവനും ആവശ്യമാണ്‌. എങ്കിൽ മാത്രമേ നാം അധിവസിക്കുന്ന ഈ ഭൂമിയും അതിലെ സകലതും ചൈതന്യമുള്ളതായി തീരുകയുള്ളൂ.
    പന്തക്കുസ്താ തിരുനാളിനായി ഒരുങ്ങിക്കൊണ്ടിരുന്ന ഈ ദിവസങ്ങളിൽ സെമിനാരി പഠനകാലത്ത്‌ ക്ളാസുകൾ ആരംഭിക്കുന്നതിന്‌ മുൻപായി ഞങ്ങൾ പാടിയിരുന്ന ഒരു പ്രാർത്ഥനാ ഗാനം ഒരിക്കൽകൂടി ഓർമ്മയിൽ കടന്നുവന്നു.

    അതിലെ കുറച്ച്‌ വരികൾ ഇങ്ങനെയാണ്‌,
    “ദൈവാത്മാവേ നീ വേഗമെന്നിൽ വരികദിവ്യാവരം തൂകുകഅജ്ഞാനം തമസാദികൾ നീയകറ്റിവിജ്ഞാനവും നൽകുക”

    അജ്ഞാനം, തമസ്‌ എന്നിവയെ അകറ്റി വിജ്ഞാനം തരണമേയെന്നാണ്‌ ദൈവാത്മാവിനോട്‌ പ്രാർത്ഥിക്കുന്നത്‌. ഓരോ പന്തക്കുസ്താ തിരുനാളിലും മുടങ്ങാതെ നമ്മുടെ ഹൃദയത്തിൽ നിന്നുയരേണ്ടതായ പ്രാർത്ഥനയും ഇതുതന്നെയാകണം. അജ്ഞതയും അതുപോലെ അന്ധകാരവും ആർക്കും ഗുണകരമാകുന്ന കാര്യങ്ങളല്ല. എന്നാലും നമ്മുടെയൊക്കെ ഉള്ളിൽ കുറച്ചെങ്കിലും അജ്ഞതയും അന്ധകാരവുമൊക്കെ കടന്നുകൂടിയിട്ടുണ്ടാകും. അത്‌ മാറ്റിയെടുക്കുവാൻ ദൈവാത്മാവിന്റെ സാന്നിധ്യം സഹായകമാണ്‌ എന്ന ബോധ്യവും ഈ പ്രാർത്ഥനയിലുണ്ട്‌.

    അജ്ഞതയും അന്ധകാരവും നീക്കപ്പെട്ടതിനുശേഷം നിലനിൽക്കുന്ന വിജ്ഞാനം ദൈവം തരുന്നതാണ്‌, മറ്റൊരുവാക്കിൽ പറഞ്ഞാൽ അത്‌ ദൈവീകജ്ഞാനമാണ്‌.
    ലോകത്തിന്റെ രീതികളനുസരിച്ച്‌ വിലയിരുത്തുമ്പോൾ വലിയ അറിവിന്റെ ഉടമയൊന്നുമല്ലാതിരുന്ന പത്രോസ്‌, പന്തക്കുസ്താദിവസം പരിശുദ്ധാത്മാവ്‌ വന്നു നിറഞ്ഞതിനുശേഷം നടത്തിയ പ്രസംഗത്തെക്കുറിച്ചും, അനേകർ മാനസാന്തരപ്പെrട്ടതിനെക്കുറിച്ചും നാം അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽ വായിക്കുന്നുണ്ട്‌ (അപ്പ. പ്രവർത്തനങ്ങൾ 2:14-36).

    അവൻ അന്ന്‌ പ്രസംഗിച്ചത്‌ വെറും അറിവുകളല്ലായിരുന്നു, പകരം ദൈവീകജ്ഞാനമായിരുന്നു. “എന്തെന്നാൽ, കർത്താവ്‌ ജ്ഞാനം നൽകുന്നു; അവിടുത്തെ വദനത്തിൽനിന്ന്‌ അറിവും വിവേകവും പുറപ്പെടുന്നു”. (സുഭാഷിതങ്ങൾ 2:6) പത്രോസ്‌ സ്വയം ജ്ഞാനിയെന്ന്‌ കരുതിയില്ല, പകരം തന്നിൽ നിറഞ്ഞ ദൈവാത്മാവിന്‌ പ്രവർത്തിക്കാനായി സ്വയം വിട്ടുകൊടുത്തു.

    ആത്മാഭിഷേകത്തിലൂടെ പത്രോസിന്റേയും കൂട്ടരുടെയും അജ്ഞതയും അന്ധകാരവും നീക്കപ്പെട്ടു എന്നതിനോടൊപ്പം, അന്നവിടെ എത്തിച്ചേർന്ന അനേകർക്ക്‌ വലിയ ദൈവാനുഭവം സ്വന്തമാക്കാനായി എന്നത്‌ ശ്രദ്ദേയമാണ്‌. സത്യാത്മാവ്‌ ഒരുവനിൽ നിറഞ്ഞ്‌ പ്രവർത്തിക്കുമ്പോൾ സംഭവിക്കുന്നതിന്റെ വ്യക്തമായ ഉദാഹരണമാണ്‌ അന്നവിടെ കാണാനായത്‌.
    സഭയുടെ ഭാഗമായി നിലകൊള്ളുന്നവരെന്നും, ആത്മാഭിഷേകം ലഭിച്ചവരെന്നും സ്വയം അവകാശപ്പെടുന്ന കുറേയധികം വ്യക്തികൾ പറയുന്നതും പങ്കുവയ്ക്കുന്നതുമായ കാര്യങ്ങൾ പ്രകാശമുള്ളതോ മറ്റുള്ളവരെ പ്രകാശത്തിലേക്ക്‌ നയിക്കുന്നതോ അല്ല എന്നത്‌ നോവുപകരുന്ന യാഥാർത്ഥ്യമാണ്‌.

    ദൈവീക ജ്ഞാനമില്ലാതെ പങ്കുവയ്ക്കപ്പെടുന്നതെല്ലാം അപചയങ്ങളും അപകടങ്ങളും ക്ഷണിച്ചുവരുത്തും എന്നതിൽ സംശയം വേണ്ട. അതായത്‌ ഉപകാരത്തേക്കാൾ ഉപദ്രവമാണ്‌ ഉണ്ടാക്കുക എന്ന്‌ സാരം. പൗലോസ്‌ ശ്ളീഹ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്‌, “ആരും ആത്മവഞ്ചന ചെയ്യാതിരിക്കട്ടെ. ആരെങ്കിലും ഈ ലോകത്തിൽ ജ്ഞാനിയെന്നു വിചാരിക്കുന്നപക്ഷം യഥാർഥ ജ്ഞാനിയാകേണ്ടതിന്‌ തന്നെത്തന്നെ ഭോഷനാക്കട്ടെ“. (1കോറി. 3:18)
    പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തെക്കുറിച്ച്‌ ഈശോ പറയുന്ന വചനഭാഗത്തിൽ ഇപ്രകാരം നാം വായിക്കുന്നു: ”അവൻ വന്ന്‌ പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും അവർ എന്നിൽ വിശ്വസിക്കാത്തതിനാൽ പാപത്തെക്കുറിച്ചും , ഞാൻ പിതാവിന്റെ അടുക്കലേക്കു പോകുന്നതുകൊണ്ടും നിങ്ങൾ ഇനിമേലിൽ എന്നെ കാണുകയില്ലാത്തതുകൊണ്ടും നീതിയെക്കുറിച്ചും, ഈ ലോകത്തിന്റെ അധികാരി വിധിക്കപ്പെട്ടിരിക്കുന്നതിനാൽ ന്യായവിധിയെക്കുറിച്ചും ബോധ്യപ്പെടുത്തും“ (യോഹ. 16:8-11).

    ഈശോയുടെ ഈ വാക്കുകൾ നമ്മുടെ ഹൃദയത്തിൽ ആഴത്തിൽ പതിയട്ടെ. ദൈവാത്മാവിനല്ലാതെ മറ്റാർക്കും നമ്മുടെ യഥാർത്ഥ സഹായകനാകാൻ സാധിക്കുകയില്ല. സഹായകനായ ഈ സത്യാത്മാവ്‌ എപ്പോഴും നമ്മുടെ ഒപ്പമുണ്ടെങ്കിൽ, എത്ര പ്രതികൂലമായ സാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടി വന്നാലും, നീയൊരു പരാജയമെന്ന്‌ പരിചിതരെല്ലാം പറയുന്നിടത്തും ജീവിതം സന്തോഷമുള്ളതാകും എന്നത്‌ നിശ്ചയമാണ്‌.
    പരിശുദ്ധ മറിയത്തോടൊപ്പം ഈശോയുടെ ശിഷ്യർ പ്രാർത്ഥനയിലായിരുന്നപ്പോഴാണ്‌ ആത്മാവ്‌ അവരിൽ നിറഞ്ഞത്‌ എന്ന വചനം മറക്കാതിരിക്കാം.

    അതുപോലെ നമുക്കും പരിശുദ്ധ മറിയത്തോട്‌ ചേർന്ന്‌ പ്രാർത്ഥിക്കാം. നമ്മിലെ അജ്ഞതയും അന്ധകാരവും നീക്കുന്ന, യഥാർത്ഥ ജ്ഞാനത്തിൽ നമ്മെ നയിക്കുന്ന ദൈവാത്മാവ്‌ ഈ പന്തക്കുസ്താ ദിനത്തിൽ നമ്മിലും നിറയട്ടെ.

    പോൾ കൊട്ടാരം കപ്പൂച്ചിൻ

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!