തിരുവനന്തപുരം: വീണ്ടും പള്ളിമണികള്‍ മുഴങ്ങിത്തുടങ്ങുന്നു. വിശുദ്ധ ഗീതങ്ങളും പ്രാര്‍ത്ഥനകളും കൊണ്ട് നമ്മുടെ ദേവാലയങ്ങള്‍ മുഖരിതമാകാന്‍ പോകുന്നു. സുഗന്ധധൂമങ്ങളാല്‍ നമ്മുടെ ദേവാലയാകത്തളങ്ങള്‍ വിശുദ്ധീകരിക്കപ്പെടുന്നു. അതെ ചൊവ്വാഴ്ച മുതല്‍ നാം പള്ളിയിലേക്ക് വീണ്ടും പോയിത്തുടങ്ങുന്നു. ലോക്ക് ഡൗണിനെ തുടര്‍ന്ന് മാസങ്ങള്‍ക്ക് ശേഷം ദേവാലയം തിരുക്കര്‍മ്മങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഇത്. തിങ്കളാഴ്ച ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി തുറക്കുന്ന ദേവാലയങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ തിരുക്കര്‍മ്മങ്ങളില്‍ വിശ്വാസികള്‍ക്കും പങ്കെടുക്കാം. 100 ചതുരശ്രമീറ്ററിന് 15 പേര്‍ എന്ന നിലയിലായിരിക്കും പ്രവേശനം. വിശുദ്ധഗ്രന്ഥങ്ങളിലോ രൂപങ്ങളിലോ തൊടരുത്, മാസ്‌ക്ക് ധരിച്ചിരിക്കണം, ഇറങ്ങാനും കയറാനും പ്രത്യേകം വാതില്‍ ഉപയോഗിക്കണം, 65 ന് മേല്‍ പ്രായമുള്ളവരും 10 വയസില്‍ താഴെയുള്ളവരും ഗര്‍ഭിണികളും വരരുത് , കൈകള്‍ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കഴുകണം തുടങ്ങിയവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍.