ആഥന്‍സ്: വിശ്വാസികള്‍ യോഗ പരിശീലിക്കുന്നതിന് എതിരെ കര്‍ശന നിലപാടുമായി ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭ. കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനായി യോഗ അഭ്യസിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് ഇതിനെതിരെ സഭ പ്രസ്താവനയുമായി രംഗത്ത് ഇറങ്ങിയിരിക്കുന്നത്.
യോഗയ്ക്ക് ക്രൈസ്തവ മതത്തില്‍ ഒരു സ്ഥാനവുമില്ലെന്ന് ആഥന്‍സ് ആര്‍ച്ച്ബിഷപ് ഐറോണിമോസ് രണ്ടാമന്‍ വ്യക്തമാക്കി. യോഗ ഒരു വ്യായാമമുറയല്ല ആരാധനാരീതിയാണെന്നും അദ്ദേഹം നിരീക്ഷിച്ചു. സഭയില്‍ അനുതാപത്തിനുള്ള മാര്‍ഗ്ഗം കുമ്പസാരമാണെന്നും കുമ്പസാരത്തില്‍ ദൈവത്തോട് തെറ്റ് ഏറ്റുപറഞ്ഞു മാനസാന്തരപ്പെടുകയാണ് ചെയ്യുന്നത് എന്നും എന്നാല്‍ യോഗയിലൂടെ അതിനുള്ള ശ്രമങ്ങള്‍ പോലും നടക്കുന്നുണ്ടെന്നും ഇത് സംബന്ധിച്ച പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.
ഇതോടെ യോഗയെ അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യുന്നവര്‍ക്കിടയില്‍ കനത്ത വാഗ്വാദങ്ങള്‍ ഉയര്‍ന്നുവന്നിരിക്കുകയാണ്. ഇതിന് മുമ്പും യോഗയ്‌ക്കെതിരെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭ പ്രതികരിച്ചിരുന്നു. അന്താരാഷ്ട യോഗദിനം ആചരിക്കാനുള്ള യുഎന്‍ തീരുമാനത്തിന് എതിരെയായിരുന്നു അന്നത്തെ പ്രതികരണം.