എല്ലാ മനുഷ്യരും രക്ഷപ്രാപിക്കണമെന്നും സത്യം അറിയണമെന്നും ദൈവം ആഗ്രഹിക്കുന്നതിനാൽ ദൈവികവെളിപാട് ഭൂമിയുടെ അതിർത്തികൾവരെയും എത്താനുള്ള സജ്ജീകരണം ഉണ്ടാകണം. ദൈവം അത് ചെയ്തു എന്ന് CCC 74ൽ പഠിപ്പിക്കുന്നു. അത് അപ്പസ്തോലന്മാരെയാണ് ഏൽപ്പിച്ചതെന്ന് CCC 75 -ൽ പറയുന്നു. അപ്പസ്തോലിക പ്രഘോഷണം വാചികരൂപത്തിലും ലിഖിതരൂപത്തിലും ആണ് നിർവഹിക്കപ്പെടുന്നത് എന്ന് CCC 76 -ൽ പഠിപ്പിക്കുന്നു.
തങ്ങളെ ഏൽപ്പിച്ച ദൈവീക വെളിപാട് യുഗാന്ത്യംവരെ പ്രഘോഷിക്കപ്പെടേണ്ടതിനായി അപ്പസ്തോലന്മാർ മെത്രാന്മാരെ തങ്ങളുടെ പിൻഗാമികളായി നിയമിച്ചതിനെക്കുറിച്ച് CCC 77 -ൽ കാണാം. CCC 79 -ലെ ഒരു പ്രതിപാദനം ഏറെ ശ്രദ്ധേയമാണ് “പൂർവ്വ കാലങ്ങളിൽ സംസാരിച്ച ദൈവം, തൻറെ പ്രിയപുത്രൻ്റെ വധുവുമായി അനുസ്യൂതം സംഭാഷണം നടത്തുന്നു. ആരിലൂടെയാണോ സുവിശേഷത്തിൻ്റെ സജീവ ശബ്ദം സഭയിലും ലോകം മുഴുവനിലും മുഴങ്ങുന്നത് ആ പരിശുദ്ധാത്മാവ് വിശ്വാസികളെ പൂർണ്ണ സത്യത്തിലേക്ക് ആനയിക്കുകയും ക്രിസ്തുവിൻ്റെ വചനം അവരിൽ സമൃദ്ധമായി വസിക്കുന്നതിന് ഇടയാക്കുകയും ചെയ്യുന്നു.” പഴയനിയമത്തിൽ, ആദിമസഭയിൽ പ്രവർത്തിച്ച പരിശുദ്ധാത്മാവ് കുറവുകൾ ഉണ്ട് എന്ന് നമുക്ക് തോന്നിക്കുന്ന ഇന്നത്തെ സഭയിലും അതുപോലെതന്നെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. സത്യത്തിൻ്റെ പൂർണ്ണതയിലേക്ക് സഭയെ നയിച്ചുകൊണ്ടിരിക്കുന്നു.
ദൈവീക വെളിപാടിൻറെ വാചികരൂപമായ വിശുദ്ധ പാരമ്പര്യവും ലിഖിതരൂപമായ വിശുദ്ധ ഗ്രന്ഥവും ഒരു പൊതു ഉറവിടത്തിൽനിന്നാണ് വരുന്നതെന്നും (CCC 80) അതിനാൽ രണ്ടിനെയും സമാനമായ ഭയഭക്തിബഹുമാനങ്ങളോടുകൂടെ സ്വീകരിക്കുകയും ആദരിക്കുകയും ചെയ്യണമെന്നും തുടർന്ന് പറയുന്നു.(CCC 82)
വിശുദ്ധ പാരമ്പര്യവും വിശുദ്ധ ഗ്രന്ഥവും സഭയ്ക്കാണ് ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്നതെന്നും (CCC 84) ഇതിനെ ഔദ്യോഗികമായി വ്യാഖ്യാനിക്കാനുള്ള ധർമ്മം സഭയുടെ പ്രബോധനാധികാരത്തിനാണെന്നും തുടർന്ന് പഠിപ്പിക്കുന്നു.(CCC 85)
CCC 89 എല്ലാ വിശ്വാസികളും ഹൃദയത്തിൽ ഏറ്റെടുക്കേണ്ടതാണ്. “നമ്മുടെ ആദ്ധ്യാത്മിക ജീവിതവും വിശ്വാസസത്യങ്ങളും തമ്മിൽ ഘടനാത്മക ബന്ധമുണ്ട്. നമ്മുടെ വിശ്വാസപാതയിലെ ദീപങ്ങൾ ആണ് വിശ്വാസസത്യങ്ങൾ. അവ ഈ പാതയിൽ പ്രകാശം ചൊരിയുകയും ഇതിനെ സുരക്ഷിതമാക്കുകയും ചെയ്യുന്നു. മറിച്ച് നമ്മുടെ ജീവിതം ധർമ്മനിഷ്ഠമാണെങ്കിൽ വിശ്വാസസത്യങ്ങളുടെ പ്രകാശം സ്വീകരിക്കുവാനായി നമ്മുടെ ബുദ്ധിയും ഹൃദയവും തുറന്നിരിക്കും.” നാം സാധാരണ ചിന്തിക്കാറുള്ളത് ധാർമ്മികമായ വിശുദ്ധിയെക്കുറിച്ചാണ്. വിശ്വാസസത്യങ്ങൾ സ്വീകരിക്കാതിരിക്കുന്നതോ സമഗ്രതയിൽ സ്വീകരിക്കാതിരിക്കുന്നതോ ഏതെങ്കിലും രീതിയിൽ വീഴ്ച വരുത്തുന്നതോ ഒന്നും കാര്യമായി ഗൗനിക്കാറില്ല. എന്നാൽ അത് കത്തോലിക്കാ വിശ്വാസവുമായി ചേർന്ന് പോകുന്നതല്ല എന്ന് CCC പഠിപ്പിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട കൂടുതൽ പഠനങ്ങൾക്ക് ചുവടെ നൽകുന്ന ലിങ്ക് ഉപയോഗിക്കുക.
https://youtu.be/0bln4UZgNs0