ഹോംങ് കോംങ്: ഓശാന ഞായറിന്റെ തിരുക്കര്‍മ്മങ്ങള്‍ കഴിഞ്ഞ് പുറത്തിറങ്ങിയ വൈദികനെ ഭരണാധികാരികള്‍ നിര്‍ബന്ധപൂര്‍വ്വം കാറില്‍ കയറ്റിക്കൊണ്ടുപോയി. ഹെബിയിലെ സുവാന്‍ചുവാ രൂപതയിലെ ഫാ. പീറ്ററിനെയാണ് ഏപ്രില്‍ 14 ന് ഗവണ്‍മെന്റ് അധികാരികള്‍ കാറില്‍ കയറ്റിക്കൊണ്ടുപോയതത്. കാറിലിരുന്ന ഫാ.പീറ്ററിന്റെ അടുക്കലേക്ക് ഏതാനും പേര്‍ നടന്നുചെല്ലുകയും വാതില്‍ തുറക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്തോ അത്യാഹിതം സംഭവിക്കാന്‍ പോവുകയാണെന്ന് തോന്നിയ അച്ചന്‍ ഉടന്‍ തന്നെ തന്റെ ഇടവകയിലെ ഒരാളെ ഫോണ്‍ ചെയ്ത് വിവരമറിയിച്ചു. അപ്പോഴേക്കും അപരിചിതരായ ആളുകള്‍ കാറിന്റെ ഡോര്‍ തുറക്കുകയും അച്ചനെ അതില്‍ നിന്ന് വലിച്ചിറക്കി വേറെ കാറില്‍ കയറ്റിക്കൊണ്ടുപോകുകയുമായിരുന്നു. ഇതേ രൂപതയില്‍ നിന്ന് ഒരു മാസത്തിനുള്ളില്‍ അധികാരികള്‍ അറസ്റ്റ് ചെയ്തുകൊണ്ടുപോയ മൂന്നാമത്തെ വൈദികനാണ് ഇദ്ദേഹം. വൈദികനെ കൊണ്ടുപോയ വിവരമറിഞ്ഞ് പ്രദേശത്തെ ഗവണ്‍മെന്റ് ഓഫീസിനുമുമ്പില്‍ ആളുകള്‍ തടിച്ചുകൂടുകയും അച്ചനെ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഒടുവില്‍ അഞ്ചുപേര്‍ക്ക് അച്ചനെ കാണാന്‍ അവസരം കിട്ടി. താന്‍ ക്രിസ്തുവിന് സാക്ഷ്യം വഹിക്കുകയാണ് എന്നായിരുന്നു അച്ചന്റെ പ്രതികരണം.