റീഗെന്‍ബര്‍ഗ്: പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഇന്ന് റോമിലേക്ക് മടങ്ങുമെന്ന് റീഗെന്‍ബര്‍ഗ് രൂപത അറിയിച്ചു. രോഗിയായി കഴിയുന്ന സഹോദരന്‍ മോണ്‍. ജോര്‍ജ് റാറ്റ്‌സിംഗറിനെ കാണാന്‍ ബെനഡിക്ട് പാപ്പ ജൂണ്‍ 18 നാണ് ഇവിടെ എത്തിച്ചേര്‍ന്നത്. എങ്കിലും മടക്കയാത്രയെക്കുറിച്ച് നേരത്തെ അറിയിച്ചിട്ടുണ്ടായിരുന്നില്ല. രൂപതയിലെ സെമിനാരിയിലായിരുന്നു അദ്ദേഹം തങ്ങിയിരുന്നത്. 96 കാരനായ മോണ്‍. ജോര്‍ജ് റാറ്റ്‌സിംഗറും 93 കാരനായ പാപ്പയും ഒരുമിച്ച് വിശുദ്ധ ബലിയര്‍പ്പിച്ചു. ശനിയാഴ്ചയും ഈശോയുടെ തിരുഹൃദയതിരുനാള്‍ ദിനത്തിലുമാണ് ഇരുവരും കുര്‍ബാനയര്‍പ്പിച്ചത്. ഇതിന് മുമ്പ് തന്റെ ജന്മനാടില്‍ പാപ്പ എത്തിച്ചേര്‍ന്നത് 2006 ല്‍ ബവേറിയായിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു. തന്റെ ജന്മവീട്ടിലും മാതാപിതാക്കന്മാരുടെ സെമിത്തേരിയിലും പാപ്പ എത്തി.