കൊല്ലം: കോവിഡ് ബാധിച്ച് മരണമടഞ്ഞ കൊല്ലം രൂപതയിലെ ഫ്രാന്‍സിസ്‌ക്കന്‍ സിസ്റ്റേഴ്‌സ് ഓഫ് ദ ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി സന്യാസിനിസമൂഹാംഗം സിസ്റ്റര്‍ അജയ മേരിയുടെ മൃതദേഹം ദഹിപ്പിച്ചതിന് ശേഷം ഭൗതികാവശിഷ്ടം സന്യാസസമൂഹത്തിന്റെ സെമിത്തേരിയില്‍ അടക്കം ചെയ്തു. ഡല്‍ഹിയില്‍ വച്ച് ജൂലൈ രണ്ടിനാണ് സിസ്റ്റര്‍ മരണമടഞ്ഞത്. ഹോളിഫാമിലി ആശുപത്രിയില്‍ മരണമടഞ്ഞ സിസ്റ്ററുടെ ഭൗതികദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിന് നിയമപരമായ തടസ്സങ്ങളുണ്ടായിരുന്നു.
ഈ സാഹചര്യത്തിലാണ് ശവദാഹം നടത്തിയതിന് ശേഷം ഭൗതികാവശിഷ്ടം നാട്ടിലെത്തിച്ച് അടക്കം ചെയ്തത്. അഞ്ചുദിവസങ്ങള്‍ക്ക് ശേഷം പാസഞ്ചര്‍ ഫ്‌ളൈറ്റില്‍ ജൂലൈ നാലിന് എത്തിച്ച ഭൗതികാവശിഷ്ടം സെമിത്തേരിയില്‍ അടക്കം ചെയ്ത കര്‍മ്മങ്ങള്‍ക്ക് കൊല്ലം രൂപതാധ്യക്ഷന്‍ ബിഷപ് പോള്‍ മുല്ലശ്ശേരി മുഖ്യകാര്‍മ്മികത്വം വഹിച്ചു.
സുരക്ഷാ നിയമങ്ങള്‍ പാലിച്ച് 20 പേര്‍ മാത്രമേ ചടങ്ങുകളില്‍ പങ്കെടുത്തുള്ളൂ. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരു കത്തോലിക്കാ കന്യാസ്ത്രീയുടെ മൃതദേഹം ദഹിപ്പിക്കുന്നത്. കത്തോലിക്കാസഭയില്‍ തന്നെ ആദ്യമായിട്ടാണോ ഇങ്ങനെയൊന്ന് നടന്നിരിക്കുന്നതെന്ന സംശയവുമുണ്ട്.