ന്യൂയോര്‍ക്ക്: സെന്റ് പാട്രിക് കത്തീഡ്രലിലേക്ക് പെട്രോള്‍ ജാറുകളുമായി പ്രവേശിക്കാന്‍ ശ്രമിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു. 37 കാരനായ മാര്‍ക് ലാംപരെല്ലോയാണ് അറസ്റ്റിലായത്. മാര്‍ക് പെട്രോളുമായി അകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചുവെങ്കിലും സെക്യൂരിറ്റി തടയുകയായിരുന്നു എന്ന് അതിരൂപത വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
കാറില്‍ കയറി രക്ഷപ്പെടാനും ശ്രമിച്ചു. അപ്പോഴേയ്ക്കും പോലീസ് ഇടപെടലുണ്ടായി. രണ്ട് ലൈറ്റര്‍, രണ്ട് ജാര്‍ ലൈറ്റര്‍ ഫഌയിഡ്, നാലു ഗാലന്‍സ് ഗ്യാസോലൈന്‍ എന്നിവയാണ് അയാളുടെ പക്കലുണ്ടായിരുന്നത്.
ന്യൂയോര്‍ക്കിലെ ഏറ്റവും വലിയ കത്തോലിക്കാ ദേവാലയമാണ് സെന്റ് പാട്രിക്. മാനസികമായി മാര്‍ക് അസ്വസ്ഥനാണെന്നാണ് പോലീസ് മാധ്യമങ്ങളോട് പറഞ്ഞത്. ഫിലോസഫി പ്രഫസറായി 2013 വരെ ഇയാള്‍ ജോലി ചെയ്തിരുന്നുവെന്നും ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫിലോസഫിയില്‍ ബിരുദം ഉണ്ടെന്നും മാര്‍ക്കിനെക്കുറിച്ച് പോലീസ് വ്യക്തമാക്കി.
ഇയാളുടെ ഉദ്ദേശ്യം എന്താണെന്ന കാര്യത്തില്‍ വ്യക്തതയില്ല .നോട്രഡാം കത്തീഡ്രലിലുണ്ടായ അഗ്നിബാധയുടെ പശ്ചാത്തലത്തില്‍ ഈ സംഭവത്തെ വളരെ ഗൗരവത്തോടെയാണ് ലോകം നോക്കിക്കാണുന്നത്