പ്രസ്റ്റണ്‍: ഈശോയുടെ ഭാഗമായ, സഭയുടെ മനോഭാവമാണോ നമുക്കുള്ളത് നാം ആത്മവിശകലനം നടത്തണം എന്ന് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍.
പാപത്തില്‍ വീണുകിടക്കുന്ന ഒരു വ്യക്തിയെ വിമോചിപ്പിക്കാനുള്ള കടമ സഭയുടെ ഭാഗമായ ഓരോ വ്യക്തികള്‍ക്കുമുണ്ട്. അങ്ങനെയൊരു പരിശ്രമം സഭാംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടാവണം. സഭയിലുള്ളവര്‍ക്ക് ഈശോയുടെ മനോഭാവമുണ്ടായിരിക്കണം. ഈശോ തന്നെക്കുറിച്ച് തന്നെയാണ്, അതായത് ദൈവരാജ്യത്തെക്കുറിച്ചാണ് പ്രസംഗിച്ചത്.
ഒരുവിരുന്നില്‍ പങ്കെടുക്കുമ്പോള്‍ നാം കാണിക്കേണ്ട മര്യാദയെക്കുറിച്ചും വിശുദ്ധ ഗ്രന്ഥം ഓര്‍മ്മിക്കുന്നുണ്ട്. പ്രധാന സീറ്റില്‍ കയറിയിരിക്കാതെ പിന്‍സീറ്റിലേക്ക് മാറുക. നാം പ്രധാനപ്പെട്ട വ്യക്തിയാണെങ്കില്‍ വീട്ടുടമസ്ഥന്‍ തന്നെ നമ്മെ മുന്‍സീറ്റിലേക്ക് കയറ്റിയിരുത്തും. വിരുന്ന് നടത്തുമ്പോള്‍ നാം ആരെയെല്ലാം ക്ഷണിക്കണമെന്നും വിശുദ്ധ ഗ്രന്ഥം നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട.
ലൗകികചിന്തകളെ നാം ദൂരെയകറ്റണം. കര്‍ത്താവില്‍ ആശ്രയിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നവര്‍ക്കാണ് ദൈവരാജ്യം വാഗ്ദാനം ചെയ്തിരിക്കുന്നത്. ദൈവരാജ്യത്തിന് വേണ്ടിയാണ്, നിത്യജീവന് വേണ്ടിയാണ് ജീവിക്കുന്നതെങ്കില്‍ ഈശോയുടെ പ്രബോധനം അനുസരിച്ച് ജീവിക്കണം, തിരുവചനം അനുസരിച്ച് ജീവിക്കണം.
ദരിദ്രനോട് ദയ കാണിക്കുന്നവന്‍ കര്‍ത്താവിനാണ് കടം കൊടുക്കുന്നത് അവിടുന്ന് ആ കടം വീട്ടും എന്നാണ് തിരുവചനം ഓര്‍മ്മിപ്പിക്കുന്നത്. ദരിദ്രനോട് ദയ കാണിക്കുന്നവന്‍ ഭാഗ്യവാന്‍ എന്നും കഷ്ടതയുടെ നാളുകളില്‍ കര്‍ത്താവ് അവന്റെ നിലവിളി കേള്‍ക്കുമെന്നും തിരുവചനം വാഗ്ദാനം നല്കുന്നു. വിശുദ്ധ ഗ്രന്ഥത്തിലെ വിവിധ ഭാഗങ്ങളില്‍ സമാനമായ തിരുവചനങ്ങളുണ്ട്. ഇവയെല്ലാം ദരിദ്രരോട് നാം കാണിക്കേണ്ട മര്യാദകളെക്കുറിച്ചാണ് പറയുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ എല്ലാ പ്രബോധനങ്ങളിലും ദരിദ്രരോട് കാരുണ്യം കാണിക്കേണ്ടതിനെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നുണ്ട്. ആദിമസഭ എങ്ങനെയാണ് ജീവിച്ചത് എന്നതിനെക്കുറിച്ച് പ്രബോധനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
നിത്യജീവനുവേണ്ടിയാണ് നാം ജീവിക്കുന്നതെങ്കില്‍ തിരുവചനം അനുസരിച്ചും ദരിദ്രരനോടു കരുണകാണിച്ചും ജീവിക്കണം. തിരുവചനത്തിന്റെ ചൈതന്യം അനുസരിച്ച് ജീവിച്ചവരായിരുന്നു ലീമായിലെ വിശുദ്ധ റോസും വിന്‍സെന്റ് ഡീ പോളും പോലെയുള്ള വിശുദ്ധര്‍.
ദരിദ്രര്‍ക്ക് ചെയ്തുകൊടുത്ത സഹായങ്ങളെല്ലാം ദൈവത്തിന് തന്നെയാണ് നാം ചെയ്തുകൊടുക്കന്നതെന്നും മറന്നുപോകരുത്. മാര്‍ സ്രാമ്പിക്കല്‍ ഓര്‍മ്മിപ്പിച്ചു.