Tuesday, January 14, 2025
spot_img
More

    കത്തോലിക്കാ വിശ്വാസികള്‍ ജാഗ്രതയുള്ളവരായിരിക്കുക, സഭയ്‌ക്കെതിരെയും മാര്‍ പാംബ്ലാനിക്കെതിരെയും ശക്തമായ കരുനീക്കങ്ങളുമായി എംപറര്‍ ഇമ്മാനുവലിന്റെ യൂട്യൂബ് ചാനല്‍

    ഇരുതലവാള്‍ എന്ന പ്രയോഗം ബൈബിളിലേതാണ്. ഇരുവശങ്ങളെയും ഒരുപോലെ കീറിമുറിക്കുന്ന വാള്‍ എന്നാണ് അതിനര്‍ത്ഥം. ഇപ്പോഴിതാ ആ പ്രയോഗത്തോട് കൂട്ടുപിടിച്ച് സഭയെയും സഭാധികാരികളെയും തങ്ങളുടെ അബദ്ധസിദ്ധാന്തങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെയും തകര്‍ക്കാനും അപമാനിക്കാനുമായി ഒരു യൂട്യൂബ് ചാനല്‍ ആരംഭിച്ചിരിക്കുന്നു. ഇരുവായ് തലവാള്‍.

    അപവാദങ്ങളും കെട്ടുകഥകളും അസത്യപ്രവചനങ്ങളുമാണ് ഇതിലൂടെ നടന്നുകൊണ്ടിരിക്കുന്നത്. സത്യപ്രവാചകനെന്ന് സ്വയം പ്രഖ്യാപിച്ച് സത്യസഭയില്‍ നിന്ന് വിശ്വാസികളെ അടര്‍ത്തിയെടുത്ത് കൊണ്ടുപോയി അബദ്ധസിദ്ധാന്തങ്ങള്‍കൊണ്ടും അസത്യപ്രഖ്യാപനങ്ങള്‍ കൊണ്ടും പെട്ടകത്തില്‍ തളച്ചിടുന്ന മൂരിയാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എംപറര്‍ ഇമ്മാനുവലിന്റെ ആഭിമുഖ്യത്തിലാണ് ഈ ചാനല്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് ലഭിച്ചിരിക്കുന്ന വിവരം.

    എംപറര്‍ ഇമ്മാനുവല്‍ എന്നത് ലോകാവസാനത്തിന്റെ പേരില്‍ ജനങ്ങളെ ഭയപ്പെടുത്തി തങ്ങളുടെ അടിമകളാക്കി പണവും സ്വത്തും ആത്മാഭിമാനവും കവര്‍ന്നെടുക്കുന്ന ഒരു കള്‍ട്ടാണ് എന്നത് പരക്കെ കത്തോലിക്കര്‍ക്ക് അറിവുള്ളതാണ.

    ഇതിനെതിരെ പ്രബോധനങ്ങള്‍ നല്കുന്ന മതമേലധ്യക്ഷന്മാരെയും കത്തോലിക്കാവിശ്വാസം പ്രചരിപ്പിക്കുകയും പരിശുദ്ധപിതാവിനെ അംഗീകരിക്കുകയും പരിശുദ്ധ അമ്മയോട് വണക്കം പ്രചരിപ്പിക്കുകയും ചെയ്യുന്ന വിവിധ മാധ്യമശുശ്രൂഷകളെയും അസഭ്യം പറയുകയും ചെയ്യുക എന്നതാണ് എംപറര്‍ ഇമ്മാനുവലിന്‌റെ ഇപ്പോഴത്തെ തലതിരിഞ്ഞ രീതി.

    ഈ അപവാദപ്രചരണങ്ങള്‍ക്കും വ്യക്തിഹത്യകള്‍ക്കും ഇപ്പോള്‍ ഏറ്റവും അധികം ഇരയായി മാറിയിരിക്കുന്നത് തലശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംബ്ലാനിയാണ്. അദ്ദേഹത്തിന്റെ ഹര്‍മാഗൊദേനിലെ വ്യാജപ്രവാചകര്‍ എന്ന പുസ്തകം എംപറര്‍ ഇമ്മാനുവല്‍ ട്രസ്റ്റിന്റെ പ്രബോധനങ്ങളെ തലനാഴിരകീറി അബദ്ധമെന്ന് സ്ഥാപിക്കുന്നതാണ്.

    ഇതിന് പുറമെ തന്റെ പ്രഭാഷണങ്ങളിലൂടെ അദ്ദേഹം എംപറര്‍ ഇമ്മാനുവലിനെതിരെ ശക്തിയുക്തം സംസാരിക്കുകയും ചെയ്യുന്നുണ്ട്. അബദ്ധപ്രബോധകരായ എംപറര്‍ ഇമ്മാനുവലുകാര്‍ക്ക് പാംപ്ലാനിപിതാവിനോട് ദേഷ്യം തോന്നാന്‍ ഇതില്പരം വേറെ കാരണം വല്ലതും വേണോ? മരിയന്‍ പത്രം ഉള്‍പ്പടെയുള്ള വിവിധ കത്തോലിക്കാ ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളുടെ വെബ്‌സൈറ്റുകളിലും ഫേസ്ബുക്ക് പേജുകളിലും കയറിക്കൂടി അവര്‍ക്ക് ഇഷ്ടമില്ലാത്ത ലേഖനങ്ങേേളാ കുറിപ്പുകളോ കൊടുക്കുന്നതിന്റെ പേരില്‍ മാന്യമല്ലാത്ത പ്രതികരണങ്ങള്‍ രേഖപ്പെടുത്തുന്നതുമുതല്‍ അതെഴുതിയവരുടെ ജനയിതാക്കളെ വരെ ചീത്തവിളിക്കുന്നതുവരെയുള്ള വ്യക്തിവിദ്വേഷവും പകയും തീര്‍ക്കുന്നതും എംപറര്‍ ഇമ്മാനുവലിന്റെ ശീലമായിമാറിക്കഴിഞ്ഞിരിക്കുന്നു.

    ഒരുകാലത്ത് എംപറര്‍ ഇമ്മാനുവലില്‍ അംഗമായിരിക്കുകയും പിന്നീട് കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലായപ്പോള്‍ തിരികെ മടങ്ങുകയും ചെയ്തവരും അവരുടെ ശത്രുക്കളാണ്. പരിശുദ്ധ പിതാവും കന്യാമറിയവും ഇക്കൂട്ടര്‍ക്ക് വൈരികള്‍ തന്നെ. തങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് എതിരുനില്ക്കുന്നവരെല്ലാം ശത്രുക്കളായി മാറുന്ന ഈ രീതി ക്രിസ്തീയമേ അല്ല.

    സഭാ വിശ്വാസികള്‍ ഇവരുടെ പ്രബോധനങ്ങളില്‍ നിന്നും യൂട്യൂബ് ചാനലില്‍ നിന്നും അകന്നുനില്ക്കുക. കെണിയില്‍ വീഴാതെ ജാഗരൂകരായിരിക്കുക.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!