മൊസംബിക്ക്: തീവ്രവാദി ആക്രമണത്തിന് ശേഷം കാണാതായ രണ്ടു കന്യാസ്ത്രീകളെ ജീവനോടെയും സുരക്ഷിതരായും കണ്ടെത്തിയതായി ബിഷപ് ലൂയിസ് അറിയിച്ചു. സെന്റ് ജോസഫ് ഓഫ് ചാംബെറി സന്യാസിനി സമൂഹത്തിലെ സിസ്റ്റര്‍ ഐനസ് റാമോസിനെയും സിസ്റ്റര്‍ എലിയാനെ ദ കോസ്റ്റായെയുമാണ് കാണാതായതും 24 ദിവസങ്ങള്‍ക്ക് ശേഷം കണ്ടുകിട്ടിയതും.
ഓഗസ്റ്റ് ആദ്യ ആഴ്ചയിലാണ് ഇസ്ലാമിക തീവ്രവാദികള്‍ തുറമുഖ നഗരങ്ങള്‍ പിടിച്ചെടുത്തത്. തുടര്‍ന്നാണ് കന്യാസ്ത്രീകളെ കാണാതെയായത്. ഇവരെക്കുറിച്ച് ഇത്രയും ദിവസത്തിനിടയില്‍ യാതൊരു വിവരവും ലഭിച്ചിരുന്നില്ല.
പെംബാ രൂപത നിരവധിയായ ഭീകരാക്രമണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. നിരവധി ദേവാലയങ്ങള്‍ അഗ്നിക്കിരയാകുകയും ആളുകളുടെ ശിരച്ഛേദം നടത്തുകയും ചെയ്തിട്ടുണ്ട്. കൂടാതെ നിരവധി പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്.
2017 മുതലുള്ള ആക്രമണങ്ങളില്‍ ആയിരത്തോളം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. രണ്ടു ലക്ഷത്തോളം ആളുകള്‍ പലായനം ചെയ്തിട്ടുമുണ്ട്.