താമരശ്ശേരി: താമരശ്ശേരി, കല്യാണ്‍ രൂപതകളുടെ മുന്‍ ബിഷപ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളിക്ക് വിശ്വാസിസമൂഹം കണ്ണീരോടെ വിട നല്കി. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നടന്ന സംസ്‌കാരശുശ്രൂഷയില്‍ തിരഞ്ഞെടുക്കപ്പെട്ട വൈദികരും അല്മായ പ്രതിനിധികളും രാഷ്ട്രീയ പ്രമുഖരും മാര്‍ ചിറ്റിലപ്പിള്ളിയുടെ കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്.
മേരിമാതാ കത്തീഡ്രലില്‍ നടന്ന സംസ്‌കാരശുശ്രൂഷയുടെ വിവിധ ഘട്ടങ്ങളില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം, ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ആര്‍ച്ച് ബിഷപ് മാര്‍ ജേക്കബ് തൂങ്കുഴി, ബിഷപ്പുമാരായ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, ഡോ വര്‍ഗീസ് ചക്കാലയ്ക്കല്‍, ജോസഫ് മാര്‍ തോമസ്, മാര്‍ തോമസ്തറയില്‍, മാര്‍ ടോണി നീലങ്കാവില്‍, ഡോ. അലക്‌സ് വടക്കും തല എന്നിവര്‍ കാര്‍മ്മികരാകുകയും ശുശ്രൂഷകളില്‍ സന്നിഹിതരാകുകയും ചെയ്തു.
സോഷ്യല്‍ മീഡിയായിലെ തത്സമയ സംപ്രേഷണത്തിലൂടെ നിരവധിപേര്‍ സംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുത്തു.വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കര്‍ദിനാള്‍ പിയെത്രോ പരോളിന്‍ വഴി ഫ്രാന്‍സിസ് മാര്‍പാപ്പ നല്കിയ അനുസ്മരണസന്ദേശം സീറോ മലബാര്‍ സഭ വൈസ് ചാന്‍സലര്‍ ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍ വായിച്ചു.